ലണ്ടൻ: ബ്രിട്ടനിലെ പാക് അനുകൂല പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു.പ്രഭു സഭ അംഗം നസീർ അഹമ്മദിനെ വിശേഷിപ്പിക്കാൻ ഇതിലും പറ്റിയ വാക്കുകളില്ല. പാക് അധീന കാശ്മീരിൽ നിന്നും പലായനം ചെയ്തു യുകെയിൽ എത്തി സ്വപ്രയത്നത്താലും കുറുക്കു വഴികളിലൂടെയും പണം സമ്പാദിച്ചു ലേബർ പാർട്ടി വഴി പ്രഭു സഭയിൽ ഇരിപ്പിടം കണ്ടെത്തിയ നസീർ അഹമ്മദ് വില്ലൻ വേഷമണിഞ്ഞു ഒടുവിൽ പ്രഭു സഭയുടെ സ്വഭാവ സമിതി കുറ്റക്കാരൻ എന്ന് വിധി എഴുതി ചെവിക്കു തൂക്കി പുറത്താക്കും മുന്നേ രാജി വച്ച് സ്ഥലം വിട്ടിരിക്കുന്നഴ. പ്രഭു സമിതിയിൽ 1998 മുതൽ അംഗമായ നസീർ അഹമ്മദ് ആജീവനന്തകാലം ആ പദവിയിൽ തുടരാൻ അർഹത ഉണ്ടായിരിക്കെയാണ് പെൺവിഷയത്തിൽ പടിയിറങ്ങുന്നത്. താൻ വളർന്നു വരാൻ ഉപയോഗിച്ച കുറുക്കു വഴികൾ പോലെ സ്ഥാനം നഷ്ടമാകാതിരിക്കാനും കുറുക്കു വഴികൾ നസീർ അഹമ്മദ് തേടിയെങ്കിലും മലയാളിയായ അനസുദ്ധീൻ അസീസ് അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ നിരന്തര പോരാട്ടം കൂടിയാണ് ഒടുവിൽ നസീറിന്റെ സ്ഥാനത്യാഗത്തിനു കാരണമായി മാറുന്നത് എന്നതിൽ ഓരോ മലയാളിക്കും കൂടി അഭിമാനിക്കാം.

തികഞ്ഞ ഇന്ത്യ വിരുദ്ധനായി അറിയപ്പെടുന്ന നസീറിന്റെ സ്ഥാന ത്യാഗം ഇന്ത്യൻ അനുകൂല മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം ആഘോഷമാക്കുകയാണ്. ബ്രിട്ടീഷ് പ്രഭുസഭയിൽ നിന്നും ഒരംഗത്തെ ഇറക്കി വിടാൻ സഭ തീരുമാനിക്കുന്ന ആദ്യ സംഭവം കൂടിയാണ് നസീറിന്റേത്. സഭാ സമിതി റിപ്പോർട്ട് ചൊവാഴ്ച പുറത്തു വിടുന്നതിനു മണിക്കൂറുകൾ മുൻപാണ് നസീർ സ്വമേധയാ രാജി നൽകിയത് എന്ന പ്രത്യേകതയുമുണ്ട്. സഭാ സമിതി റിപ്പോർട്ട് മാധ്യമങ്ങൾക്കു ലഭ്യമാണെങ്കിലും നിയമപരമായ കാരണങ്ങളാൽ മുഴുവൻ പരാമർശങ്ങളും പുറത്തു വിടാൻ സാധിക്കില്ല എന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. തനിക്കെതിരായ അംനൗഷണം നീതിയുക്തമായിരുന്നില്ല എന്ന ആക്ഷേപമാണ് നസീറിന് ഇപ്പോഴുള്ളത്.

