- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; സ്വമേധയാ കേസെടുത്തു യുവജന കമ്മീഷനും; അനന്യയുടേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം; ചികിത്സ പിഴവുണ്ടായോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്
കൊച്ചി: ട്രാൻസ്‌ജെൻഡർ അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
അതേസമയം അനന്യ കുമാരിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തനിക്ക് നേരിടേണ്ടി വന്നതായി അനന്യ സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയോട് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.
ചില സ്വകാര്യ ആശുപത്രികൾ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ പേരിൽ ആളുകളെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതായ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും അനന്യകുമാരിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സമഗ്രമായ പരിശോധനക്ക് വിധേയമാക്കി ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.
അതേസമയം ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട അനന്യ കുമാരി അലക്‌സിന്റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാരേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായതായും താൻ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ അനുഭവിക്കുകയാണെന്നും അനന്യ മരണത്തിന് മുമ്പ് വ്യക്തമാക്കിയിരുന്നു. 2020 ജൂണിലായിരുന്നു സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിട്ടത്. ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ മരണത്തിന് മുമ്പായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റെനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. രണ്ടുലക്ഷത്തി അമ്പത്തിയഞ്ചു രൂപയോളം ചെലവായി. കുടലിൽ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിർമ്മിക്കുന്ന രീതിയിലായിരുന്നു സർജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ പ്രശ്‌നങ്ങൾ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സർജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്.
ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാമോ ചുമക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു -അനന്യ പറയുന്നു. ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോൾ നോക്കാം, ഡോക്ടർമാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞുവെന്നും ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കിൽ അടിയന്തിരമായി നടപടിയെടുത്തേനെയെന്നും അനന്യ മരണത്തിന് മുമ്പ് പറഞ്ഞിരുന്നു. അനന്യയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ് ജെൻഡർ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. റെനൈ ആശുപത്രിയിലെ ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവർ ആരോപിക്കുന്നു.
അതേസമയം, അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി റെനൈ മെഡിസിറ്റി രംഗത്തെത്തി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയിൽ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