പൃഥ്വിരാജിന്റെ സമയമാണ് സമയം. മുമ്പൊക്കെ അത്യാവശ്യം കൊള്ളാവുന്ന പടങ്ങൾ ഇറക്കിയാലും ആദ്യദിവസം തൊട്ട് തുടങ്ങുന്ന കുപ്രചാരണങ്ങളിൽപെട്ട് ചീറ്റിപ്പോവാനായിരുന്നു പൃഥ്വി ചിത്രങ്ങളുടെ വിധി. എന്നാൽ ഇപ്പോൾ ശരിക്കും രാജു തരംഗം മലയാള സിനിമയിൽ ആഞ്ഞടിക്കയാണ്. അതിന്റെ ശരിക്കുമുള്ള ഗുണഭോക്താവാണ് സച്ചി-സേതു രചനാ ഇരട്ടകളിലെ സച്ചി എഴുതി സംവിധാനംചെയ്ത 'അനാർക്കലി'.

ഒരുപാട് കുഴപ്പങ്ങൾ ഉണ്ടെങ്കിലും, ബോറടിയില്ലാത്ത ഒരു ശരാശരി ചിത്രം മാത്രമാണെങ്കിലും 'അനാർക്കലി' അതർഹിക്കാത്തരീതിയിൽ വൻ ബോക്‌സോഫീസ് ഹിറ്റാവുകയാണ്. പക്ഷേ നമ്മുടെ 'അമർ അക്‌ബർ അന്തോണിയൊക്കെ' വച്ചുനോക്കുമ്പോൾ ഈ പടം സ്വർഗമാണ്. മിമിക്രി സ്‌കിറ്റുകളുടെ നിലവാരത്തിലുള്ള കോമഡി കുത്തിക്കയറ്റി വെറുപ്പിച്ചിട്ടും 'അമർ അക്‌ബർ' ഒരു വലിയ വിജയമായി. പൃഥ്വിരാജിന്റെ സമയം എന്നല്ലാതെ എന്തുപറയാൻ!

'എന്ന് നിന്റെ മൊയ്തീൻ' എന്ന ബ്‌ളോക്ക് ബസ്റ്റർ ചലച്ചിത്രത്തിനുശേഷം തുടർച്ചയായ രണ്ട് ഹിറ്റുകൾകൂടി വന്നതോടെ ശരിക്കും സൂപ്പർതാര പദവിയിലേക്ക് നീങ്ങുകയാണ് രാജു. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും നഷ്ടമായിക്കൊണ്ടിരിക്കുന്ന മിനിമം ഗ്യാരണ്ടി, പ്രേക്ഷകർ ഇന്ന് പ്രതീക്ഷിക്കുന്നത് രാജുവിലാണ്. പൃഥ്വിരാജ് ഒരു പടം സ്വീകരിച്ചാൽ അത് പറ്റെ മോശമാവില്ലെന്ന് പ്രേക്ഷകർക്ക് ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു.

സൗന്ദര്യശാസ്ത്രപരമായി ഇഴകീറി വിലയിരുത്തുമ്പോൾ, ഭൂരിഭാഗവും ലോജിക്കിന് വലിയ പ്രാധാന്യം നൽകാത്ത പൊട്ടപ്പടങ്ങൾ ആണെങ്കിലും ( 'റോബിൻഹുഡ്ഡ്', 'ഡബിൾസ്','ചേട്ടായീസ്'മുതലായവ ) 'സീനിയേഴ്‌സ്', 'റൺബേബി റൺ' തുടങ്ങിയ വിജയ സിനിമകളും ഉണ്ടാക്കിയ എഴുത്തുജോടിയാണ് സച്ചി-സേതു. ഇവരിൽ സച്ചി ഒറ്റക്കുണ്ടാക്കിയ 'അനാർക്കലി' അവരുടെ പഴയകാല ഫോർമുലാ സിനിമകളിൽനിന്ന് രചനാപരമായി ഏറെയൊന്നും മാറുന്നില്ല. എന്നാലും ലക്ഷദ്വീപിന്റെ പ്രകൃതിസുന്ദരമായ ക്യാമറയും, അലോസരങ്ങളില്ലാത്ത കഥാകഥനവും, മോശമില്ലാത്ത നർമ്മവും, താരങ്ങളുടെ മികച്ചപ്രകടനവും, ചങ്കിൽ തറക്കുന്ന ഗാനങ്ങളുമായി സച്ചി ഈ ചിത്രത്തെ മികച്ചൊരു എന്റർടെയിനർ ആക്കിയിരിക്കുന്നു. അതുമതി.ബാക്കി ഓളം പ്രഥ്വീരാജ് തരംഗം ഉണ്ടാക്കിക്കോളും!

