ചിറ്റൂർ: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ പെൺമക്കളെ ദുരൂഹമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പത്മജ വിചിത്രവാദങ്ങൾ തുടരുന്നു. കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് താൻ ശിവനാണെന്നും തന്നിൽനിന്നാണു കൊറോണ വൈറസ് പിറന്നതെന്നും പ്രതി പത്മജ (50) പൊലീസിനോടു പറഞ്ഞത്.

മദനപ്പള്ളെയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയായ പത്മജ, പെൺമക്കളായ അലേഖ്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയെന്നും പിന്നീടു ഡംബൽ കൊണ്ടു മർദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പത്മജയും ഭർത്താവ് പുരുഷോത്തം നായിഡുവുമാണ് കേസിൽ നേരത്തെ അറസ്റ്റിലാണ്.

'ഞാൻ ശിവനാണ്. കൊറോണ വന്നത് എന്റെ ശരീരത്തിൽ നിന്നാണ്. ചൈനയിൽനിന്നല്ല. വാക്‌സീൻ ഉപയോഗിക്കാതെതന്നെ മാർച്ചോടെ ഇത് അവസാനിക്കും. വാക്‌സീന്റെ ആവശ്യമില്ല. എന്റെ തൊണ്ടയിൽ വിഷമുണ്ട്. എന്നെ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.'- പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പത്മജ പൊലീസിനോടു പറഞ്ഞു.

ഗണിതശാസ്ത്രത്തിൽ പിജിയുള്ള ഇവർ, ഐഐടി പരിശീലന കേന്ദ്രത്തിലാണു ജോലി ചെയ്തിരുന്നത്. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ പൊലീസിന്റെയും പുരുഷോത്തമിന്റെയും നിർബന്ധത്തിനു വഴങ്ങിയാണു കോവിഡ് പരിശോധനയ്ക്കു സമ്മതിച്ചത്. ഫലം വന്നിട്ടില്ല. അച്ഛനും അമ്മയും ചേർന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഞായറാഴ്ചയാണു സംഭവം.

പൊലീസിനെ വലയ്ക്കുന്ന മൊഴികളാണ് ദമ്പതിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മൂത്ത മകൾ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് അമ്മ പത്മജ നൽകിയ മൊഴി. തുടർന്ന് സായിയുടെ ആത്മാവിനോടു ചേർന്ന് അവളെ തിരികെ കൊണ്ടുവരാൻ തന്നെ കൊലപ്പെടുത്താൻ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പത്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോൾ പുനർജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. എന്നാൽ പൊലീസ് ഇതു വിശ്വസിക്കാൻ കൂട്ടാക്കിയിട്ടില്ല.

പുനർജന്മ വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാർത്ഥിയായ അലേഖ്യ (27) സംഗീത വിദ്യാർത്ഥിയായ സായി ദിവ്യ (22) എന്നിവർ വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പുരുഷോത്തം നായിഡു, പത്മജ എന്നിവരെ അറസ്റ്റ് ചെയ്തു. പുനർജന്മത്തെക്കുറിച്ചും മറ്റും പറഞ്ഞ് പെൺമക്കളെ മാതാപിതാക്കൾ ബ്രെയിൻവാഷ് ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും മാനസിക നില പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മക്കൾ പുനർജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി ഇരുവരും പൊലീസിനോടു വെളിപ്പെടുത്തി. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച (ജനുവരി 25) മുതൽ സത്യയുഗം തുടങ്ങുമെന്നും മക്കൾ സൂര്യോദയത്തോടെ പുനർജനിക്കും എന്നും ഇവർ പൊലീസിനോടു പറഞ്ഞു.

ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേഖ്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എ.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിരുന്നു. പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്.

അയൽവാസികൾ അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ്, പെൺകുട്ടികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഇരട്ടക്കൊലപാതകം നടന്ന സാഹചര്യങ്ങൾ കുടുംബത്തിന്റെ നിഗൂഢതകളിലേക്കു വിരൽ ചൂണ്ടുന്നതായി പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. പ്രകൃതിയുടെ അദൃശ്യശക്തികളാണു മക്കളെ കൊല്ലാൻ നിർദ്ദേശം നൽകിയതെന്നും പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

കൃത്യം നടത്തിയവരുടെ മാനസിക പ്രശ്‌നങ്ങൾക്ക് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ എന്നു പരിശോധിക്കുകയാണെന്നു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രവി മനോഹർ ആചാരി പറഞ്ഞു. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ഇരുവർക്കും ആശങ്കയുണ്ടായിരുന്നു. കുടുംബത്തിന്റെ നല്ലതിനുവേണ്ടി കൊല നടത്തിയെന്നാണ് അവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.