ജയ്പുർ: അധോലോക നേതാവ് അനന്ത് പാൽ സിങ്ങ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാനിൽ കലാപം പടരുന്നു. രജപുത്ര സമുദായം നടത്തുന്ന പ്രതിഷേധത്തിൽ എസ്‌പി അടക്കം 16 പേർക്ക് പരിക്കേറ്റു. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിനെ തുടർന്ന് നാഗോർ, ചൗരു, ശികാർ, ബികാനീർ ജില്ലകളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രതിഷേധക്കാർ നാഗൂർ എസ്‌പി പാരിസ് ദേശ്മുഖിന്റെ വാഹനത്തിന് നേരെ വെടിയുതിർത്തുവെന്നും പൊലീസുകാർക്കെതിരെ ആക്രമണം നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകുന്നേരം സന്ത്വാര ഗ്രാമത്തിലായിരുന്നു സംഭവം. എസ്‌പിയും അഡീഷണൽ എസ്‌പിയും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പൊലീസുകാരെ ജയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊലീസുകാർക്ക് പുറമേ നാല് പ്രതിഷേധക്കാർക്കും പരിക്കേറ്റുവെന്ന റിപ്പോർട്ടുകൾ പൊലീസ് നിരാകരിച്ചു.

എസ്‌പിയുടെ വാഹനം ആക്രമിച്ചതിനെ തുടർന്ന് പൊലീസ് ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണെന്നും ഇതിനായി സാധാരണ ജനങ്ങളോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. റെയിൽവേ ട്രാക്ക് ഉപരോധിച്ച പ്രതിഷേധക്കാരെ ഒഴിപ്പിച്ചതായും പൊലീസ് അറിയിച്ചു.

ജൂൺ 24ന് അനന്ത് പാൽ സിങ്ങ് കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം നടത്തിയത്. പൊലീസിൽ കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ശേഷമാണ് അനന്ത്പാൽ കൊല്ലപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. അനന്ത്പാലിന്റെ മൃതദേഹം സംസ്‌കരിക്കാൻ കുടുംബം ഇതുവരെ തയ്യാറായിട്ടില്ല.