ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗരവികസന മന്ത്രി പി നാരായണയുടെ മകൻ നിഷിദ് നാരായണ (22) ഹൈദരാബാദിൽ നടന്ന വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നോടെ ആയിരുന്നു അപകടം. നിഷിദിന്റെ സുഹൃത്ത് രാജ രവി വർമ്മയും അപകടത്തിൽ മരിച്ചു.

ഇരുവരും സഞ്ചരിച്ച മെഴ്സിഡീസ് ബെൻസ് വാഹനം ഹൈദരാബാദ് മെട്രോയുടെ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ജൂബിലി ഹിൽസിലെ റോഡ് നമ്പർ 32 ൽ ആയിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനത്തിന് എയർബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റു.

വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമായിട്ടില്ല. ഹൈദരാബാദിൽ പ്രമുഖരുടെ മക്കൾ ഉൾപ്പെട്ട വാഹനാപകടങ്ങൾ തുടർക്കഥയാവുകയാണ്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ, മുൻ മന്ത്രി ബാബു മോഹൻ, കെ. വെങ്കിട് റഡ്ഡി, മുൻ സിനിമാതാരവും ബിജെപി നേതാവുമായ കൊട്ട ശ്രീനിവാസ റാവു തുടങ്ങിയവരുടെ മക്കൾ ഹൈദരാബാദിൽ നടന്ന വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചിരുന്നു.