- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെതുടർന്ന് ചികിത്സയിലിരിക്കെ; ആദരാഞ്ജലികളുമായി നേതാക്കൾ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൗതം റെഡ്ഡി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒരാഴ്ചത്തെ ദുബായ് സന്ദർശനം അവസാനിപ്പിച്ച് ഗൗതം റെഡ്ഡി ഇന്നലെയാണ് ഹൈദരാബാദിലെത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് ഗൗതം റെഡ്ഡിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധസംഘം ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൗതം റെഡ്ഡിയുടെ മരണവിവരം ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചു.
1971 നവംബർ രണ്ടിന് നെല്ലൂർ ജില്ലയിലെ ബ്രാഹ്മണപള്ളിയിലാണ് ഗൗതം റെഡ്ഡിയുടെ ജനനം. മുൻ എംപി മേകപതി രാജമോഹൻ റെഡ്ഡിയുടെ മകനാണ്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഗൗതം റെഡ്ഡി എംഎസ്സി പൂർത്തിയാക്കി. വൈസിപിയുടെ തുടക്കം മുതൽ വൈഎസ് ജഗനൊപ്പമാണ് മേകപതി കുടുംബം. നെല്ലൂർ ജില്ലയിലെ വ്യവസായിയാണ്.
2014ലാണ് മേകപതി ഗൗതം റെഡ്ഡി രാഷ്ട്രീയത്തിലെത്തിയത്. 2014ലും 2019ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൈസിപിക്ക് വേണ്ടി ആത്മകൂരിൽ നിന്ന് മത്സരിച്ച ഗൗതം റെഡ്ഡിയാണ് വിജയിച്ചത്. വൈഎസ് ജഗന്മോഹൻ റെഡ്ഡിയുടെ മന്ത്രിസഭയിൽ ഐടി, വ്യവസായ മന്ത്രിയാണ് നിലവിൽ ഇദ്ദേഹം. മരണവിവരമറിഞ്ഞ് ഹൈദരാബാദിലെ കുടുംബാംഗങ്ങളും ബന്ധുക്കളും വൈസിപി നേതാക്കളും ആശുപത്രിയിലെത്തി. ഗൗതം റെഡ്ഡിയുടെ മരണത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ നടുക്കം രേഖപ്പെടുത്തി.