- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകൽ: ശിശുക്ഷേമ സമിതി തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം; ഷിജുഖാനെതിരെ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലെന്ന് ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ ശിശുക്ഷേമ സമിതി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് സിപിഎം. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്.ഷിജുഖാനെതിരെ പരാതിക്കാരിയായ അനുപമ നടപടി ആവശ്യപ്പെടുന്നത് മറ്റുള്ളവരുടെ പ്രേരണയിലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു.
കുഞ്ഞിനെ അമ്മയ്ക്ക് കിട്ടണമെന്നതാണ് തുടക്കം മുതൽ സിപിഎം നിലപാട്. സർക്കാർ അനുപമയ്ക്ക് അനുകൂല നിലപാട് എടുത്തതും ഇതിനാലാണെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഷിജു ഖാനെ പിന്തുണച്ച് സിപിഎം നേരത്തെ രംഗത്ത് എത്തിയിരുന്നു. ഷിജു ഖാന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ആനാവൂർ നാഗപ്പന്റെ വിശദീകരണം.
നിയമപ്രകാരമാണ് ഷിജു ഖാൻ കാര്യങ്ങൾ ചെയ്തത്. അനുപമയുടെ പരാതി നിയമപരമായി തീർക്കേണ്ട വിഷയമാണ്. അല്ലാതെ പാർട്ടിയിൽ തീർക്കേണ്ട വിഷയമല്ല. ഷിജു ഖാനെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.
അമ്മതൊട്ടിലിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്നാണ് തനിക്ക് ലഭിച്ച വിവരം. കുഞ്ഞിനെ കടത്തികൊണ്ടു പോയി എന്ന പറഞ്ഞ അനുപമ തന്നെ കുടുംബ കോടതിയിൽ അച്ഛന്റെ കൈയിൽ കൊടുത്തുവിട്ടൂവെന്നാണ് പറഞ്ഞത്.
കുഞ്ഞിന്റെ ഫോട്ടോ അടക്കം രണ്ട് തവണ പത്ര പരസ്യം കൊടുത്തിരുന്നു. ആരും എതിർപ്പ് അറിയിച്ചിട്ടില്ല. പരാതി നൽകാൻ അനുപമയോ അജിത്തോ തയാറാകേണ്ടതായിരുന്നു. വീട്ടിൽ പൂട്ടിയിട്ടെന്നാണ് അനുപമ പറയുന്നത്. അജിത്തിനെ ആരും പൂട്ടിയിട്ടിരുന്നില്ല. കുഞ്ഞിന്റെ കാര്യം ചൂണ്ടിക്കാട്ടി അജിത്തിന് പരാതി നൽകാമായിരുന്നു.
കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അനുപമ പരാതി നൽകിയിട്ടില്ല. കുട്ടിയുടെ പിതാവ് അജിത്തും പരാതിയുമായി എത്തിയില്ല. അനുപമയുടെ പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് എഫ്.ഐ.ആർ എടുക്കണമായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നു.
കേരളത്തെ പിടിച്ചുലച്ച ദത്ത് വിവാദത്തിൽ ഉയരുന്ന വീഴ്ചകളിൽ ഇതുവരെ മറുപടിയില്ല. ദത്ത് നൽകലിൽ ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോൾ അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. പരാതികളിൽ ഒരു മാസം മുമ്പ് സർക്കാർ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് 18 മിനിട്ട് മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ദത്തിന് കൂട്ടുനിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദ എന്നിവർ വിമർശ വിധേയരാണ്.
കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസും അനുപമയ്ക്കായി സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിയും ഇടപെട്ടിട്ടും പരാജയപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി നേതൃത്വവും, കുഞ്ഞിനെ പെറ്റമ്മയിൽ നിന്നും അകറ്റാൻ നേരിട്ടും അല്ലാതെയും കൂട്ടു നിന്നവരുടെ പട്ടികയിലാണ് ഉൾപ്പെടുന്നതെന്ന വിമർശനം നേരത്തെ ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