ഹൈദ്രാബാദ്: ജോലിയിൽ നിന്ന് വിരമിക്കാൻ മൂന്നു ദിവസം ശേഷിക്കെ ആന്ധ്രാപ്രദേശിൽ വിശാഖപട്ടണം നഗരസഭയിലെ ഉദ്യോഗസ്ഥൻ അനധികൃത സ്വത്തുസമ്പാദന കേസിൽ അറസ്റ്റിലായി.

ഗൊള്ളി വെങ്കട്ട രഘുറാമി റെഡ്ഡി ആണ് പിടിയിലായത്. 500 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്തിയതിനെ തുടർന്ന് അഴിമതി വിരുദ്ധ വിഭാഗമാണ് രഘുറാമിയെ അറസ്റ്റ് ചെയ്തത്.

നഗരകാര്യ വകുപ്പിലെ സ്റ്റേറ്റ് ടൗൺ പ്ലാനിങ് ഡയറക്ടറായ രഘുറാമിയുടെ വീട്ടിലും അദ്ദേഹത്തിന് വസ്തുവകകളുള്ള 15 സ്ഥലങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കണക്കിൽപ്പെടാത്ത 500 കോടിയുടെ സ്വത്ത് കണ്ടെത്തിയത്. തുടർന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് രഘുറാമിയെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ റെഡ്ഡിയുടെ വീട്ടിൽ നിന്നും 50 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തി. ഇതിനു പുറമേ നാല് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, അഞ്ച് ലക്ഷം രൂപയുടെ 25 കിലോഗ്രാം വെള്ളിയും ലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. നൂറു കണക്കിന് ഏക്കർ ഭൂമിയും റെഡ്ഡിയുടേയും കുടുംബത്തിന്റേയും പേരിലുള്ളതായും കണ്ടെത്തി.

തിങ്കളാഴ്ച ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ചയും തുടരുകയാണ്. ഇതുവരെ കണ്ടെടുത്ത സ്വത്തുവകകൾ അഞ്ഞൂറ് കോടിയോളം വരുമെന്നാണ് അഴിമതി വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പ്രതികരണം. പതിനഞ്ച് സംഘമായി തിരിഞ്ഞാണ് റെയ്ഡ് നടക്കുന്നത്.

ബുധനാഴ്ചയാണ് റെഡ്ഡി വിരമിക്കേണ്ടിയിരുന്നത്. ഇതിനോടനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിദേശത്തെ ഒരു ആഡംബര റിസോർട്ടിൽ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. ഇവർക്ക് വേണ്ടി വിമാന യാത്രാ ടിക്കറ്റ് പോലും ബുക്ക് ചെയ്തിരുന്നു.