മുസ്ലിം സമുദായത്തിൽ സ്വാധീനമുള്ള ഒരു മത പ്രചാരകൻ സ്ത്രീകളെയും പുരുഷന്മാരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നു എന്ന പരാതിയുമായി എത്തിയ താഹിറ സമാൻ എന്ന കാശ്മീരി വംശജയായ യുവതിയെ തന്റെ താമസ സ്ഥലത്തേക്ക് അത്താഴം കഴിക്കാൻ വിളിച്ചു വരുത്തി തുടർച്ചയായി രണ്ടു മാസത്തോളം ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്ന പരാതിയിലാണ് നസീർ ഒടുവിൽ നാണം കെട്ട് സ്ഥാന ത്യാഗം ചെയ്തിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഉണ്ടായ സഭ സമിതി കണ്ടെത്തലിനു എതിരെ നിയമപരമായ പോരാട്ടം തുടരും എന്ന് അഭിഭാഷകർ മുഖേനെ വീമ്പിളക്കാനും നസീർ അഹമ്മദ് മറന്നില്ല. ഇതിനായി തയ്യാറാക്കിയ വിഡിയോ സന്ദേശത്തിൽ തനിക്കെതിരെ പ്രധാനമായും വാർത്ത എഴുതിയ മലയാളി അടക്കമുള്ള മൂന്നു മാധ്യമ പ്രവർത്തകരുടെ പേരെടുത്തു പറയാനും ഇയാൾ തയ്യാറായി എന്നത് ശ്രധേയമാണ്. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള യൂറോപ്യൻ കോടതിയിൽ താൻ കേസ് നൽകി തന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമം തുടരും എന്നാണ് നസീർ പറയുന്നത്. സഭ സമിതിയിൽ തന്നെ നസീർ അപ്പീൽ നല്കിയിരുന്നെകിലും മുൻ സുപ്രീം കോടതി ജസ്റ്റിസ് ലോർഡ് മാൻസ് അടക്കമുള്ള സഭ സമിതി അപ്പീൽ തള്ളുക ആയിരുന്നു.

അനസുധീന് പത്രാധിപരായ ഏഷ്യൻ ലൈറ്റ് തുടങ്ങി വച്ച നസീറിനെതിരെയുള്ള പോരാട്ടം ഒടുവിൽ ദി ടൈംസ് , ബിബിസി എന്നിവർ ഏറ്റെടുത്തതോടെ തനിക്കിനി പിടിച്ചു നില്ക്കാൻ കഴിയില്ലെന്ന് ഹേറ്റ് പൊളിറ്റിക്സിന്റെ വക്താവായ ഇയാൾ മനസിലാക്കിയിരുന്നു. പാലക്കാട് സ്വദേശിയായ അനസുദ്ധീന് കഴിഞ്ഞ കുറെ വർഷങ്ങളായി നസീറിനെതിരെ ലഭ്യമായ തെളിവുകൾ പുറത്തു വിട്ടു നിരന്തര പ്രചാരണമാണ് ഇയാൾക്കെതിരെ സംഘടിപ്പിച്ചത്. ബിബിസിയിലെ ശശി സിങ്, റിച്ചാർഡ് വാട്സൺ, അനസുദ്ധീൻ അസീസ് എന്നീ മൂന്നു മാധ്യമ പ്രവർത്തകരെ പേരെടുത്തു അധിക്ഷേപിച്ചാണ് നസീർ ഓൺലൈനിൽ ന്യായീകരണ പ്രസംഗം നടത്തി മാന്യതയുടെ മൂടുപടം അണിയാൻ ശ്രമിക്കുന്നത് എന്നതും രസകരമാണ്. ഇയാൾക്കെതിരെ അനേകം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴും തന്റെ പദവി ഉപയോഗിച്ച് സ്ഥാനം നിലനിർത്തിയിരുന്ന ഈ കുറുക്കൻ രാഷ്ട്രീയക്കാരൻ പടിയിറങ്ങുമ്പോൾ പോലും കേസുകളുടെ മുഴുവൻ വിശദംശങ്ങളും നിയമപരമായ കാരണത്താൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല എന്ന ഗതികേടിലാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ. വീട്ടിൽ ജോലിക്കു നിർത്തിയ സ്ത്രീ മുതൽ 11 വയസുള്ള ആൺകുട്ടിയെ വരെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നതാണ് നസീറിനെതിരെയുള്ള പ്രധാന ആരോപണം.

