മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി. ഒന്നാം നമ്പർ താരം ആൻഡി മുറെയാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായത്. അമ്പതാം റാങ്കുകാരനായ ജർമാൻ താരം മിഷ സ്വെരേവാണു മുറെയെ അട്ടിമറിച്ചത്.

ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കായിരുന്നു നാലാം റൗണ്ടിൽ സ്വെരേവിന്റെ വിജയം. സ്‌കോർ: 7-5, 5-7, 6-2, 6-4. പത്തുവർഷത്തെ കരിയറിൽ ആദ്യമായാണു മിഷ സ്വരേവ് ഒരു ഗ്രാൻസ്ലാം ടൂർണമെന്റിന്റെ ക്വാർട്ടറിലേക്കു മുന്നേറുന്നത്.

ആദ്യ സെറ്റിൽ കടുത്ത പോരാട്ടമാണ് മുറെയും സ്വരേവും തമ്മിൽ നടന്നത്. മുറെയെ വിറപ്പിച്ച് ആദ്യ സെറ്റ് സ്വരേവ് നേടി. എന്നാൽ രണ്ടാം റൗണ്ടിൽ തിരിച്ചുവന്ന മുറെ അതേ സ്‌കോറിൽ സെറ്റ് തിരിച്ചുപിടിച്ചു. പിന്നീട് തൊട്ടതെല്ലാം പിഴച്ച മുറെ സ്വരേവിനു കടുത്ത വെല്ലുവിളി ഉയർത്താനാകാതെ കീഴടങ്ങുകയായിരുന്നു. നേരത്തെ മുൻ ഒന്നാം റാങ്കുകാരൻ നൊവാക് ജോക്കോവിച്ചും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായിരുന്നു.