മംഗളൂരു: ധർമ്മഗുഡി ഗ്രാമത്തിലെ സുന്ദരിയായിരുന്നു അവൾ. അതുകൊണ്ടു തന്നെ യുവാക്കളുടേയെല്ലാം വിവാഹസ്വപ്നത്തിലെ റാണിയായിരുന്നു. എന്നാൽ നറുക്കു വീണത് ബൽത്തങ്ങാടിക്കടുത്ത മലവിന്ദഗെ സ്വദേശി സുരേഷ് നായ്ക്കിനായിരുന്നു. മുപ്പതുകാരനായ സുരേഷും യുവതിയുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ അതിനിടെയാണ് ഭാര്യയും രണ്ടു മക്കളുമുള്ള ധർമ്മഗുഡിയിലെ ആദിശക്തി മഹാമയി ക്ഷേത്ര പൂജാരി ആനന്ദ് നായിക്കിന് യുവതിയിൽ ഭ്രമമുണ്ടായത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുമ്പോഴും മറ്റും അയാൾ യുവതിയുമായി അടുക്കാൻ ശ്രമിക്കുമ്പോൾ അവൾ അവഗണിക്കുകയായിരുന്നു. പൂജാരിയെന്ന അധികാരം ഉപയോഗിച്ച് രണ്ടാം ഭാര്യയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷ് നായിക്കുമായുള്ള വിവാഹബന്ധം ഉറപ്പിച്ചത്.

കല്യാണത്തിന് സർക്കാർ സഹായ പദ്ധതിയായ ഗംഗാ കല്യാൺ പ്രകാരം പണം സംഘടിപ്പിച്ചു തരാമെന്നു പറഞ്ഞ് സുരേഷ് നായിക്കിനെ പൂജാരി വിളിച്ചു വരുത്തി. വിവാഹത്തിൽ നിന്നും പിന്മാറാനായിരുന്നു പൂജാരി ഈ തന്ത്രം പയറ്റിയത്. ക്ഷേത്ര പൂജാരിയുടെ വ്യാമോഹത്തിൽ കുടുങ്ങിയ സുരേഷ് പൂജാരിയുടെ നിർദേശപ്രകാരം ഉജ്റേ എന്ന സ്ഥലത്ത് എത്തുകയായിരുന്നു.

അവിടെയെത്തിയ സുരേഷിനോട് ഈ വിവാഹത്തിൽ നിന്നും പിൻതിരിയണമെന്നും പൂജാരി ആനന്ദ് നായിക്ക് ആവശ്യപ്പെട്ടു. എന്നാൽ സുരേഷ് അതിന് വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല ഭാര്യയും രണ്ടു മക്കളുമുള്ള താങ്കൾ ഇങ്ങനെ പ്രവർത്തിക്കരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തന്റെ ഇംഗിതത്തിന് തടസ്സം നിൽക്കുമെന്നറിഞ്ഞ സുരേഷ് നായിക്കിനെ നേരിടാൻ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു.

സുരേഷ് വഴങ്ങുന്നില്ലെന്ന അറിഞ്ഞതോടെ അയാളെ നേരിടാൻ തയ്യാറായി നിന്ന അഞ്ചു സുഹൃത്തുക്കൾ കൂടി പൂജാരിയുടെ നിർദേശപ്രകാരം ബലമായി കാറിൽ പിടിച്ചു കയറ്റി. കഴുത്തിൽ നൈലോൺ കയറു കൊണ്ട് മുറുക്കുകയും ചെയ്തു. അവശനായ സുരേഷ് നായിക്കിനെ ധർമ്മസ്ഥലക്കടുത്ത പത്രാമിയിലെത്തിച്ച് വിജനസ്ഥലത്തു വച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ അടുത്ത ദിവസം തന്നെ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല.

സുരേഷിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ ബൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽ കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ധർമ്മസ്ഥല പൊലീസിന്റെ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് പ്രതിശ്രുത വരനായ സുരേഷ് നായിക്കാണെന്ന് വ്യക്തമാവുകയും ചെയ്തു. എ.എസ്. പി. രവേഷും ബൽത്തങ്ങാടി സിഐ നാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചതോടെ പ്രതികൾ വലയിലാവുകയായിരുന്നു.

നാല് ദിവസം കൊണ്ടു തന്നെ പൂജാരിയായ ആനന്ദ് നായിക്കും കൂട്ടു പ്രതികളായ നാഗരാജ്, പ്രകാശ്, ലോകേഷ്, വിനയ്, പ്രവീൺ, എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് പതിനയ്യായിരം രൂപയുടെ പാരിതോഷികവും എ.എസ്. പി. രമേഷ് പ്രഖ്യാപിച്ചു.