ഇത് ലക്ഷദ്വീപിലേക്ക് കുടിയേറിയ മൊയ്തീന്റെ കഥ!

ടിയാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് ആഷിക്ക് അബുവിന്റെ 'ടാ തടിയായിൽ' പറയുന്നപോലെ ത്യാഗമാണ് ഇപ്പോഴത്തെ ട്രെൻഡ്. മൊയ്തീനും കാഞ്ചനമാലയും പ്രണയസാഫല്യത്തിനായി മൂന്നുപതിറ്റാണ്ടാണ് കാത്തിരുന്നെങ്കിൽ, 'അനാർക്കലിയിലെ' നായകൻ ശന്തനുവും (പൃഥ്വിരാജ്), നായിക നാദിറ ഇമാമും (പ്രിയാൽ ഗോർ) ഇക്കാര്യത്തിനായി ഒന്നരപ്പതിറ്റാണ്ടാണ് കാത്തിരിക്കുന്നത്. വൈവിധ്യങ്ങൾ ആഗ്രഹിക്കുന്ന ഒരു നടനെന്നനിലയിൽ പൃഥ്വിരാജ് ഇനി നേരിടാൻപോവുന്ന ഏറ്റവും വലിയ ഭീഷണി മൊയ്തീന്റെ കൂറ്റൻ വിജയം വഴിവന്നുചേരാവുന്ന ടൈപ്പ് കാസ്റ്റിങ്ങ് ആയിരിക്കും.പ്രണയത്തിന്റെ കാര്യത്തിൽ മാത്രമല്ല, രാജുവിന്റെ വിഷാദഛായയുള്ള രൂപത്തിലും, ഗാനങ്ങളിലും, എന്തിന് ചില ഡയലോഗുകളിൽവരെ 'എന്ന് നിന്റെ മൊയ്തീനോടുള്ള' സാദൃശ്യം കേവലം യാദൃഛികമെന്ന് തള്ളിക്കളയാൻ പറ്റുന്ന രീതിയിലല്ല. മാത്രമല്ല കഥാഘടനയിലുമുണ്ട് മൊയ്തീൻ സിനിമയുമായുള്ള സാമ്യം.

നേവിയിലെ ഉദ്യോഗസ്ഥനായ ശന്തനു പതിനഞ്ചുവർഷം മുമ്പ്, തന്റെ മേലുദ്യോഗസ്ഥന്റെ മകളായ നാദിറയെ പ്രണയിക്കുന്നു. അവൾ അന്ന് 15 വയസ്സുള്ള മൈനറാണെന്ന് അയാൾ അറിയുന്നില്ല. അതിന്റെപേരിൽ ശന്തനുവിനും സുഹൃത്ത് സക്കറിയക്കും (ബിജുമേനാൻ) ജോലി നഷ്ടമാവുന്നു. എന്നാൽ വെറും 15വയസ്സുള്ളകുട്ടിയുടെ ചാപല്യമാണിതെന്നും, പ്രായപൂർത്തിയായാൽ നീ ഇതെല്ലാം മറക്കുമെന്നുമുള്ള തന്റെ പിതാവ് ജാഫർ ഇമാമിന്റെ ( ഹിന്ദി നടൻ കബീർ ബേദി) വാക്കുകളോട് നാദിറ ശക്തമായാണ് പ്രതികരിക്കുന്നത്. തനിക്ക് 20 വയസ്സാകുന്നതുവരെ താൻ ശന്തനുവിനെ കാണില്‌ളെന്നും അതിനുശേഷം തങ്ങളുടെ പ്രണയം നിലനിൽക്കുന്നുണ്ടോയെന്ന് പറയാമെന്നും ഉറച്ചവാക്കുകളിൽ അവൾ പറയുന്നു. അഞ്ചുവർഷം കഴിഞ്ഞ് അവർ വീണ്ടും കാണുമ്പോഴും പിതാവ് വില്ലനാവുന്നു.

[BLURB#1-VL]അയാൾ ഒരു ഹിന്ദുവായതുകൊണ്ടാണോ വിവാഹത്തിന് സമ്മതിക്കാത്തത് എന്ന നദീറയുടെ ചോദ്യത്തിന്, അതല്ലെന്നും തന്റെ കീഴുദ്യോഗസ്ഥനായ ഒരാൾ മകളെ വിവാഹം കഴിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നുമാണ് ഒറ്റനോട്ടത്തിൽ ദേശീയവാദിയെപ്പോലെ തോന്നിക്കുന്ന ജാഫർ ഇമാം പറയുന്നത്. തോക്കെടുത്ത് അവരുടെ മുന്നിൽ സ്വയം വെടിവച്ച് മരിക്കാൻ ഒരുങ്ങുന്ന ജാഫർ ഇമാമിനെ തടഞ്ഞുകൊണ്ട് നാദിറ വീണ്ടും വാക്കുകൊടുക്കുന്നു.

