- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകനെ സാമ്പത്തിക തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ തെളിവായ ചെക്ക് ബാങ്കിൽ നിന്ന് വാങ്ങി നശിപ്പിച്ചു; അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി നടപടിക്ക് ശിപാർശ വന്നപ്പോൾ പൊലീസ് ആസ്ഥാനത്ത് ഫയൽ പൂഴ്‌ത്തി; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നൂരാനും ശ്രമം; മറുനാടൻ വാർത്തയെ തുടർന്ന് മുങ്ങിയ ഫയലെല്ലാം പൊങ്ങി: അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ എ അഭിലാഷിന് ഒടുവിൽ സസ്പെൻഷൻ
പത്തനംതിട്ട: ബന്ധുവായ പ്രവാസി ദമ്പതികളിൽ നിന്ന് 27.50 ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകനെ രക്ഷിക്കാൻ വേണ്ടി, നിർണായക തെളിവ് നശിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരുവല്ല ഓഫീസിലെ മുൻ ഡിറ്റക്ടീവ് ഇൻസ്പെക്ടറും ഇപ്പോൾ അഞ്ചൽ സിഐയുമായ എ അഭിലാഷിന് സസ്പെൻഷൻ. ഡിവൈ.എസ്‌പിയുടെ തൊപ്പി വാതിൽക്കൽ വന്ന് കാത്തു നിൽക്കുന്നതിനിടെ സസ്പെൻഷൻ വരുന്നത് ഒഴിവാക്കാൻ അഭിലാഷ് ആകുന്നതും ശ്രമിച്ചിരുന്നു. ഇതിനായി പൊലീസ് ആസ്ഥാനത്തെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും കൈ അയച്ച് സഹായിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സസ്പെൻഷൻ ശിപാർശ ചെയ്തു കൊണ്ടുള്ള ഫയൽ ഒരു മാസത്തോളം പൊലീസ് ആസ്ഥാനത്തെ ജി സെക്ഷനിൽ പൂഴ്‌ത്തി വയ്ക്കാൻ ഇവർക്ക് കഴിഞ്ഞു. പക്ഷേ, മറുനാടൻ തുടരെ വാർത്തകൾ നൽകിയതോടെ മുക്കിയ ഫയൽ പൊക്കാതെ രക്ഷയില്ലെന്നായി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഒരു അഭിഭാഷകന് വേണ്ടിയാണ് ഉത്തരവാദിത്തപ്പെട്ട രണ്ട് ഉ
പത്തനംതിട്ട: ബന്ധുവായ പ്രവാസി ദമ്പതികളിൽ നിന്ന് 27.50 ലക്ഷം രൂപ തട്ടിയെടുത്ത അഭിഭാഷകനെ രക്ഷിക്കാൻ വേണ്ടി, നിർണായക തെളിവ് നശിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരുവല്ല ഓഫീസിലെ മുൻ ഡിറ്റക്ടീവ് ഇൻസ്പെക്ടറും ഇപ്പോൾ അഞ്ചൽ സിഐയുമായ എ അഭിലാഷിന് സസ്പെൻഷൻ. ഡിവൈ.എസ്‌പിയുടെ തൊപ്പി വാതിൽക്കൽ വന്ന് കാത്തു നിൽക്കുന്നതിനിടെ സസ്പെൻഷൻ വരുന്നത് ഒഴിവാക്കാൻ അഭിലാഷ് ആകുന്നതും ശ്രമിച്ചിരുന്നു. ഇതിനായി പൊലീസ് ആസ്ഥാനത്തെ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും കൈ അയച്ച് സഹായിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി സസ്പെൻഷൻ ശിപാർശ ചെയ്തു കൊണ്ടുള്ള ഫയൽ ഒരു മാസത്തോളം പൊലീസ് ആസ്ഥാനത്തെ ജി സെക്ഷനിൽ പൂഴ്‌ത്തി വയ്ക്കാൻ ഇവർക്ക് കഴിഞ്ഞു. പക്ഷേ, മറുനാടൻ തുടരെ വാർത്തകൾ നൽകിയതോടെ മുക്കിയ ഫയൽ പൊക്കാതെ രക്ഷയില്ലെന്നായി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഒരു അഭിഭാഷകന് വേണ്ടിയാണ് ഉത്തരവാദിത്തപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് തെളിവു നശിപ്പിച്ചത്. എന്തു വന്നാലും നോക്കിക്കോളാമെന്ന അഭിഭാഷകന്റെ വാക്ക് വിശ്വസിച്ചതാണ് ഉദ്യോഗസ്ഥർക്ക് വിനയായത്. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടറായ കൃഷ്ണകുമാറിനെ ഇതേ കുറ്റത്തിന് ഫെബ്രുവരി 12 ന് സസ്പെൻഡ് ചെയ്തിരുന്നു. ഉടൻ തന്നെ ഡിവൈ.എസ്‌പിയായി സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന അഭിലാഷിനെ സഹായിക്കുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ചിലെ ഉന്നതരാണ് ഫയൽ പൂഴ്‌ത്തി വച്ചത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനംചെയ്ത് അമ്മാവന്റെ മകളുടെയും ഭർത്താവിന്റെയും കൈയിൽ നിന്നാണ് പത്തനംതിട്ട ബാറിലെഅഭിഭാഷകനായ സോണി പി ഭാസ്‌കർ 27 ലക്ഷം രൂപ തട്ടിയെടുത്തത്.
