- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനനം സാധാരണ കുടുംബത്തിൽ; 12-ാം വയസ്സിൽ ബഘംബരി മഠത്തിൽ; നരേന്ദ്രഗിരിയുടെ അരുമശിഷ്യനെ യോഗ പ്രശസ്തനാക്കിയതോടെ കുത്തഴിഞ്ഞ ജീവിതം; പെണ്ണുകേസും; ഭൂമി വിൽപ്പനയെച്ചൊല്ലി തർക്കം, ആത്മഹത്യ; ആനന്ദ് ഗിരി 'വില്ലനാ'യതിന്റെ ഞെട്ടലിൽ വിശ്വാസി സമൂഹം
ന്യൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് ശിഷ്യൻ ആനന്ദ് ഗിരി അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് വിശ്വാസി സമൂഹം. സ്വന്തം ഗുരു നരേന്ദ്രഗിരിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ആനന്ദ് ഗിരിയുടെ ജീവിതം സിനിമക്കഥകൾ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ആനന്ദ് ഗിരിയുടെ പൂർവ്വാശ്രമത്തിലെ പേര് അശോക ലാൽ ചോട്ടിയ എന്നാണ്. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്ന് തന്റെ പന്ത്രണ്ടാം വയസ്സിൽ നരേന്ദ്രഗിരിക്കൊപ്പം ചേർന്ന ആനന്ദ് ഗിരിയെ പിൻഗാമിയെന്ന് നിലയിലാണ് നരേന്ദ്രഗിരി കണ്ടിരുന്നത്.
തന്റെ അരുമശിഷ്യൻ കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് നരേന്ദ്രഗിരിയുടെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. എന്നാൽ നരേന്ദ്രഗിരി ജീവനൊടുക്കില്ലെന്നും തനിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ആനന്ദ് ഗിരിയുടെ വാദം.
നരേന്ദ്രഗിരിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ആനന്ദ് ഗിരിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഏകദേശം 12 മണിക്കൂറോളമാണ് പൊലീസ് സംഘം ആനന്ദ് ഗിരിയെ ചോദ്യംചെയ്തത്. എന്നാൽ നരേന്ദ്രഗിരി ഒരിക്കലും ജീവനൊടുക്കില്ലെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയാണെന്നുമുള്ള വാദത്തിൽ ഉറച്ചുനിൽക്കുന്നതായാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്.
38-കാരനായ ആനന്ദ് ഗിരി യോഗ ഗുരുവെന്ന നിലയിലാണ് പ്രശസ്തി നേടിയത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിന് ഒട്ടേറെ അനുയായികളുണ്ട്. സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. ആനന്ദ് ഗിരിയുടെ പല യോഗ വീഡിയോകളും വൈറലായിരുന്നു.
രാജസ്ഥാനിലെ ഭീൽവാരയിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ആനന്ദ് ഗിരിയുടെ ജനനം. 12-ാം വയസ്സിൽ ആനന്ദ് ഹരിദ്വാറിലെ ഗുരുകുലത്തിൽ ചേർന്നു. ഇവിടെനിന്നാണ് മഹന്ത് നരേന്ദ്രഗിരി ആനന്ദിനെ ബഘംബരി മഠത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. 12-ാം വയസ്സിൽ ബഘംബരി മഠത്തിലെത്തിയ ആനന്ദ് ഗിരി വർഷങ്ങൾക്കകം ഗുരുവിന്റെ പ്രിയപ്പെട്ട ശിഷ്യനായി. മറ്റു ശിഷ്യന്മാരെക്കാളേറെ ഗുരു മഹന്ത് നരേന്ദ്രഗിരിക്ക് അടുപ്പമുണ്ടായിരുന്നതും ആനന്ദിനോടായിരുന്നു. തന്റെ അനന്തരാവകാശിയാക്കാൻ ആനന്ദിനെ ഗുരു പരിഗണിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.
യോഗയിലും പൂജയിലും ആനന്ദ് വളരെ വേഗം പ്രശസ്തി നേടി. നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയിൽ 2007ൽ ആനന്ദിനെ ഉൾപ്പെടുത്തി. പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാൻ ക്ഷേത്രത്തിൽ ഛോട്ടെ മഹാരാജ് എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. യോഗയിലൂടെ സ്വന്തം അനുയായികളെയും വളർത്തിയെടുത്ത് ആനന്ദ് പേരെടുത്തു. യോഗാ തന്ത്രത്തിൽ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനിടെ ആനന്ദ് ചെന്നു പെട്ട വിവാദങ്ങളും ഏറെയായിരുന്നു.ത്യാഗനിർഭരമായ സന്യാസത്തിനു നേർവിരുദ്ധമാണ് ജീവിതശൈലിയെന്നു വിമർശനം. ആത്മീയ യോഗ്യതകളേക്കാൾ ഉല്ലാസ ജീവിതമാണ് ആനന്ദിനെ പ്രശസ്തനാക്കിയത്.
മഠത്തിലെ ശക്തനായി വളർന്നതിനൊപ്പം ആനന്ദിന്റെ ആഡംബരജീവിതവും ചർച്ചയായി. ഇതിനെതിരേ പലകോണുകളിൽനിന്ന് വിമർശനമുയർന്നെങ്കിലും നരേന്ദ്രഗിരി ശിഷ്യനെ കൈവിട്ടിരുന്നില്ല. പതിവായി വിദേശയാത്രകൾ നടത്തിയിരുന്ന ആനന്ദിന് ഇവിടങ്ങളിലെല്ലാം അനുയായികളുമുണ്ടായിരുന്നു. ഫേസ്‌ബുക്ക് പേജിൽ മാത്രം 86000-ലേറെ പേരാണ് ആനന്ദിനെ പിന്തുടരുന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയും യോഗ വീഡിയോകളിലൂടെയും ഫോളോവേഴ്സുമായി സംവദിക്കുകയും ചെയ്തു.
ബ്രിസ്ബെൻ, പാരിസ്, ബെർലിൻ, ഓക് ലാൻഡ്, ലണ്ടൻ തുടങ്ങിയ വിദേശനഗരങ്ങളിൽനിന്നുള്ള ചിത്രങ്ങളും ആനന്ദ് ഗിരി ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. സ്‌കൈ ഡൈവിങ്, റിവർ റാഫ്റ്റിങ് വീഡിയോകളും ഈഫൽ ടവറിന് മുന്നിൽനിന്നുള്ള ദൃശ്യങ്ങളും ഫേസ്‌ബുക്ക് പേജിൽ കാണാം. ജർമൻ ഫെഡറൽ പാർലമെന്റായ ബുണ്ടെസ്ടാഗിന്റെ പ്രധാന്യത്തെക്കുറിച്ചും ഓസ്ട്രേലിയയുടെ ചരിത്രത്തെക്കുറിച്ചും വിശദീകരിക്കുന്ന വീഡിയോകളും ഫേസ്‌ബുക്കിലുണ്ട്.
ആഡംബര കാറുകളിലും വിദേശ രാജ്യങ്ങളിലുമുള്ള ആനന്ദിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരിക്കൽ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതും വലിയ ചർച്ചയായി. വിവാദം കൊടുമ്പിരി കൊണ്ടതോടെ, ഗ്ലാസിലുണ്ടായിരുന്നത് ആപ്പിൾ ജ്യൂസ് ആണെന്നായിരുന്നു വിശദീകരണം. സ്ത്രീകളോടുള്ള മോശമായ സമീപനത്തിലും ആനന്ദ്ഗിരി വാർത്തകളിൽ ഇടം നേടി. മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016ലും 2018ലും രണ്ടു സ്ത്രീകൾ ആനന്ദിനെതിരെ ഓസ്‌ട്രേലിയയിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് 2019 മേയിൽ ആനന്ദ് ഗിരിയെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്യുകയും ഓസ്‌ട്രേലിയൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിന്നീട് കോടതി കുറ്റവിമുക്തനാക്കി.
ഈ വർഷമാദ്യത്തോടെയാണ് ആനന്ദ് ഗിരിയും നരേന്ദ്രഗിരിയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നത്. അഖാഡ പരിഷത്തിന്റെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് നരേന്ദ്രഗിരിക്കെതിരേ ആനന്ദ് ഗിരി ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭൂമി വിൽപ്പനയിൽ ഗുരു തട്ടിപ്പ് നടത്തിയെന്നായിരുന്നു ശിഷ്യന്റെ ആരോപണം. ഇതേച്ചൊല്ലി ഗുരുവും പ്രിയപ്പെട്ട ശിഷ്യനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണു. ഇതോടെ നരേന്ദ്രഗിരി ആനന്ദിന്റെ ശത്രുപക്ഷത്തായി.
ആനന്ദിന്റെ ആരോപണങ്ങൾ ഏറ്റെടുത്ത അനുയായികൾ, നരേന്ദ്ര ഗിരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണവും കൊഴുപ്പിച്ചു.പിന്നീട് മറ്റുചിലർ ഇടപെട്ടാണ് ഈ പ്രശ്നങ്ങൾ പരിഹരിച്ചത്. ഒടുവിൽ നരേന്ദ്രഗിരി ഗുരുവിനോട് മാപ്പ് ചോദിക്കുകയും ചെയ്തു. ഒടുവിൽ, ആനന്ദിനോടു ക്ഷമിക്കുന്നതായി നരേന്ദ്ര ഗിരി പ്രഖ്യാപിച്ചിരുന്നു. ശിഷ്യന്റെ ക്ഷാമപണം സ്വീകരിച്ചതോടെ അദ്ദേഹത്തിന് മഠത്തിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കും നരേന്ദ്രഗിരി പിൻവലിച്ചു. ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിലുള്ള വിലക്കും നീക്കി. എന്നാൽ ഇതിനെല്ലാം പിന്നാലെയാണ് മഹന്ത് നരേന്ദ്രഗിരിയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നരേന്ദ്രഗിരിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും മരിക്കുന്നതിന് മുമ്പ് അദ്ദേഹം റെക്കോഡ് ചെയ്ത വീഡിയോക്ലിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ആനന്ദ് ഗിരിയുടെയും മറ്റ് രണ്ട് ശിഷ്യന്മാരുടെയും പേരുകളാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നത്. ആനന്ദ് ഗിരി സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായും തന്നെ അപകീർത്തിപ്പെടുത്താൻ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭയന്നിരുന്നതായും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, ഈ കുറിപ്പും ആരോപണങ്ങളുമെല്ലാം തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നാണ് ആനന്ദ് ഗിരിയുടെ വാദം. വളരെ ചുരുക്കം കാര്യങ്ങൾ മാത്രം എഴുതുന്ന ഗുരു ഒരിക്കലും സ്വന്തം കൈപ്പടയിൽ ഏഴ് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയെന്നത് വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസിൽ ഏറെ ദുരൂഹതകൾ ബാക്കിനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്