പിതാവ് സമ്മതിക്കുന്ന ദിവസംവരെയോ, അല്ലെങ്കിൽ അദ്ദേഹം മരിക്കുന്നതുവരെയോ തങ്ങൾ കാത്തിരിക്കുമെന്ന്. അങ്ങനെ 'കാത്തിരുന്ന് കാത്തിരുന്ന്' പതിനഞ്ചുവർഷങ്ങൾ കടന്നുപോയി. 25കാരൻ ശന്തനു നാൽപ്പതുകാരനായ അവിവാഹിതനായി. ഇതിനിടെ നാദിറിയും കുടുംബവും ലക്‌നോവിലെ വീടുവിറ്റ് എങ്ങോട്ടോ പോവുന്നു. തുടർന്നുള്ള ശന്തനുവിന്റെ അന്വേഷണങ്ങൾ മുഴുവൻ നാദിറയെ കണ്ടത്തൊനാണ്. ഇപ്പോൾ അയാൾ ലക്ഷദ്വീപിൽ എത്തുന്നതും അതേ ലക്ഷ്യം മൂൻനിർത്തിയാണ്.

നാദിറയുടെ സഹോദരൻ ഇവിടെ നേവിയിൽ ഉണ്ടെന്ന് അയാൾക്ക് വിവരം കിട്ടുന്നു. അയാളിലൂടെ നാദിറയിൽ എത്താൻ കഴിയുമോ എന്ന അവസാന പ്രതീക്ഷയിലാണ് ശന്തനു.

ബാഹ്യഘടനയിൽ അതീവ വൈജാത്യങ്ങൾ പ്രകടമാണെങ്കിലും ആന്തരിക ഘടനയിൽ മൊയ്തീൻ സിനിമയുടെ അതേ ആശയമാണ് 'അനാർക്കലിയും' പങ്കുവെക്കുന്നത്. കുടുംബം, സൽപ്പേര് തുടങ്ങിയ വ്യവസ്ഥാപിത ആശയങ്ങൾക്കായി തങ്ങളുടെ പ്രണയത്തെ ത്യജിക്കയായിരുന്ന മൊയ്തീനും കാഞ്ചനമാലയും സത്യത്തിൽ ചെയ്ത്. ( ഈ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞുപോയതിനാണ് എഴുത്തകാരൻ ഹമീദ് ചേന്ദമംഗല്ലൂരിനെ മുക്കത്തുകാർ ഓടിച്ചത്!)

രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം കീഴ്‌മേൽ മറിയുന്നുവെന്ന് കവി എഴുതിയത്, അവർ കുടുംബം, മാനം, ജ്യാത്യാഭിമാനം തുടങ്ങിയവക്ക് അതീതമായ വിപ്‌ളവകാരികൾ കൂടിയായതുകൊണ്ടാണ്. എന്നാൽ തങ്ങളുടെ കുടുംബത്തിന്റെ 'സൽപ്പേര്' തകരാതിരിക്കാനും, സഹോദരിമാരുടെയൊക്കെ വിവാഹം കഴിയാനും, കാരണവന്മാർ മരിച്ച് വഴിമാറാനും കൂടിയായിരുന്നു മൊയ്തീന്റെയും കാഞ്ചനമാലയുടെയും കാത്തിരിപ്പ്.പ്രണയത്തെ മറ്റെന്തിനേക്കാളും വലുതായി കാണുന്നവർക്ക്, ആ പ്രണയ സാഫല്യത്തെ കഴിഞ്ഞല്ലേ മറ്റെന്തും ഉണ്ടാവുക. ഇതേപോലെ വാക്കും വാശിയും, നന്മതിന്മകളും, കുടുംബ മാഹാത്മ്യവുമൊക്കെ കൂടിക്കലർന്ന ഫ്യൂഡൽ യുക്തികളുടെ പേരിലാണ് നാദിറ പതിനഞ്ചുവർഷം ശന്തനുവിനെ പിരിഞ്ഞിരിക്കുന്നത്.ഒരു ഘട്ടത്തിൽ നവാബിയൻ രക്തത്തിന്റെ ഈഗോയെക്കുറിച്ച് നാദിറയുടെ സഹോദരൻതന്നെ പറയുന്നുണ്ട്.പക്ഷേ കൈ്‌ളമാക്‌സിൽ നായകനും നായികയും ഒന്നിക്കുന്നുവെന്നത്, മൊയ്തീനിലെ ട്രാജഡിയിൽനിന്നുള്ള വ്യത്യസ്തതയാണ്.

