- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിസിടിവി പരിശോധന തടസ്സപ്പെടുത്തി ഹോട്ടൽ ജീവനക്കാർ; റെയ്ഡിനെത്തിയ പൊലീസിനോട് പറഞ്ഞത് പാസ്വേർഡ് അറിയില്ലെന്ന ന്യായം; ഡിവിആർ സീൽ ചെയ്ത് അന്വേഷണ സംഘം; ടെക്നീഷ്യനെ ചോദ്യം ചെയ്യും; കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്?
കൊച്ചി: മുൻ മിസ് കേരള അൻസി കബീറും റണ്ണർ അപ്പായ അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത് തൊട്ടുമുൻപ് അവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ പൊലീസ് റെയ്ഡ്. ഡിജെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടായോ എന്നതും പരിശോധനയിലാണ്. അപകടമുണ്ടാക്കിയ കാറിനുള്ളിലും മദ്യകുപ്പികളുണ്ടായിരുന്നു. ഇക്കാര്യം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.
കാറപകടത്തിൽ നിന്നും രക്ഷപെട്ട ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡി.ജെ പാർട്ടി നടത്തിയ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 എന്ന ഹോട്ടലിൽ കൊച്ചി സിറ്റി പൊലീസിന്റെ റെയ്ഡ് നടന്നത്. ഇൻസ്പെക്ടർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ അബ്ദുൾ റഹ്മാന്റെ ചില വെളിപ്പെടുത്തലുകൾക്ക് ബലം പകരുന്ന തെളിവുകൾ ശേഖരിക്കാായാണ് പൊലീസ് സംഘം എത്തിയത്. എന്നാൽ ഹോട്ടൽ ജീവനക്കാർ നിസ്സഹകരിക്കുകയായിരുന്നു എന്നാണ് വിവരം.
ഒക്ടോബർ 31 ന് രാത്രിയിൽ നടന്ന ഡി.ജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ പാസ് വേർഡ് അറിയില്ല എന്ന മറുപടിയാണ് ഹോട്ടൽ ജീവനക്കാർ നൽകിയത്. ഇതേ തുടർന്ന് സിസിടിവിയുടെ ടെക്നീഷ്യനെ ഉടൻ വിളിച്ചു വരുത്തി വീണ്ടും പരിശോധിക്കാനാണ് തീരുമാനം. ഇതിനായി സി.സി.ടി.വിയുടെ ഡി.വി.ആർ പൊലീസ് സീൽ ചെയ്തു. ഈ സിസിടിവിയിൽ നിർണ്ണായക വിവരങ്ങൾ ഉള്ളതായാണ് സൂചന. ഇതോടെ അൻസി കബീറിന്റേയും സുഹൃത്തുക്കളുടേയും അപകട മരണത്തിൽ ദുരൂഹത ഏറുകയാണ്.
അപകടസമയത്തു വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിനു ശേഷം നടത്തിയ രക്തപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പൊലീസ് റെയ്ഡ് നടത്തിയത്. അപകടത്തിനു പിന്നാലെ ഈ ഹോട്ടലിലെ ബാർ ലൈസൻസ് എക്സൈസ് റദ്ദാക്കിയിരുന്നു. ഇതിനു നാലു ദിവസം മുൻപ് ലഹരിമരുന്ന് ഉപയോഗം നടന്നെന്ന വിവരത്തെ തുടർന്നും ഹോട്ടലിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു.
ഡിജെ പാർട്ടി കഴിഞ്ഞ് കൊച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ വച്ചായിരുന്നു അപകടം. 2019 ലെ മിസ് കേരള അൻസി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശൂർ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുൾ റഹ്മാൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ആൻസിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബ്ദുൾ റഹ്മാനാണ് കാർ ഓടിച്ചിരുന്നത്. മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാർ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാർ ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്.
ബൈക്കിൽ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറിൽ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് തത്ക്ഷണം മരിച്ചത്. മുൻ സീറ്റിലിരുന്ന യുവതി വാഹനത്തിൽ ഞെരിഞ്ഞമർന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനിൽ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചത്.
ഡ്രൈവർ സീറ്റിൽ എയർ ബാഗ് ഉണ്ടായിരുന്നതിനാൽ ഡ്രൈവർ സീറ്റിലെ അബ്ദുൾ റഹ്മാന് കാര്യമായ പരുക്കുകൾ സംഭവിച്ചില്ല. പിന്നിൽ വലതുവശത്തിരുന്ന ആഷിഖ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേൽക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു.