കോട്ടയം: അനാഥയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പാമ്പാടിയിലെ സ്ഥാപന ഉടമ ഒടുവിൽ പിടിയിലായി. അമേരിക്കയിലേക്ക് കടക്കാൻ തീരുമാനിച്ച ഇയാളുടെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ആണ്ടിപ്പെട്ടയിലെ ഫാം ഹൗസിൽ താമസിക്കുകയായിരുന്നു.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുടെ സംരക്ഷണയിൽ വിലസിയ ഇയാളെക്കുറിച്ച് നേരത്തെ തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്തതാണ്. പാമ്പാടി ആശ്വാസ ഭവൻ ഡയറക്ടർ ജോസഫ് മാത്യു (60)വിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കി സ്വദേശിയായ പന്ത്രണ്ടുകാരിയെ ഉപദ്രവിച്ച കേസിൽ പോക്സോ നിയമപ്രകാരം കേസ് എടുത്തതിനെ തുടർന്നാണു ജോസഫ് മാത്യു ഒളിവിൽ പോയത്. അറസ്റ്റ് വെകുന്നതിൽ പ്രതിഷേധിച്ചു ജനകീയ പ്രതിഷേധം ശക്തമായിരുന്നു.

ഇതേ തുടർന്നു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വിദേശത്തേക്കു കടക്കാതിരിക്കുമെന്ന സൂചന ലഭിച്ചതിനാൽ തിരിച്ചറിയൽ നോട്ടിസ് വിമാനത്താവളങ്ങളിലുൾപ്പെടെ പ്രദർശിപ്പിച്ചു. ഇയാളുടെ ബന്ധു വീടുകളിലും ഇന്നലെ മുതൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.

ഹൈക്കോടതിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പളനിയിൽനിന്നു തിരികെ വരുന്ന വഴി കുട്ടിക്കാനത്തുനിന്നാണു പൊലീസ് സംഘം പിടികൂടിയത്. ഡയറക്ടർ ഒളിവിൽ പോയതിനെ തുടർന്ന് ഇവിടുത്തെ അന്തേവാസികളായ 12 കുട്ടികളെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മറ്റു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ജയിലിൽ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ്
ആശ്വാസഭവൻ.

പെൺകുട്ടികളെയും ആൺകുട്ടികളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നുവെങ്കിലും പരാതിപ്പെടാൻ ധൈര്യം കാട്ടിയില്ല. ഇടുക്കിയിലെ പെൺകുട്ടി ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. അതിനുശേഷവും കേസ് ഇഴഞ്ഞു നീങ്ങി. ഇത് ഇയാൾക്ക് രക്ഷപ്പെടുന്നതിന് അവസരം ഒരുക്കുന്നതിനാണെന്ന് പരാതി വന്നു. ജനകീയ പ്രക്ഷോഭവും ശക്തിപ്പെട്ടു. ഇതോടെയാണ് പൊലീസ് ഉണർന്നത്.