പക്ഷേ ഇടക്കുള്ള കോമഡിയുടെ തള്ളിക്കയറ്റവും രണ്ടാംപകുതിയിലെ യുക്തിഹീനമായ രംഗങ്ങളും മൊയ്തീനെപ്പോലെ നിലവാരമുള്ള ഒരു സിനിമാ അനുഭവമാക്കി മാറ്റുന്നതിനിൽനിന്ന് 'അനാർക്കലിയെ' വിലക്കുന്നു. പതിനഞ്ചുവർഷത്തിനുശേഷമുള്ള കാലം കാണിക്കുമ്പോൾ കൂട്ടുകാരൻ ആകെ നരച്ച് വയറുന്തിപോവുമ്പോൾ, നായകനും നായികയും ഉപ്പിലിട്ടുവച്ചതുപോലെ സുന്ദരരും ആകാരഭംഗിയുള്ളവരുമായി ഇരിക്കുന്നു. മൊയ്തീനിൽ മേക്കപ്പും ശരീരഭാഷയും വഴി കൃത്യമായി കാലഭേദങ്ങൾതോന്നിക്കാൻ പ്രഥ്വിക്കും പാർവതിക്കും കഴിഞ്ഞിരുന്നു. ഇവിടെ ഒരു താടിയും വിഷാദച്ചിരിയുമായി രാജു പിടിച്ചുനിന്നെങ്കിലും, നായിക പ്രിയാൽ ഗൗർ പറ്റെ പരാജയമായി.

വിസ്മയിപ്പിച്ച് സുരേഷ് കൃഷ്ണ; ഗാനങ്ങളും ക്യാമറയും ഹൈലൈറ്റ്

ചിത്രത്തിൽ എറ്റവുമധികം ആകർഷിച്ചത് ലക്ഷദ്വീപുകാരനായിവന്ന സുരേഷ് കൃഷ്ണയാണ്. കാലണക്ക് കൊള്ളാത്ത വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച് ജീവിതത്തിന്റെ നല്ലൊരുഭാഗം പാഴായിപ്പോയ ഈ നടന്റെ മികച്ച വേഷങ്ങൾ ഈയിടെയാണ് നാം കണ്ടുതുടങ്ങിയത്. പഴശ്ശിരാജയും, രഞ്ജിത്തിന്റെ 'ഞാൻ' എന്നീ സിനിമകളിലെ സുരേഷിന്റെ പ്രകടനം നോക്കുക. പക്ഷേ ഇതിൽ അതിനെയൊക്കെ സുരേഷ് കടത്തിവെട്ടി. തമാശയും, നൊമ്പരവും ഒരുപോലെ കൊണ്ടുവരാൻ അദ്ദേഹത്തിനായി. സഹതാരങ്ങളിൽ ബിജുമേനോൻ തുടക്കത്തിൽ പതിവ് ശൈലിയിലേക്ക് ഉയർന്നില്‌ളെങ്കിലും അവസാനത്തിൽ അദ്ദേഹത്തിനുമാത്രം കഴിയുന്ന പടക്കം നർമ്മങ്ങളുമായി കത്തിക്കയറുന്നുണ്ട്.

ദേശീയ പുരസ്‌ക്കാരജേതാവ് സുദേവ് നായരും തന്റെ വേഷം മികച്ചതായി. പ്രേമിക്കാനായി ഉണ്ടാക്കിയ ബൊമ്മകളെപ്പോലെ തോന്നുന്ന വനിതാവേഷങ്ങൾക്കിടയിൽ, മിയയുടെ ഡോക്ടറാണ് വേറിട്ടുനിന്നത്. നേവി ഓഫീസർമരായി രണ്ടു സംവിധായകർ ഈ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. മേജർ രവിയും ശ്യാമപ്രസാദും. ഇതിൽ ശ്യാമപ്രസാദിൽ ഒന്നാന്തരം ഒരു നടൻ കൂടിയുണ്ടെന്ന് ഈ പടം തെളിയിക്കുന്നു. ഒരു പാട്ടുകാരനായി വന്ന് ജയരാജ് വാര്യരും രസിപ്പിക്കുന്നു.