പ്രഭു സഭ അംഗം എന്ന നിലയിൽ വിവിധ പരാതികളുമായി തന്നെ തേടി എത്തുന്ന സ്ത്രീകളെ തന്റെ പദവി ദുരുപയോഗം ചെയ്തു നസീർ തന്റെ ഇംഗിത പൂർത്തീകരണം നടത്തി എന്നാണ് ആക്ഷേപം. സ്ത്രീകളെ ദുരുപയോഗം ചെയ്തത് ഉഭയ സമ്മത പ്രകാരണമാണ് എന്ന് തെളിയിക്കപ്പെട്ടെങ്കിലും അയാളുടെ പദവിക്കു മുന്നിൽ സ്ത്രീകൾ ബലഹീനരായി മാറുകയാണ് ഉണ്ടായതെന്ന വാദം ബലപ്പെട്ടതാണ് നസീറിന് കെണിയായി മാറിയത്. ഇതോടെ പ്രഭു സമിതി അന്വേഷണം നടത്താൻ തയാറായി. ഈ അന്വേഷണം അട്ടിമറിക്കാനും നസീർ അഹമ്മദ് ശ്രമം നടത്തിയിരുന്നു മൂന്നു വർഷം മുൻപ് പ്രഭു സഭ കമ്മീഷണറുടെ മുന്നിൽ പരാതി എത്തിയപ്പോൾ ഇക്കാര്യത്തിൽ നസീർ കുറ്റക്കാരൻ എന്ന് വിധി എഴുതാൻ പ്രയാസം ഉണ്ടെന്ന മട്ടിലാണ് പരാതിക്കാരിയായ താഹിറ സമാനു മറുപടി ലഭിച്ചത്. എന്നാൽ ഇയാളെ വെറുതെ വിടാൻ സാധിക്കില്ല എന്നുറപ്പിച്ചു തുടർച്ചയായി അവർ പരാതികളുമായി രംഗത്ത് വന്നതോടെയാണ് ഒടുവിൽ സ്ഥാനത്യാഗം ചെയ്യാൻ നിർബന്ധിതനാകും വിധം നസീറിന് തീരുമാനം എടുക്കേണ്ടി വന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നസീറിനെതിരെ കാശ്മീർ വംശജയായ താഹിറ സമാൻ താൻ വഞ്ചിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തൽ നടത്തിയത്. ജീവിത സഖിയാക്കാം എന്ന മോഹന വാഗ്ദാനം നൽകി നസീർ താഹിറയെ തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുക എന്നതായിരുന്നു വെളിപ്പെടുത്തൽ. താഹിറ സമനൊപ്പം വേറെയും അഞ്ചു യുവതികൾ സമാന സ്വഭാവമുള്ള പരാതികൾ ഉയർത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ നസീർ ഓരോ കേസിലും രക്ഷപ്പെടുക ആയിരുന്നു. കാശ്മീർ വിഘടന വാദികളെയും ഖാലിസ്ഥാൻ വിഘടനക്കാരെയും ഒന്നിച്ചു തന്നോടൊപ്പം നിർത്തി യുകെയുടെ മണ്ണിൽ ഇന്ത്യൻ വിദ്വേഷം വളർത്തുന്നതിൽ ഒരു പരിധി വരെ നസീർ അഹമ്മദ് വിജയിച്ചു നിൽക്കുമ്പോഴാണ് തുടർച്ചയായി സ്ത്രീ പീഡന പരാതികൾ ഉയരുന്നത്.

