കൊച്ചി: മെയ്‌ക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയ്‌ക്കെതിരെ ഓസ്‌ട്രേലിയയിലുള്ള പ്രവാസി യുവതിയുടെ പീഡന പരാതി. അനീസ് അൻസാരിക്കെതിരെ ഉയർന്ന മീ ടൂ ആരോപണം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനാണ്. ഇതിന് പിന്നാലെയാണ് യുവതികൾ പരാതിയുമായി രംഗത്തു വന്നത്. മീ ടൂ ആരോപണം ഉയർന്നപ്പോൾ തന്നെ അൻസാരി ദുബായിലേക്ക് പറന്നു. എന്നാൽ കേസുണ്ടാകില്ലെന്ന പ്രതീക്ഷയിൽ കൊച്ചിയിൽ തിരിച്ചെത്തിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് പൊലീസ് അനീസ് അൻസാരിക്കെതിരെ വിവരങ്ങൾ പുറത്തു വിട്ടത്. കൊച്ചിയിൽ എത്തിയെന്ന നിഗമനത്തിൽ അൻസാരി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ യുവതിയുടെ പരാതിയിലും പൊലീസ് കേസെടുക്കും. ഓൺലൈനായി മൊഴി രേഖപ്പെടുത്തി ശേഷമാകും പുതിയ കേസ് രജിസ്റ്റർ ചെയ്യുക. ഗുരുതര ആരോപണമാണ് യുവതി ഉന്നയിക്കുന്നത്. മറുനാടൻ മലയാളിയിലൂടെയാണ് അനീസ് അൻസാരിയ്‌ക്കെതിരായ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള റിപ്പോർട്ട് വായിക്കുന്നതെന്നും മറുനാടനെ ബന്ധപ്പെട്ടപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചെന്നും അതു പ്രകാരമാണ് പൊലീസിന് പരാതി നൽകുന്നതെന്നും ഇമെയിലിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന മലയാളിയായ യുവതി ഒൻപതു മണിയോടുകൂടിയാണ് ഇമെയിലിലൂടെ കമ്മീഷണർക്ക് പരാതി നൽകിയത്. വിവാഹസമയത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ അനീസ് അൻസാരിയെ സമീപിക്കുകയായിരുന്നെന്നും മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതി. വിവാഹസമയം ആയിരുന്നതിനാൽ പരാതി നൽകാൻ ഭയപ്പെട്ടുവെന്നും യുവതി പറഞ്ഞു. അനീസിനെതിരെ മറ്റ് പരാതികൾ ഉയർന്നതോടെയാണ് രംഗത്തുവരുന്നതെന്നും പരാതിയിൽ പറയുന്നു.

എന്റെ വിവാഹം നടന്നത് 2015 ഏപ്രിൽ 25നാണ്. ട്രയൽ മേക്കപ്പിനായി അനീസ് അൻസാരിയുടെ സ്റ്റുഡിയോയിൽ പോയി. അന്ന് എല്ലാം നന്നായി തീർന്നു. എന്നാൽ വിവാഹ ദിവസം എനിക്ക് സാരിയും ബ്ലൗസും അണിയാൻ സഹായികളെ അയൾ ചുമതലപ്പെടുത്തി. അതിന് ശേഷം മെയ്‌ക്കപ്പ് ചെയ്യാനായി റൂമിലേക്ക് കൈാണ്ടു പോയി. സ്തനങ്ങൾക്കിടയിലുള്ള ഭാഗത്ത് മെയ്‌ക്കപ്പ് ചെയ്യുന്നതിനിടെ അയാൾ എന്റെ സ്തനങ്ങളിൽ അമർത്തി. അതിന് ശേഷം പിടിച്ച് മുന്നോട്ട് വലിച്ചു. എല്ലാം നിമിഷ നേരം കൊണ്ട് അയാൾ ചെയ്തു.

അതിന് ശേഷം മെയ്‌ക്കപ്പ് അവസാനിച്ചു എന്ന് പറയുകയും ചെയ്തു. അതിന് ശേഷം ചെവിയിൽ പറഞ്ഞ രഹസ്യവും ഞെട്ടിച്ചു. ടവൽ മാറ്റിയാൽ വയറിലും മെയ്ക്കപ്പ് ചെയ്തു തരാമെന്നായിരുന്നു അയാൾ പറഞ്ഞത്. അപ്പോൾ ഒരണ്ണം കൊടുക്കണമെന്ന് മനസ്സു പറഞ്ഞു. പക്ഷേ ചെയ്തില്ല. അടി കൊടുത്താൽ അയാൾ മെയ്ക്കപ്പ് പൂർത്തിയാക്കാതെ പ്രശ്‌നമുണ്ടാക്കി വിവാഹം അലങ്കോലപ്പെടുമോ എന്നതായിരുന്നു ഭയം. 31,000 രൂപയാണ് മെയ്‌ക്കപ്പിന് വേണ്ടി അയാൾക്ക് നൽകിയത്. ഫോണിലൂടെ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ നൽകാം. മെയിലിലൂടെ അത് വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. ഓസ്‌ട്രേലിയയിലാണ് താനുള്ളതെന്നും വ്യക്തമാക്കുന്നുണ്ട്.

യുവതി കമ്മീഷണർക്കാണ് പരാതി നൽകിയത്. എന്നാൽ, പരാതി സൈൻഡ് കോപ്പി അല്ലാത്തെ മെയിലുകളിൽ അയക്കുന്നതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി അയച്ചത്. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്നുകാട്ടിയാണ് പരാതി. ഒരാഴ്ചമുമ്പ് യുവതികൾ മീടു പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.

എന്നാൽ ഇത്തരത്തിൽ അനീസിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ പലതും രേഖാമൂലമുള്ള പരാതികളായി പരിഗണിക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരം പരാതികൾ കോടതി തള്ളിക്കളയാനുള്ള സാദ്ധ്യതയുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇവ ഒപ്പിട്ടു നൽകിയാൽ മാത്രമേ രേഖാമൂലമുള്ള പരാതികളായി പരിഗണിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ യുവതിയുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള പരാതി ലഭ്യമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.