മുംബൈ: ഒടുവിൽ അത് ഒഫീഷ്യലായി. നേരത്തെ വന്ന സൂചനകൾ പോലെ തന്നെ എൻഎസ്ഇ മാനേജിങ് ഡയറക്ടറും, സിഇഒയും ആയിരുന്ന ചിത്ര രാമകൃഷ്ണന്റെ ഗുരുവായ അജ്ഞാത യോഗിയെ കണ്ടെത്തി. മുൻ ദേശീയ സ്റ്റോക്ക് എക്സചേഞ്ച് ഗ്രൂപ്പ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനാണ് ആ യോഗി. ഇയാളെ സിബിഐ അറസ്റ്റ് ചെയ്തു. സ്റ്റോക്ക് മാർക്ക്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സെബി പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയായിരുന്നു അറസ്റ്റ്. ചെന്നൈയിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ആനന്ദ് സുബ്രഹ്മണ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സിബിഐ വൃത്തങ്ങളും വ്യക്തമാക്കി.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സെർവർ ദുരുപയോഗം ചെയ്ത് ഒരു സ്വകാര്യ കമ്പനിക്ക് ഡാറ്റ ലഭ്യമാക്കിയെന്നതാണ് ക്രമക്കേട്. 2018ലാണ് സംഭവം പുറത്തുവരുന്നത്. 'ചാണക്യ' എന്ന പേരിലുള്ള അൽഗോരിതമിക് ട്രേഡിങ് സോഫ്റ്റ്‌വെയർ പാക്കേജ് വഴിയാണ് എക്സ്ചേഞ്ചിന്റെ സെർവറിൽ നിന്ന് മാർക്കറ്റ് ഡാറ്റ ഫീഡിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം നൽകിയത്. 2010-12 കാലയളവിൽ, കമ്പനിക്ക് 'കോ-ലൊക്കേഷൻ' സൗകര്യം വഴി എൻഎസ്ഇയുടെ സെർവർ ആർക്കിടെക്ചറിലേക്ക് പ്രവേശനം ലഭിച്ചു. ഇത് മറ്റ് ബ്രോക്കർമാർക്ക് മുമ്പായി സെർവറിലേക്ക് ആദ്യം ലോഗിൻ ചെയ്യാൻ സ്വകാര്യ കമ്പനിയെ അനുവദിച്ചു.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും, ഉയർന്ന ശമ്പളം നിശ്ചയിച്ചതും വഴിവിട്ട് നിരവധി ആനുകൂല്യങ്ങൾ നൽകിയതും എല്ലാം അജ്ഞാത യോഗിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ മുതൽ ശമ്പളം വരെ നിശ്ചയിച്ചിരുന്നതും ഈ അജ്ഞാതനാണ്. എന്നാൽ ഒരിക്കൽ പോലും ചിത്ര രാമകൃഷ്ണൻ ഇയാളെ നേരിൽ കണ്ടിട്ടില്ല. ആൾക്കു രൂപമില്ലെന്നും, തന്റെ ആത്മീയ ശക്തിയാണ് എന്നുമൊക്കെ ചിത്ര പറയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ അന്തം വിട്ടുപോയിരുന്നു.

എന്നാൽ, ആനന്ദ് rigyajursama@outlook.com എന്ന മെയിൽ ഐഡി സൃഷ്ടിച്ചതിന് തെളിവുണ്ടെന്നും സിബിഐ പറഞ്ഞു. rchitra@icloud.com എന്ന മെയിൽ ഐഡിയിൽനിന്ന്എ rigyajursama@outlook.com ന്ന മെയിൽ ഐഡിയിലേക്ക് 2013 നും 2016 നും ഇടയിൽ ചിത്ര എൻഎസ്ഇയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പങ്കിട്ടു. ഈ മെയിലുകളിൽ ചിലത് ആനന്ദിന്റെ മറ്റൊരു മെയിൽ ഐഡിയിലേക്കും പോയി. ആനന്ദിന്റെ മെയിൽ ഐഡികളിൽനിന്ന് മെയിലുകളുടെ സ്‌ക്രീൻഷോട്ടുകൾ കണ്ടെടുത്തു.