മൂന്ന് വർഷം മുൻപ് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്ര തലവന്മാർ എത്തിയപ്പോൾ സമ്മേളന ഹാളിനു പുറത്തു വലിയ തരത്തിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം നടത്തുവാനും ഇന്ത്യൻ ദേശീയ പതാക വലിച്ചു താഴെയിട്ടു കീറി കത്തിക്കുന്ന തരത്തിൽ വരെത്തിയ സംഭവത്തിന്റെ സൂത്രധാരനും നസീർ അഹമ്മദ് തന്നെയാണെന്ന് പിന്നീട് വിവരം പുറത്തു വന്നിരുന്നു. സംഭവം റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ നിന്നടക്കമുള്ള മാധ്യമ പ്രവർത്തകരെ പ്രക്ഷോഭകർ തടയാൻ ശ്രമിച്ചതുമൊക്കെ വലിയ വാർത്ത പ്രാധാന്യം നേടിയ സംഭവങ്ങളാണ്. തുടർന്ന് റിപ്പബ്ലിക്ക് ദിന ആഘോഷം അലങ്കോലപ്പെടുത്തും തരത്തിലും നസീർ വലിയ തോതിൽ ക്രമസമാധാന പ്രശനങ്ങൾ സൃഷ്ടിച്ചിരുന്നു. അപ്പോഴൊക്കെ ബ്രിട്ടീഷ് നിയമം നോക്കുകുത്തിയായി നിൽക്കുന്ന അനുഭവമാണ് ഉണ്ടായത്.

കാശ്മീർ വിഷയം വലിയ തോതിൽ രാജ്യാന്തര ചർച്ചയാക്കുക എന്ന നസീറിന്റെ കൂർമ്മ ബുദ്ധിയാണ് ഈ സംഭവങ്ങൾക്കെല്ലാം കാരണമായി മാറിയത്. ആ പ്രക്ഷോഭത്തിൽ പാക് അധീന കാശ്മീർ പ്രധാനമന്ത്രി അടക്കം ഉള്ളവരെ എത്തിക്കാനും നസീറിന് സാധിച്ചിരുന്നു. തുടർന്ന് പാർലിമെന്റ് മന്ദിരത്തിൽ ഇവർ പ്രത്യേക യോഗം ചേർന്ന് കശ്മീർ നയത്തെ അപലപിച്ചതു ഇന്ത്യ വലിയ ഗൗരവത്തിൽ എടുത്ത സംഭവമാണ്. തുടർന്ന് ആ പരിപാടിയെ കുറിച്ച് യാതൊരു അറിവും ഉണ്ടായില്ല എന്ന മട്ടിൽ പരസ്യ പ്രതികരണം നടത്തിയാണ് ബ്രിട്ടൻ തല ഊരിയത്. പാക്കിസ്ഥാന് വേണ്ടി ബ്രിട്ടനിൽ ലോബിയിങ് നടത്തുന്ന വെക്തി എന്ന നിലയിലാണ് പിന്നീട് നസീർ അറിയപ്പെട്ടത്. ഇതെല്ലം തനിക്കു അനുകൂലമാക്കും വിധം ബ്രാൻഡിങ് ചെയ്യാനും നസീർ വിദഗ്ധൻ ആയിരുന്നു. ഈ പ്രചാരണം വഴി ഇയാൾ വലിയ തോതിൽ പണ സമ്പാദനം നടത്തിയതായും ആക്ഷേപം ഉയരുന്നുണ്ട് .

കാശ്മീരിൽ നിന്നെത്തി കാശ്മീർ വിഷയം ആയുധമാക്കി വളർന്ന നസീർ ഒടുവിൽ ഒരു കാശ്മീരി യുവതി കാരണം കൊണ്ട് തന്നെ ഇല്ലാതാകുന്നത് കാലം കാത്തുവച്ച കാവ്യനീതി എന്നാണ് ഇപ്പോൾ മാധ്യമ ലോകം വിശേഷിപ്പിക്കുന്നത് .