ലക്ഷദ്വീപിന്റെ മനോഹരമായ കാഴ്ചകൾ ഒരുക്കിയ സുജിത്ത് വാസുദേവിന്റെ ക്യാമറ ഈ ചിത്രത്തോട് ശരിക്കും നീതി ചെയ്തു. നേരത്തെ 'മോസയിലെ കുതിരമീനുകൾ'എന്ന ചിത്രത്തിലും ലക്ഷദ്വീപായിരുന്നു പ്രമേയം. പക്ഷേ ദ്വീപിന്റെ ചരിത്രവും വർത്തമാനവും സാംസ്കാരിക വൈവിധ്യവുമൊക്കെ അലപ്പം ഡോക്യുമെന്ററി സ്വഭാവമുണ്ടെങ്കിലും ബോറടിപ്പിക്കാതെ കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

വിദ്യാസാഗറിന്റെ ഗാനങ്ങളിൽ മിക്കതും ഈ വർഷത്തെ വലിയ ഹിറ്റുകളിൽ പെടുമെന്ന് ഉറപ്പാണ്. പ്രണയരംഗങ്ങളുടെ ചിത്രീകരണത്തിൽ കുറച്ചുകൂടി ജാഗ്രത സംവിധായകനിൽനിന്ന് ഉണ്ടായിരുന്നെിൽ ഗാനങ്ങൾ കുറേക്കൂടി ഭാവസാന്ദ്രമാവുമായിരുന്നു.

അവസാനമായി ഒരു കാര്യംകൂടി പറയട്ടേ. പൃഥ്വിരാജ് ഫാൻസുകാർ എങ്ങനെ പൊങ്കാലയിട്ടാലും വേണ്ടില്ല, ഒരു നടൻ എന്ന നിലയിൽ അത്രക്കൊന്നും മെച്ചമായിട്ടില്ല നമ്മുടെ രാജുവിന്റെ പ്രകടനം. മുൻചിത്രങ്ങളെ തട്ടിച്ചുനോക്കുമ്പോൾ ഒരു ഊർജ്ജക്കുറവും, കൃത്രിമത്വവും പ്രകടമാണ്. ഇടക്കിടെയുള്ള ആ ചിരിപോലും ചിലപ്പോൾ അരോചകമാവുന്നു. പക്ഷേ ഇപ്പോൾ പ്രഥ്വിയുടെ സമയമായതുകൊണ്ട് അതെല്ലാം വെള്ളത്തിൽ മുങ്ങിപ്പോവുന്നു. എന്തൊക്കെ പറഞ്ഞാലും താരകേന്ദ്രമായ മലയാളംപോലൊരു വ്യവസായ ലോകത്ത് ചിത്രം വിജയിക്കുമ്പോൾ നായകൻ തന്നെയല്ലേ ഉന്നതങ്ങളിൽ എത്തുന്നത്.

വാൽക്കഷണം: നമ്മുടെ 'ജെന്റിൽമാൻ' ഫെയിം കെ.ടി കുഞ്ഞുമോൻ ഔട്ടായതിനുശേഷമുള്ള ഒരു അപൂർവ കാഴ്ചയും ഈ പടത്തിന്റെ തുടക്കത്തിൽ കണ്ടു. കുഞ്ഞുമോൻ നിർമ്മിക്കുന്ന പടത്തിൽ, ആദ്യം കെ.ടി കുഞ്ഞുമോൻ അവതരിപ്പിക്കുന്നു എന്ന് ചക്ക വലിപ്പത്തിൽ എഴുതിക്കാട്ടും. പിന്നെ നിർമ്മാണം കെ.ടി കുഞ്ഞുമോൻ എന്ന് രണ്ടുവട്ടവും കാട്ടും.അതുപോലെതന്നെ 'അനാർക്കലിയുടെ' നിർമ്മാതാവിന്റെ പേര് മൂന്നുവട്ടം തുടക്കത്തിൽതന്നെ കാട്ടുന്നുണ്ട്. ഈ പ്രാഞ്ചിയേട്ടൻ പണിയുടെയൊക്കെ കാലം കഴിഞ്ഞില്ലേ. പിള്ളേര് ഫേസ്‌ബുക്കിൽ പണികൊടുക്കുന്ന കാലമാണിത്. അല്ലെങ്കിൽ സംവിധായകനേക്കാൾ മുകളിലാണ് നിർമ്മാതാവെന്ന രീതിയിൽ ടൈറ്റിൽവെക്കുന്ന കുഞ്ഞുമോൻകാലം തമിഴകംവിട്ട് മലയാളത്തിൽ എത്തുകയാണോ?