സിദ്ധപുരുഷൻ അഥവാ പരമഹംസൻ

തന്റെ ആത്മീയ ഗുരു സിദ്ധ പുരുഷൻ അഥവാ പരമഹംസൻ എന്നാണ് ചിത്ര വിശേഷിപ്പിക്കാറുള്ളത്. ഭൗതിക രൂപമില്ല. എന്നാൽ, സ്വന്തം ഇച്ഛപ്രകാരം ഭൗതിക രൂപം കൈവരിക്കാനും ആകും. ഹിമാലയത്തിൽ വസിക്കുന്ന ആത്മീയ ഗുരു കഴിഞ്ഞ 20 വർഷമായി തന്നെ നയിക്കുന്ന ആത്മീയ ശക്തിയാണ്. ഇതൊക്കെ അവരുടെ വിശ്വാസമെന്ന് കരുതാമെങ്കിലും, യോഗിയുമായി( ആനന്ദ് സുബ്രഹ്മണ്യം) ഉള്ള ഇ-മെയിലുകൾ വായിച്ചാൽ വീണ്ടും ആശയക്കുഴപ്പമാകും. വ്യക്തിപരമായ കാര്യങ്ങൾ, വേഷം, സൗന്ദര്യം എല്ലാം ചർച്ച ചെയ്തുപോകുന്നു.

കടങ്കഥ പോലെ ഇ-മെയിലുകൾ

അജ്ഞാതനായ യോഗിയും ചിത്ര രാമകൃഷ്ണയും തമ്മിലുള്ള ഇ-മെയിലുകളിൽ ആശയവിനിമയത്തിന് കോഡ് ഉപയോഗിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. എൻഎസ്ഇയുടെ നടത്തിപ്പിൽ ചിത്രയ്ക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതെന്ന് കരുതാവുന്ന മെയിലുകളിൽ വിചിത്രമായ പല ഭാഗങ്ങളും കാണാം. ഉദാഹരണത്തിന് 2017 ഫെബ്രുവരിയിൽ ഗുരു ചിത്ര രാമകൃഷ്ണയ്ക്ക് എഴുതി: ' ബാഗുകൾ ഒരുക്കി വച്ചോളൂ....ഞാൻ അടുത്ത മാസം സെയ്ഷെൽസിലേക്ക് ഒരു യാത്ര പോകുന്നു. കാഞ്ചൻ, കാഞ്ചനയ്ക്കും, ഭാർഗ്ഗവയ്ക്കും ഒപ്പം ലണ്ടനിലേക്ക് പോകും മുമ്പും, നീ രണ്ടുകുട്ടികൾക്കൊപ്പം ന്യൂസിലൻഡിലേക്ക് പോകും മുമ്പും എനിക്കൊപ്പം വരാൻ പരിശ്രമിക്കാം. ഹോങ്കോങ്ങോ, സിംഗപ്പൂരോ ആണ് നല്ല ട്രാൻസിറ്റ് പോയിന്റ്. നിങ്ങൾക്ക് നീന്തൽ അറിയാമെങ്കിൽ നമുക്ക് കടലിലുള്ള കുളിയും ബീച്ചുമെല്ലാം ആസ്വദിക്കാം' എന്ന വാക്കുകളും 2015 ഫെബ്രുവരി 17-ന് അയച്ച ഇ-മെയിലിലുണ്ട്.

