ജക്കാർത്ത: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ ഇന്തോനേഷ്യയിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരന്മാരായ ആൻഡ്രൂ ചാൻ, മയൂരാൻ സുകുമാരൻ എന്നിവരുടെ വധ ശിക്ഷ ഇന്നു പുലർച്ചെ നടപ്പാക്കി. ഇന്തോനേഷ്യൻ ഫയറിങ് സ്‌ക്വാഡാണ് നുസാകാബാംഗൻ ഐലൻഡിൽ വധശിക്ഷ നടപ്പാക്കിയത്. അതേസമയം വധശിക്ഷയിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയ അംബസാഡറെ തിരിച്ചുവിളിച്ചതായി പ്രധാനമന്ത്രി ടോണി അബോട്ട് അറിയിച്ചു. എന്നാൽ ചാനിനും സുകുമാരനുമൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഫിലിപ്പൈൻ യുവതിയുടെ ശിക്ഷ ഒഴിവാക്കിക്കൊണ്ട് അവസാനം ഉത്തരവ് വന്നത് അത്ഭുതമെന്ന് കുടുംബാംഗങ്ങൾ വിശേഷിപ്പിക്കുന്നു.

പുലർച്ചെ 3.30നാണ്  മുപ്പത്തൊന്നുകാരനായ ചാനിനേയും മുപ്പത്തിനാലുകാരനായ സുകുമാരനേയും വെടിവച്ച് ഇന്തോനേഷ്യൻ ഫയറിങ് സ്‌ക്വാഡ് വധശിക്ഷ നടപ്പാക്കിയത്. ഇവർക്കൊപ്പം മറ്റ് ആറു പേരെ കൂടി വധശക്ഷയ്ക്കു വിധേയരാക്കിയിരുന്നു. വധശിക്ഷയ്ക്കു ശേഷം ചാനിന്റെയും സുകുമാരന്റെയും മൃതദേഹങ്ങൾ ഓസ്‌ട്രേലിയയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്‌ക്കാരചടങ്ങുകൾ ഓസ്‌ട്രേലിയയിൽ നടത്താനാണ് തീരുമാനം.

അതേസമയം എല്ലാവിധ തയ്യാറെടുപ്പുകൾക്കും ശേഷമാണ് ചാനും സുകുമാരനും മരണത്തെ അഭിമുഖീകരിച്ചതെന്നും കുടുംബത്തിന്റെ എല്ലാവിധ പിന്തുണ ഉണ്ടായിരുന്നുവെന്നും  ഇവരുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ മരണസമയത്ത് സാധാരണയായി നൽകിവരാറുള്ള ആത്മീയ പിന്തുണ ഇവർ നിഷേധിച്ചുവെന്നും റിപ്പോർട്ടുണ്ട്. അന്ത്യനിമിഷങ്ങളിൽ ധൈര്യം നൽകുന്നതിനായി മതാചാര്യന്മാരെ കൂടെ അയയ്ക്കുന്ന പതിവുണ്ടെങ്കിലും ഇവർ ഇതു നിഷേധിക്കുകയായിരുന്നു. ഫയറിങ് സ്‌ക്വാഡ് വെടിവയ്ക്കുന്നതിന് മുമ്പായി അന്ത്യനിമിഷത്തിൽ ചെയ്യേണ്ട കർമങ്ങൾ ചെയ്യാൻ മതാചാര്യന്മാർ കൂടെ നിൽക്കാറുണ്ട്. ഇതെല്ലാം ഒഴിവാക്കി തനിച്ചാണ്  ഇരുവരും ഫയറിങ് സ്‌ക്വാഡിനെ നേരിട്ടതെന്നും പറയപ്പെടുന്നു.

വധശിക്ഷയിൽ നിന്ന് കുറ്റവാളികളെ രക്ഷിക്കുന്നതിനായി അവസാന നിമിഷം വരെ ഓസ്‌ട്രേലിയ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ശ്രമം തുടർന്നിരുന്നു. അനാവശ്യവും ക്രൂരവുമായ നടപടിയായിരുന്നു ഇന്തോനേഷ്യയുടേതെന്നാണ് പ്രധാനമന്ത്രി ടോണി അബോട്ട് അപലപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരേണ്ടത് ആവശ്യമാണ്. എന്നാൽ നിലവിൽ മന്ത്രി തല ബന്ധങ്ങൾ വിച്ഛേദിക്കുകയാണെന്നും അബോട്ട് പറഞ്ഞു. ഇന്തോനേഷ്യയുമായുള്ള ബന്ധത്തിലെ കറുത്ത അദ്ധ്യായമാണിതെന്നും സൂചിപ്പിച്ചു. പഴയപോലെ തന്നെ സൗഹൃദം പുതുക്കാനാകുമെന്നാണ് കരുതുന്നതെന്നും അബോട്ട് സൂചിപ്പിച്ചു.