ബെംഗളൂരു: ഖനന കേസിൽ റെഡ്ഡി സഹോദരന്മാർ തടിയൂരിയത് 160 കോടി കൈക്കൂലി കൊടുത്തോ..? മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന് കോടികൾ വാഗദ്ാനം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ജസ്റ്റിസ് വിരമിക്കുന്നതിന് മുൻപ് അനുകൂല വിധി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് പരക്കെ ആരോപണം. റെഡ്ഡി സഹോദരന്മാർക്ക് സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബിജെപി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.

കർണാടക തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ബിജെപിയെ വെട്ടിലാക്കും ഈ വീഡിയോ എന്നുറപ്പ്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയാണ് ബി. ശ്രീരാമലു.

2009ൽ റെഡ്ഡി സഹോദരന്മാരായ ജി. ജനാർദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ ഒബ്ലാപുരം മൈനിങ് കമ്പനി (ഒ.എം.സി) നടത്തിവന്ന ഖനനം നിർത്തിവെക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ വിലക്കിയിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഹൈക്കോടതി ഈ ഉത്തരവ് മരവിപ്പിച്ചു. തുടർന്ന് ആന്ധ്രാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2010 മെയ്‌ 10ന് റെഡ്ഡി സഹോദരന്മാർക്ക് അനുകൂലമായി കോടതി വിധിച്ചു. ഇതിന്റെ പിറ്റേന്നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും കെ.ജി.ബാലകൃഷ്ണൻ വിരമിച്ചത്.

2010ലേത് ആണ് വീഡിയോ. മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജൻ, ബി. ശ്രീരാമലു തുടങ്ങി നാലു പേരാണ് വീഡിയോയിലുള്ളതെന്നാണ് ആരോപണം. കോടതി വിധി മറികടന്ന് അനുകൂല വിധി സമ്പാദിക്കുന്നതിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളതെന്നാണ് കോൺഗ്രസ് പറയുന്നത്. ഒരു കന്നഡ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

കേസിൽ റെഡ്ഡി സഹോദരന്മാരുടെ കമ്പനിക്ക് അനുകൂലമായി വിധി നേടുന്നതിന് കർണാടക ബിജെപി നേതാവും നിയമസഭാ സ്ഥാനാർത്ഥിയുമായ ബി. ശ്രീരാമുലു കൈക്കൂലി വാഗ്ദാനം ചെയ്യുന്നന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു.

നേരത്തെ അഴിമതിക്കറപ്പുരണ്ട റെഡ്ഡി സഹോദരന് കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി. സീറ്റു നൽകിയത് വിവാദമായിരുന്നു. കർണാടകയിലെ ബെല്ലാരി മണ്ഡലത്തിലാണ് ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരന്മാരിൽ ഏറ്റവും ഇളയ ആളായ സോമശേഖര റെഡ്ഡിക്ക് സീറ്റു നൽകിയത്.ബെല്ലാരിയിൽ ജയിക്കാൻ പാർട്ടിക്ക് 'വിട്ടുവീഴ്ച' ചെയ്യേണ്ടി വന്നു എന്നു പറഞ്ഞാണ് ബിജെപി വക്താവ് വിവേക് റെഡ്ഡി പാർട്ടി തീരുമാനത്തെ ന്യായീകരിച്ചത്.ഖനി രാജാവ് ഗാലി ജനാർദ്ദൻ റെഡ്ഡി ബി.എസ്. യെദ്യൂരപ്പ സർക്കാറിന്റെ കാലത്ത് മന്ത്രിയായിരുന്നു. 2011ലെ നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് റെഡ്ഡിയെ പുറത്താക്കുകയായിരുന്നു.

ജാമ്യം ലഭിക്കുന്നതിനായി ജഡ്ജിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ ആരോപണ വിധേയനാണ് സോമശേഖര റെഡ്ഡി. കേസിൽ നിലവിൽ ജാമ്യത്തിലാണ് അദ്ദേഹം.ബിജെപിക്ക് ജനാർദ്ദൻ റെഡ്ഡിയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് അമിത് ഷാ പാർട്ടി നടപടിയെ ന്യായീകരിച്ചത്.