ഈ ഇ-മെയിൽ അന്വേഷകരെ കുഴയ്ക്കുന്നു. കാരണം 2014 മുതൽ ഇന്ത്യക്കും സെയ്ഷെൽസിനും ഇടയിൽ നേരിട്ടുള്ള ഫ്ളൈറ്റുണ്ട്. ഇനി അഥവാ ഇല്ലെങ്കിൽ തന്നെ ദുബായിയും, ശ്രീലങ്കയും ആണ് ഇന്ത്യയിൽ നിന്ന് സെയ്ഷെൽസിലേക്കുള്ള മാറി കയറാവുന്ന പോയിന്റുകൾ. എന്നാൽ, ഗുരുവാകട്ടെ, സിങ്കപ്പൂരോ ഹോങ്കോങ്ങോ വഴി സെയ്ഷെൽസിലേക്ക് പോകാമെന്നാണ് പറയുന്നത്..അവിടെ നിന്ന് അന്ന് നേരിട്ടുള്ള ഫ്ളൈറ്റുകൾ ഇല്ലെങ്കിലും. മാത്രമല്ല, ചുറ്റിയുള്ള യാത്ര 10 മണിക്കൂറെടുക്കും. ഇതിനൊപ്പം ഇന്ത്യയിൽ നിന്ന് സിങ്കപ്പൂരിലേക്കോ, ഹോങ്കോങ്ങിലേക്കോ. മൂന്നു മുതൽ നാല് മണിക്കൂർ വരെ യാത്രാ സമയവും എടുക്കും. ഈ വളഞ്ഞ വഴി, യാത്രാ വിവരങ്ങൾ മറച്ചുവയ്ക്കാൻ ആയിരുന്നോ എന്നാണ് അന്വേഷകർ പരിശോധിക്കുന്നത്.

ചിത്ര രാമകൃഷ്ണയ്ക്ക് രണ്ടുകുട്ടികളില്ല. ഒരു മകൾ മാത്രമേയുള്ളു. അപ്പോൾ മെയിലിൽ പറയുന്നത്? ശരിക്കും ഇവർക്ക് രണ്ടുകുട്ടികളുണ്ടോ..അതോ വേറെ എന്തിന് എങ്കിലും ഉള്ള കോഡാണോ എന്നൊക്കെയാണ് പരിശോധിക്കുന്നത്. ചിത്ര രാമകൃഷ്ണ എൻഎസ്ഇ സിഒഒ ആയി ആനന്ദ് സുബ്രഹ്മണ്യത്തെ നിയമിച്ചിരുന്നു. സെബിയുടെ കണ്ടെത്തൽ പ്രകാരം കാഞ്ചനും കാഞ്ചനയും ആനന്ദും ഭാര്യയുമാണ്. അവർ അന്ന് എൻഎസ്ഇ ചെന്നൈ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. യോഗിയുടെ ആവശ്യപ്രകാരം ദമ്പതികൾ എന്തിന് ലണ്ടനിൽ പോകണം, ചിത്ര കുട്ടികൾക്കൊപ്പം എന്തിന് ന്യൂസിലൻഡിൽ പോകണം, എന്നീ ചോദ്യങ്ങൾ അവശേഷിക്കുന്നു.

സെയ്ഷൽസ് നികുതി വെട്ടിപ്പുകാരുടെ സ്വർഗരാജ്യം

ഇന്ത്യാക്കാർക്ക് മൗറീഷ്യസും, സിങ്കപ്പൂരും, സ്വിറ്റ്സർലണ്ടും, ഒക്കെയാണ് ഇഷ്ടപ്പെട്ട നികുതി വെട്ടിപ്പ് കേന്ദ്രങ്ങൾ. കള്ളപ്പണം വെളിപ്പെടുത്താൻ സെയ്ഷെൽസുമായി ഇന്ത്യക്ക് കരാറില്ലാത്ത കാലത്താണ് യോഗിയുടെ മെയിലുകൾ. 2015 ഓഗസ്റ്റിലാണ് ഇന്ത്യ സെയ്ഷെൽസുമായി വിവരം പങ്കുവയ്ക്കാൻ കരാറൊപ്പിട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഭരണ, രാഷ്ട്രീയ, നിയമ സംവിധാനങ്ങളെ കുറിച്ച് നല്ല ധാരണയുള്ള ആൾ മാത്രമേ, സെയ്ഷെൽസ് എന്ന സുരക്ഷിത നികുതി വെട്ടിപ്പ് കേന്ദ്രം തിരഞ്ഞെടുക്കുകയുള്ളു.

