കൊല്ലം: അഞ്ചലിൽ അമ്മയുടെ സഹോദരിയുടെ ഭർത്താവ് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി രാജേഷ് മുമ്പും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട് എന്നു റിപ്പോർട്ട്. ഈ വിവരം പ്രതിയുടെ ഭാര്യയ്ക്കും അറിയാമായിരുന്നു. അതു മറച്ചു വച്ചതു കൊണ്ടാണു തന്റെ കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടതെന്നും നീതി കിട്ടും വരെ മുന്നോട്ടു പോകും എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കൊലപാതകത്തിനു ശേഷവും രാജേഷിനെ പിന്തുണയ്ക്കുന്ന സമീപനമാണു കുടുംബം സ്വീകരിച്ചത് എന്ന് ആരോപണം സജീവമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

അഞ്ചൽ ഏരൂരിൽ കൊലചെയ്യപ്പെട്ട കുട്ടിയുടെ അമ്മയെ നാട്ടുകാർ നാടുകടത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കാണാൻ അനുവദിക്കാതെയാണ് അമ്മയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തിയത്. ദുർനടപ്പുകാർ എന്ന് ആരോപിച്ചായിരുന്നു നടപടി. നാട്ടുകാരുടെ ഭീഷണിയെ തുടർന്നു കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിച്ചു. പ്രകോപിതരായ നാട്ടുകാർ കുട്ടിയുടെ അമ്മയെയും അമ്മയുടെ അച്ഛനെയും മർദ്ദിച്ചു. പൊലീസ് നോക്കിനിൽക്കെയാണ് നാട്ടുകാർ ഇവരെ മർദ്ദിച്ചത്. കുട്ടിയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്‌കാരിക്കാനും നാട്ടുകാർ അനുവദിച്ചില്ല. പിന്നീട് അച്ഛന്റെ വസതിയിലാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് അച്ഛൻ പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്.

കുട്ടിയുടെ കുഞ്ഞമ്മയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമാണ് അച്ഛൻ ഉയർത്തുന്നത്. കൃത്യം നടന്ന ഏറുമാടത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇക്കാര്യം പൊലീസിനോട് ഇവർ പറഞ്ഞില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് പുനലൂർ ഡി.വൈ.എസ്‌പിയോട് പരാതിപ്പെട്ടതായും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ഏരൂർ ഗവ. എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലക്ഷ്മിയെയാണ് കുളത്തൂപ്പുഴ ചെറുകര പാതയിൽ റബർ എസ്റ്റേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നിന് മുകളിൽ ആളൊഴിഞ്ഞ ഭാഗത്ത് റബർ തൈകൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് സ്റ്റാൻഡിന് മുകളിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടുവെന്ന് നാട്ടാകാരും ആരോപിച്ചിരുന്നു. ഇക്കാര്യം വീട്ടുകാർക്ക് അറിയാമെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ അമ്മയ്ക്കെതിരേയാണ് നാട്ടുകാരുടെ പുതിയ ആരോപണം. എല്ലാം അവർ അറിഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ആരോപണം ഇങ്ങനെ കുട്ടിയുടെ കൊലപാതകത്തിൽ വീട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. കുട്ടി മുമ്പും വീട്ടിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യം വീട്ടുകാർക്ക് അറിയാമായിരുന്നുവത്രെ. എന്നാൽ ഇവർ എല്ലാം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാർക്കെതിരേ നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തി. ശ്രീലക്ഷ്മിയുടെ മാതാവും അനുജത്തിയും അറിഞ്ഞുള്ള കുറ്റകൃത്യമാണിതെന്നാണ് അവരുടെ ആരോപണം.ദുർനടപ്പുകാരെന്ന് ആരോപിച്ചാണു നാട്ടുകാർ പ്രതിഷേധവുമായി വന്നത്. നാട്ടുകാർ ഒന്നടങ്കം എതിർപ്പുമായി വന്നതോടെ കുട്ടിയുടെ മാതാവിനേയും അടുത്ത ബന്ധുക്കളേയും പൊലീസ് നാട്ടിൽനിന്നു മാറ്റി.

22 കിലോമീറ്റർ ദൂരെ കുളത്തൂപ്പുഴയിലെ വിജനമായ റബർ എസ്റ്റേറ്റിലെ വിറകുപുരയിൽ എത്തിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂൾ അസംബ്ലിയിൽ കുട്ടിയെ കാണാഞ്ഞതിനെ തുടർന്നു സഹപാഠിയുടെ മാതാവാണ് ഇക്കാര്യം വീട്ടിലറിയിച്ചത്. ഇതേത്തുടർന്നു മാതാവും ബന്ധുക്കളും സ്‌കൂളിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്ന് മാതാവ് ഏരൂർ പൊലീസിൽ പരാതി നൽകി. രാത്രി വൈകിയും പൊലീസ് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെയോ രാജേഷിനെയോ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് റബർ എസേ്റ്ററ്റിലെ ടാപ്പിങ് തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി മരിച്ചശേഷവും പ്രതിയായ രാജേഷിനെ തള്ളിപ്പറയാൻ കുടംബം തയാറാകാതിരുന്നതാണ് നാട്ടുകാർ കുടുംബത്തിനെതിരെ തിരിയാനുള്ള കാരണം. കുട്ടിയുടെ മരണത്തിൽ മാതാവിനും സഹോദരിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.

കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പൊലീസിനു മൊഴി നൽകിയിരുന്നു. രാജേഷിനൊപ്പം ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച കുളത്തൂപുഴ ആർപി കോളനിയിലെ റബർ എസ്റ്റേറ്റിൽനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.