തിരുവനന്തപുരം: ദൃശ്യമാദ്ധ്യമപ്രവർത്തകനെ റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യാനെറ്റ് ചീഫ് ബ്രോഡ്കാസ്റ്റ് എഡിറ്ററും എഫ്‌ഐആർ പരിപാടിയുടെ അവതാരകനുമായ അനീഷ് ചന്ദ്രനെ(34)യാണ് കഴക്കൂട്ടത്തിനടുത്ത് റെയിൽവേട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം. കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം വടവന മഠത്തിൽ വീട്ടിൽ ആർ. ചന്ദ്രശേഖര പിള്ളയുടേയും പി.വിജയമ്മയുടേയും മകനാണ് അനീഷ്. പി. അർച്ചനയാണ് ഭാര്യ. ദുബായിൽ ജോലി ചെയ്യുന്ന ഗിരീഷ് ചന്ദ്രൻ സഹോദരനാണ്.

അനീഷിന്റെ അപ്രതീക്ഷിത വിയോഗം മാദ്ധ്യമമേഖലയിലെ സുഹൃത്തുക്കൾക്കു വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. അരോഗദൃഢഗാത്രനായ, ഉയരങ്ങളെ കുറിച്ച് സ്വപ്നം കണ്ടിരുന്ന, കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുണ്ടായിരുന്ന, ഏറെ അത്മവിശ്വാസമുണ്ടായിരുന്ന ഒരാളുടെ നഷ്ടം ഏവരെയും ഞെട്ടിക്കുക തന്നെ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസിലെ എഫ്ഐആർ എന്ന പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനായത്. സിവിൽ സർവ്വീസ് സ്വപ്‌നങ്ങളും അനീഷിനുണ്ടായിരുന്നു. 34-ാം വയസ്സിൽ അനീഷ് ജീവിതത്തോട് വിടപറയുമ്പോൾ നാല് മാദ്ധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള അനുഭവപരിചയമാണ് അനീഷിനുണ്ടായിരുന്നത്.

കേരള സർവ്വകലാശാലയുടെകാര്യവട്ടം കാമ്പസിൽ നിന്നാണ് അനീഷ് ചന്ദ്രൻ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്. മാദ്ധ്യമം പത്രത്തിൽ ഇന്റേൺഷിപ്പ് ചെയ്തു. മംഗളം പത്രത്തിലാണ് മാദ്ധ്യമ പ്രവർത്തനം തുടങ്ങുന്നത്. അച്ചടിമാദ്ധ്യമത്തിൽ നിന്ന് പിന്നീട് ദൃശ്യമാദ്ധ്യമത്തിലേയ്ക്കായിരുന്നു എത്തിയത്. കൈരളി ടിവിയിൽ ജേർണലിസ്റ്റ്.
കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷം അവിടെ നിന്ന് പടിയിറങ്ങി വീണ്ടും മംഗളത്തിലെത്തി.

പിന്നീട് മാതൃഭൂമി പത്രത്തിലെത്തി. ആദ്യം തൊടുപുഴയിലും പിന്നെ കൊച്ചിയിലും തിരുവനന്തപുരത്തും ജോലി ചെയ്തു. മാതൃഭൂമിയിൽ ജോലി ചെയ്യവേയാണ് ഏഷ്യാനെറ്റ് ന്യൂസിലേയ്ക്ക് വീണ്ടും എത്തുന്നത്. എഫ്ഐആർ എന്ന ജനപ്രിയ പരിപാടിയുടെ അവതാരകനായി.

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടുക എന്നത് അനീഷിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. അതിനായുള്ള പരിശ്രമങ്ങൾ മാദ്ധ്യമ പ്രവർത്തനത്തിടയിലും തുടർന്നിരുന്നു. വലിയ സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് അനീഷ് ജീവിതത്തോടു വിട പറഞ്ഞത്.