ചിത്ര യോഗിയുടെ അടിമയെ പോലെ

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന തീരുമാനങ്ങളും ചിത്ര എടുത്തിരുന്നത് യോഗിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു. മാത്രമല്ല, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും ഇയാളുമായി പങ്കുവെച്ചു. രഹസ്യവിവരങ്ങളും ഡിവിഡന്റ്, സാമ്പത്തിക റിപ്പോർട്ട്, എച്ച്.ആർ. പോളിസി, സെബിക്ക് നൽകേണ്ട മറുപടികൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് അജ്ഞാതനായ യോഗിയുമായി ചിത്ര പങ്കുവെച്ചത്. [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് ചിത്ര വിവിധ സന്ദേശങ്ങൾ അയച്ചിരുന്നത്. അജ്ഞാതനായ യോഗി ചിത്രയുടെ ഓരോ ഇ-മെയിലുകൾക്കും ഈ മെയിൽ ഐ.ഡി.യിലൂടെ മറുപടി നൽകി.

[email protected] എന്ന ഇ-മെയിൽ വിലാസത്തിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഹിമാലയത്തിൽ വസിക്കുന്ന സിദ്ധപുരുഷൻ/യോഗി ആണെന്ന് ചിത്ര മറുപടി നൽകിയത്. തീർത്ഥാടന കേന്ദ്രങ്ങളിലെ വിവിധ ചടങ്ങുകളിൽ വെച്ച് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു. എന്നാൽ ഹിമാലയത്തിൽ കഴിയുന്ന യോഗി എങ്ങനെയാണ് നിരന്തരം ഇ-മെയിലുകളിലൂടെ ബന്ധപ്പെട്ടിരുന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തെപ്പോലെയുള്ള ആത്മീയ ശക്തികൾക്ക് അതെല്ലാം കഴിയുമെന്നായിരുന്നു മറുപടി.

20 വർഷം മുമ്പ് ഗംഗാതീരത്ത് വച്ചാണ് ആദ്യമായി യോഗിയെ കാണുന്നത്. പിന്നീട് വർഷങ്ങളോളം അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഉപയോഗപ്പെടുത്തി. അദ്ദേഹം കൃത്യമായി എവിടെയാണുള്ളതെന്ന് തനിക്കറിയുമായിരുന്നില്ല. ആവശ്യമുള്ളപ്പോൾ അദ്ദേഹത്തിന്റെ മാർഗനിർദ്ദേശം തേടാനുള്ള ഒരു വഴിയുണ്ടാക്കണമെന്ന് താൻ ആവശ്യപ്പെട്ടു. തുടർന്നാണ് അദ്ദേഹം ഇ-മെയിൽ ഐ.ഡി. കൈമാറിയതും താൻ സന്ദേശങ്ങൾ അയച്ചതെന്നും ചിത്ര സെബിയോട് പറഞ്ഞിരുന്നു.

അജ്ഞാത യോഗി?

ആത്മീയ ഗുരുവും ആനന്ദ് സുബ്രഹ്മണ്യവും ഒരേ ആൾ തന്നെയെന്ന് സെബി നേരത്തെ കണ്ടുപിടിച്ചിരുന്നു. എൻഎസ്ഇയിൽ ചേരും മുമ്പ് ഇയാൾ ബാമർ ആൻഡ് ലോറിയിലെ മധ്യനിര ജീവനക്കാരൻ മാത്രമായിരുന്നു. ഓഹരി വിപണിയിൽ പരിചയവും ഉണ്ടായിരുന്നില്ല. 2018 ൽ എൻഎസ്ഇ സെബിക്ക് അയച്ച കത്തിൽ പറയുന്നത്, റിഗ്യജുർസാമ എന്ന കള്ളപ്പേരിൽ തന്റെ ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്താൻ ഒരു വ്യക്തിത്വം സൃഷ്ടിച്ച ആനന്ദ് സുബ്രഹ്മണ്യം ചിത്ര രാമകൃഷ്ണയെ ചൂഷണം ചെയ്യുക ആയിരുന്നുവെന്നാണ്.

