പാലക്കാട്: തേങ്കുറിശ്ശിയിൽ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ. ഹരിതയുടെ അച്ഛന് പ്രഭുകുമാർ ഫോണിലൂടെയും അമ്മാവൻ സുരേഷ് നേരിട്ടെത്തി മൂന്ന് നാല് തവണയും ഭീഷണിപ്പെടുത്തി.

'പെണ്കുട്ടിയുടെ അച്ഛന് ഇടയ്ക്കിടെ ഇവിടെ വരുമായിരുന്നു. അച്ഛന് ഫോണ് വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. അമ്മാവന് മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാണ് അയാള് പറഞ്ഞിരുന്നത്. അത് അവർ നടത്തി,'അനീഷിന്റെ അച്ഛന് പറഞ്ഞു.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷ് ഡിസംബർ ഏഴാം തീയതി വീട്ടിലെത്തിയിരുന്നു. ഹരിതയെ ഭീഷണിപ്പെടുത്തിയ ഇയാളെ വീട്ടിൽനിന്ന് ഇറക്കിവിടുകയാണ് ചെയ്തത്. എന്നാൽ തന്റെ ഇളയ മകന്റെ ഫോൺ അയാൾ പിടിച്ചുവാങ്ങിക്കൊണ്ടുപോയി. കുട്ടികൾ പഠിക്കാൻ ഉപയോഗിക്കുന്ന ഫോൺ ആണെന്ന് പറഞ്ഞിട്ടും കേട്ടില്ല. സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് റെക്കോർഡ് ചെയ്യാന് ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോണ് പിടിച്ച് വാങ്ങിയതെന്ന് ഹരിതയും പറഞ്ഞു. പിറ്റേദിവസം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും എടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് പറഞ്ഞ് പൊലീസുകാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അറുമുഖൻ പറഞ്ഞു.

പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയപ്പോഴും പൊലീസിൽ പരാതി നൽകിയിരുന്നതായും എന്നാൽ നടപടിയെടുക്കാതെ പൊലീസ് ഒഴിഞ്ഞുമാറിയെന്നും അറുമുഖൻ ആരോപിച്ചു. സഹോദരന് അരുണിനൊപ്പം ക്രിസ്മസ് ദിനത്തില് വൈകീട്ട് കടയിലേക്ക് പോകുന്ന വഴിയാണ് പ്രഭുകുമാറും സുരേഷും ഇവരെ ആക്രമിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു വെള്ളിയാഴ്ച. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെത്തുടര്ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനീഷ് പുറത്തേക്ക് പോകാറില്ലായിരുന്നു. ഈയടുത്ത ദിവസങ്ങളിലാണ് ഇദ്ദേഹം പുറത്തേക്കിറങ്ങി തുടങ്ങിയത്.

.പെയിന്റിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. ഭാര്യയുടെ വീട്ടുകാര് വിവാഹത്തെ ശക്തമായി എതിര്ത്തിരുന്നു. ഇരുവരും രണ്ട് ജാതിയില്‌പ്പെട്ടവരാണ്. കൊല്ലപ്പെട്ട അനീഷ് കൊല്ല സമുദായത്തിലും ഹരിത പിള്ള സമുദായത്തിലും പെട്ടവരാണ്. അനീഷിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും ആരോപണം.

അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു ആലത്തൂർ ഡി.വൈ.എസ്‌പി. കെ.എം. ദേവസ്യയുടെ പ്രതികരണം. അനീഷിന്റേയും ഹരിതയുടേയും കുടുംബങ്ങൾ തമ്മിൽ ജാതീയമായും സാമ്പത്തികമായും ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു. തേങ്കുറിശ്ശിയിലെ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പാലക്കാട് എസ്‌പി. സുജിത് ദാസും പ്രതികരിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഇരുവരുടെയും വിവാഹത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇരുകുടുംബങ്ങളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും വ്യവസ്ഥകൾ അംഗീകരിച്ചാണ് ഇവർ പോയതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം മുമ്പാണ് അനീഷും ഹരിതയും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിന് ശേഷവും ഹരിതയുടെ പിതാവിന്റെയും ബന്ധുക്കളുടെയും ഭീഷണി തുടർന്നു. ഇതിനിടെ, അനീഷിന്റെ വീട്ടിലെത്തി ഹരിതയുടെ ആധാർ കാർഡും മറ്റുരേഖകളും പിതാവ് പ്രഭുകുമാർ എടുത്തുകൊണ്ടുപോവുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ പിതാവ് പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരൻ അരുണിനൊപ്പം ബൈക്കിൽ പോവുകയായിരുന്നു അനീഷ്. ഇരുവരും ബൈക്ക് നിർത്തി കടയിൽ കയറിയപ്പോൾ മറ്റൊരു ബൈക്കിലെത്തിയ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻശ്രമിച്ച അരുണിനെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചു. വെട്ടേറ്റ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളായ പ്രഭുകുമാറിനെയും സുരേഷിനെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽനിന്നാണ് പ്രഭുകുമാറിനെ പിടികൂടിയത്.