ഇതു സംബന്ധിച്ച് പ്രവാസി ദമ്പതികൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്. ഇതിന്മേൽ കാര്യമായ അന്വേഷണം നടക്കാതെ വന്നതോടെ പ്രവാസി ദമ്പതികളിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തിരുവല്ല ഓഫീസിന് കൈമാറി. ആ സമയത്ത് അവിടെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആയിരുന്നു അഭിലാഷ്. അന്വേഷണത്തിന്റെ ചുമതലയും ഇയാൾക്കായിരുന്നു. ആദ്യമൊക്കെ നേരായ രീതിയിലായിരുന്നു അന്വേഷണം. പിന്നീട് അഭിഭാഷകന്റെ സ്വാധീനം വന്നതോടെ ഉദ്യോഗസ്ഥർ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങി.
അഭിഭാഷകനെതിരേയുള്ള നിർണായക തെളിവുകളായ രണ്ട് ചെക്ക് ലീഫുകളാണ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്. ചെങ്ങന്നൂർ എസ്‌ബിറ്റി ശാഖയിൽ നിന്ന് 3.50 ലക്ഷം രൂപ വീതം സോണി മാറിയെടുത്ത ചെക്കുകൾ അന്വേഷണത്തിന്റെ ഭാഗമായി ഡിറ്റക്ടീവ് ഇൻസ്പെക്ടർ അഭിലാഷ്, എസ്ഐ കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് കൈപ്പറ്റിയത്. എന്നാൽ, ഇവ കോടതിയിൽ എത്താതെ വന്നതോടെ പ്രവാസി ദമ്പതികൾ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം സിബിസിഐഡി എസ്‌പി ഷാജി സുഗുണനെ അന്വേഷണം ഏൽപ്പിച്ചു.
അദ്ദേഹം കഴിഞ്ഞ മാസം അഞ്ചിന് പത്തനംതിട്ട സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർ എ അഭിലാഷ്, സബ് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവർ ചെങ്ങന്നൂർ എസ്‌ബിറ്റിയിൽ നിന്ന് കണ്ടെടുത്ത രണ്ടു ചെക്ക് ലീഫുകളും മഹസർ മാത്രം എഴുതി കോടതിയിൽ സമർപ്പിച്ച ശേഷം നശിപ്പിച്ചു കളഞ്ഞുവെന്ന് പറയുന്നു. ഇതേ തുടർന്ന് അഭിലാഷിനെ നാലും കൃഷ്ണകുമാറിനെ അഞ്ചും പ്രതികളാക്കിയെന്നും ഇവർക്കെതിരേ ഐപിസി 201, 420, 34 എന്നീ വകുപ്പുകൾ ചുമത്തിയെന്നും എസ്‌പിയുടെ റിപ്പോർട്ടിലുണ്ട്.
ചെക്ക് നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് തട്ടിപ്പു കേസിലെ പ്രതിയായ അഭിഭാഷകൻ തനിക്കെതിരേ തെളിവില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതിയെ സമീപിച്ചു. ചെക്ക് ലീഫ് നഷ്ടപ്പെടാൻ കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് റിപ്പോർട്ട് എഴുതി ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് എഡിജിപിക്ക് കൈമാറിയിരുന്നു. എഡിജിപി നടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് കൈമാറിയ ഫയൽ സസ്പെൻഷൻ ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ ഐജിക്ക് നൽകുകയായിരുന്നു.
ഇതാണ് ജി സെക്ഷനിൽ പൂഴ്‌ത്തി വച്ചിരുന്നത്. എസ്.ഐയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പരാതിക്കാർ നടത്തിയ അന്വേഷണത്തിലാണ് സിഐയ്ക്കെതിരേയുള്ള നടപടി മരവിപ്പിച്ചുവെന്നും ഫയൽ ജി സെക്ഷനിലുണ്ടെന്നും മനസിലായത്. തട്ടിപ്പ് കേസിൽ ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായ അഭിലാഷിനെ സൂപ്പർവൈസറി ഓഫീസർ (അന്വേഷണ മേൽനോട്ടക്കാരൻ) എന്ന് വിശേഷിപ്പിച്ച് ഫയൽ തയാറാക്കി നടപടി ഒഴിവാക്കാനാണ് ഇപ്പോൾ ശ്രമം നടന്നത്. പ്രതിയായ അഭിഭാഷകന്റെ ഹർജിയിൽ കേസ് റദ്ദാക്കിയാൽ അതോടെ അന്വേഷണ ഉദ്യോഗസ്ഥരും രക്ഷപ്പെടുമെന്നായിരുന്നു കണക്കു കൂട്ടൽ. അതാണിപ്പോൾ പാളിയിരിക്കുന്നത്.