കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമത്തിന്റെ തുറന്നു പറച്ചിലിനു പിന്നാലെ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെയും മീടൂ ആരോപണം. അനീസ് അൻസാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അൻസാരിക്കെതിരെയാണ് നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. അൻസാരിയുടെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയപ്പോഴുണ്ടായ അതിക്രമങ്ങളെ പറ്റി ഇൻസ്റ്റാഗ്രാമിലൂടെയാണ് സ്ത്രീകൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മീ ടൂ രീതിയിലെ ആരോപണം പൊലീസിന് മുമ്പിൽ കേസായെത്തിയിട്ടില്ല. സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെ തുടർന്ന് സ്റ്റുഡിയോ ഉടമ മുങ്ങിയതായാണ് സൂചന. ഇയാൾ ഗൾഫിലേക്ക് കടന്നുവെന്നും വിവരമുണ്ട്.

2014 മുതൽ അനീസിന്റെ മേക്കപ്പ് സ്റ്റുഡിയോയിൽ പോയി അപമാനിതരായ സ്ത്രീകളാണ് ഇൻസ്റ്റാഗ്രാമിൽ തുറന്ന് പറച്ചിൽ നടത്തിയിരിക്കുന്നത്. സ്ത്രീകൾക്കു പുറമേ ഇരയായ സ്ത്രീകളുടെ ഭർത്താക്കന്മാരും അനീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിൽ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിക്കുക, അനുവാദമില്ലാതെ മേൽവസ്ത്രം ഊരിമാറ്റുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സ്തനങ്ങൾക്കു ചുറ്റും ഫൗണ്ടേഷൻ ഇടുന്നതിന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപെടുത്തുക, പിന്നീട് മൊബൈൽ ഫോണിലേക്ക് സന്ദേശങ്ങളയക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.

2019 ൽ ഒരു പെൺകുട്ടി വിവാഹത്തിനായുള്ള മേക്കപ്പിന് അനീസിനെയാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന്റ ഭാഗമായി ട്രൈയൽ മേക്കപ്പിനായി ഒരാഴ്ച മുൻപ് ഇയാളുടെ മേക്കപ്പ് സ്റ്റുഡിയോയിൽ മാതാവുമൊന്നിച്ച് എത്തി. അവിടെ വച്ച് ഇയാൾ അപമര്യാദയായി പെരുമാറി. ശരീരത്തിൽ കടന്നു പിടിക്കുകയും മസ്സാജ് ചെയ്യുകയും ചെയ്തു. ഇതോടെ മേക്ക്പ്പ് നിർത്താൻ ആവശ്യപ്പെടുകയും പുറത്ത് വന്ന് മാതാവിനോട് ഇക്കാര്യം പറഞ്ഞ് ബുക്കിങ് ക്യാൻസൽ ചെയ്യിപ്പിക്കുകയും ചെയ്തു എന്നാണ് ഇൻസ്റ്റാഗ്രാമിലെ ഒരു ആരോപണം. വിവാഹ നിശ്ചയത്തിന്റെ ആവശ്യത്തിനായി മേക്കപ്പ് ചെയ്യാനായി തനിയെ പോയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഇയാൽ ഊരിയെടുത്തു. ഞെട്ടിപ്പോയ പെൺകുട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. തൊട്ടടുത്ത വിവാഹ നിശ്ചയത്തിന് എന്തെങ്കിലും പ്രശ്നം വരുമോ എന്ന് ഭയന്ന് മറ്റാരോടും ഇത് പറയാതെ മനസ്സിൽ അടക്കി വച്ചിരിക്കുകയായിരുന്നു.

വിവാഹതലേന്ന് ചക്കരപറമ്പിലെ ഇയാളുടെ സ്റ്റുഡിയോയിലെത്തിയ മറ്റൊരു പെൺകുട്ടിയുടെ ഷർട്ട് ഊരി മാറ്റിയത് ഫൗണ്ടേഷൻ ഇടാനാണ് എന്ന് പറഞ്ഞാണ്. അത് വിലക്കിയപ്പോൾ അങ്ങനെ ചെയ്തില്ലെങ്കിൽ മേക്കപ്പ് കൊണ്ട് യാതൊരു ഫലവുമില്ലെന്ന് ഇയാൾ പറഞ്ഞ് നിർബന്ധിപ്പിക്കുകയായിരുന്നു. വയറിൽ ഫൗണ്ടേഷൻ ഇട്ടതിന് ശേഷം സ്തനങ്ങൾ കൂടി പുറത്തേക്ക് കാണിക്കാമോ എന്ന് ഇയാൾ ചോദിച്ചു. ഇതോടെ അസ്വസ്ഥയായ പെൺകുട്ടി അവിടെ നിന്നും ഇറങ്ങിപ്പോയി. ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ വിവാഹമല്ലേ, മറ്റാരും ഇതറിഞ്ഞ് പ്രശ്നമാകേണ്ട എന്ന് ഉപദേശിച്ച് സമാധാനിപ്പിക്കുകയായിരുന്നു.

വിവാഹ നിശ്ചയത്തിനായി മേക്കപ്പ് ചെയ്യാനെത്തിയ മറ്റൊരു യുവതിയെ ഫൗണ്ടേഷൻ ഇടുന്നതിനിടെ ലൈംഗിക അവയവം ശരീരത്തിൽ ഉരച്ച് അനീസ് അതിക്രമം കാണിച്ചു. എന്നിട്ട് പെൺകുട്ടിയോട് ആ ഭാഗത്ത് ചൂട് അനുഭവപ്പെട്ടോ എന്നും ചോദിച്ചു. പകച്ചിരുന്ന പെൺകുട്ടിയുടെ ടീഷർട്ട് ഉയർത്തി മുൻഭാഗത്തേക്ക് തുറിച്ചു നോക്കുകയും അവിടെ ഫൗണ്ടോഷൻ തേച്ചു പിടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം യുവതിയെ മാനസികമായി തളർത്തി. പുറത്ത് വന്ന് അമ്മയോടും ബന്ധുവിനോടും ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയൊന്നും ആയിരിക്കില്ല, എല്ലാം നിന്റെ അനാവശ്യ തോന്നലായിരിക്കുംമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയായിരുന്നു. ഈ സംഭവത്തോടുകൂടി അടുത്ത ദിവസത്തെ വിവാഹനിശ്ചയത്തിൽ സന്തോഷമില്ലാതെയാണ് നിന്നത് എന്ന് യുവതി വേദനയോടെ കുറിക്കുന്നു.

സ്വന്തം ഭാര്യക്ക് അനീസിൽ നിന്നും നേരിട്ട അനുഭവം ഒരു ഭർത്താവ് വെളിപ്പെടുത്തുന്നത് ഇങ്ങനെ. വിവാഹ നിശ്ചയത്തിന് എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു. ഞാൻ കാരണം തിരക്കിയപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. എന്നാൽ വിവാഹ തലേന്ന് അവൾക്ക് അന്ന് മേക്കപ്പ് ചെയ്ത ആളുടെ പെരുമാറ്റം ശരിയല്ലായിരുന്നു. അതിനാൽ വിവാഹത്തിന് മേക്കപ്പ് ചെയ്യാൻ പോകാൻ മടിയാണെന്ന് പറഞ്ഞു. അതോടെ വിവാഹ ദിവസം പുലർച്ചെ മേക്കപ്പ് സ്റ്റുഡിയോയിൽ ഭാര്യക്കൊപ്പം തന്നെ നിന്ന് മേക്കപ്പ് ചെയ്യിച്ചു മടങ്ങുകയായിരുന്നു. അന്ന് ഇക്കാര്യം അയാളോട് ചോദിക്കാതെ പോയത് വലിയ തെറ്റായി ഇപ്പോൾ തോന്നുവെന്നും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഇപ്പോൾ ആരോപണം വന്നപ്പോൾ അത് തുറന്ന് പറയണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

ഇത്തരത്തിൽ നിരവധി പേരാണ് അനീസ് അൻസാരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു യുവതിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് മറുപടിയായാണ് ഇവരെല്ലാം അനീസിനെതിരെയുള്ള ആരോപണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അവർ സ്്ക്രീൻഷോട്ട് സഹിതം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിന്റെ തനി നിറം പുറത്തറിയുന്നത്. ക്രിസ്ത്യൻ വിവാഹങ്ങൾക്കാണ് അനീസ് മേക്കപ്പ് ചെയ്യുന്നത്. പലരും ഉന്നത കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ ഇയാളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള അതിക്രമങ്ങൾ ആരോടും തുറന്നു പറഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അനീസിനെതിരെ ഇൻസ്റ്റാഗ്രാമിൽ മീടു ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ ഇയാൾ ദുബായിലേക്ക് പോയിരിക്കുകയാണ്. ലുലുമാളിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മേക്കപ്പ് സാധനങ്ങൾ വിൽക്കുന്ന നിരവധി ഷോപ്പുകൾ ഇയാൾക്കുണ്ട്. അനീസ് അൻസാരി എന്നാണ് ഷോപ്പിന്റെ പേരും.