പലരൂപത്തിലും ഭാവത്തിലും ചിത്ര വിശ്വസിച്ച ആനന്ദ് അവരെ ചൂഷണം ചെയ്തു. ഒന്ന് ആനന്ദ് എന്ന വിശ്വസ്തനായി. രണ്ട് റിഗ്യജുർസാമ എന്ന അജ്ഞാത ഗുരുവായി. [email protected] ഐഡി ആനന്ദിന്റെയാണെന്ന് എൻഎസ്ഇ അവകാശപ്പെടുന്നു. ആനന്ദിനും 22 വർഷമായി ഈ അജ്ഞാതനെ അറിയാം എന്ന വസ്തുത കണക്കിലെടുത്താണ് ഈ അനുമാനം. ചിത്രയും, യോഗിയും തമ്മിലുള്ള ഇമെയിലുകൾ ആനന്ദിനും കിട്ടിയിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്നതിൽ ആനന്ദിന് ഒഴിവ് കൊടുക്കാൻ ഒരു മെയിലിൽ യോഗി ചിത്രയ്ക്ക് നിർദ്ദേശം നൽകുന്നു. മറ്റൊരു മെയിലിൽ തനിക്ക് ഭൂമിയിൽ അവതരിക്കാൻ കഴിഞ്ഞാൽ അതിന് കാഞ്ചനാണ് ഏറ്റവും യോഗ്യനെന്നും പറയുന്നു. ഞാനപ്പോഴും അങ്ങയെ ജി യിലൂടെയാണ് ദർശിക്കുന്നത് എന്നും വ്യത്യാസം തിരിച്ചറിയാൻ സ്വയം വെല്ലുവിളിക്കാറുണ്ടെന്നും ആണ് ചിത്രയുടെ മറുപടി. ടഛങ എന്നാൽ ചിത്ര രാമകൃഷ്ണ. കാഞ്ചൻ, ജി എന്നിവ ആനന്ദിനെയും ഇമെയിലിൽ ധ്വനിപ്പിക്കുന്നു,.

2019 ഏപ്രിലിലാണ് എൻ.എസ്.ഇയിലെ വിവിധ ക്രമക്കേടുകൾ സെബി കണ്ടെത്തിയത്. മാത്രമല്ല, ശമ്പളയിനത്തിൽ ചിത്ര വൻതുക കൈക്കലാക്കിയതായും സെബി കണ്ടെത്തിയിരുന്നു ചിത്രയ്ക്ക് ഉയർന്ന ശമ്പളം നൽകാനായി ചട്ടങ്ങളിൽ മാറ്റംവരുത്തിയതിന് 50 ലക്ഷം രൂപയാണ് എൻ.എസ്.ഇ.യ്ക്ക് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. എം.ഡി.യായിരുന്ന കാലത്ത് വെറും മൂന്ന് വർഷം കൊണ്ട് 44 കോടി രൂപയാണ് ചിത്ര ശമ്പളമായി വാങ്ങിയതെന്ന് സെബി കണ്ടെത്തിയിരുന്നു. മാത്രമല്ല, അവസാനത്തെ എട്ടുമാസം 23 കോടി രൂപ കൂടെ അധികമായി കൈപ്പറ്റിയെന്നും കണ്ടെത്തി. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ ലിസ്റ്റഡ് കമ്പനികളുമായോ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റിയൂഷനുകളുമായോ സഹകരിക്കുന്നതിൽനിന്ന് ചിത്രയെ സെബി അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു.

2022 ഫെബ്രുവരി 11-ന് ചിത്ര അടക്കമുള്ള മുൻ ഉദ്യോഗസ്ഥർക്ക് കോടികളാണ് സെബി പിഴ ചുമത്തിയത്. എൻ.എസ്.ഇ. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസറായും എം.ഡി.യുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ച കേസിലായിരുന്നു സെബിയുടെ നടപടി. ചിത്രയ്ക്ക് മൂന്ന് കോടിയും എൻ.എസ്.ഇ, നരേയ്ൻ എന്നിവർക്ക് രണ്ടുകോടിയും പിഴ ചുമത്തി.

ഫെബ്രുവരി 11-ന് പുറത്തിറക്കിയ സെബിയുടെ ഉത്തരവിലാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചിത്ര ഒരു യോഗിയുമായി കൈമാറിയതിന്റെ വിവരങ്ങളുള്ളത്. എൻ.എസ്.ഇയെ നിയന്ത്രിച്ചിരുന്നത് ഈ അജ്ഞാത വ്യക്തിയാണെന്നും ചിത്ര രാമകൃഷ്ണ ഇയാളുടെ കൈയിലെ കളിപ്പാവയായിരുന്നു എന്നുമാണ് സെബിയുടെ റിപ്പോർട്ടിലുള്ളത്.