ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേൽ മദ്ധ്യപ്രദേശ് ഗവർണറായി സ്ഥാനമേറ്റു. മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നിന്നും ചാർട്ടേർഡ് ബസിലാണ് ആനന്ദിബെൻ പട്ടേൽ ഭോപ്പാലിലെത്തിയത്. ആനന്ദിബെൻ ഉജ്ജെയിനിലെ മഹാകാളി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു. ഇതുവരെ ഗുജറാത്ത് ഗവർണർ ഓം പ്രകാശ് കോഹ്ലിക്കായിരുന്നു മദ്ധ്യപ്രദേശ് ഗവർണറുടെ അധിക ചുമതല.

ജനുവരി 19നാണ് ആനന്ദിബെന്നിനെ മദ്ധ്യപ്രദേശ് ഗവർണറായി ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത്. 2014 മുതൽ 2016 ഓഗസ്റ്റ് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു ആനന്ദിബെൻ പട്ടേൽ. 76 വയസാണ്. ആനന്ദിബെൻ പട്ടേൽ രാജിവെച്ചതിനെ തുടർന്ന് വിജയ് രുപാനി ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു.