- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ താലികെട്ടി; എല്ലാം അറിഞ്ഞിട്ടും അച്ഛൻ നൽകിയത് തട്ടിക്കൊണ്ടു പോകൽ പരാതി; സ്റ്റേഷനിൽ മകൾ പ്രണയം സമ്മതിച്ചതോടെ എല്ലാം കോംപ്രമൈസാക്കി; അപ്പോഴും മകളുടെ താലി ചരടിന് ഇട്ടത് മൂന്ന് മാസത്തെ ആയുസ്; തേൻകുറിശിയിൽ ഹരിത തളർന്ന് കരയുമ്പോൾ
പാലക്കാട്: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയെന്നു കോടതി വിശേഷിപ്പിച്ച കെവിൻ വധം 2018 ലായിരുന്നു. കോട്ടയം സ്വദേശി കെവിൻ പി. ജോസഫ് കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം തട്ടിക്കൊണ്ടുപോയി പുഴയിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. നീനുവിന്റെ പിതാവ് ചാക്കോയെ വിട്ടയച്ചെങ്കിലും സഹോദരൻ സാനു അടക്കം 10 പ്രതികൾക്കു സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. പൊലീസിന്റെ വീഴ്ചകളായിരുന്നു അന്നും ആ കൊലയിൽ ചർച്ചയായത്. രണ്ട് വർഷത്തിന് ശേഷം തേൻകുറിശ്ശിയിൽ ജാതിയും പണവും ജീവനെടുത്തത് അനീഷിന്റേതാണ്. അപ്പോഴും പ്രതിക്കൂട്ടിൽ പൊലീസുണ്ട്.
പാലക്കാട് ദുരഭിമാനക്കൊലയിൽ പൊലീസിന്റേത് ഗുരുതരവീഴ്ചയെന്ന് ഷാഫി പറമ്പിൽ എംഎൽഎയും ആരോപിച്ചു. അനീഷിന് ഭീഷണിയുണ്ടെന്ന് നേരിട്ട് പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ല. അതിനിടെ അനീഷ് വധക്കേസിൽ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാറിനെയും ഹരിതയുടെ അമ്മാവൻ സുരേഷിനെയുമാണ് അറസ്റ്റ് ചെയ്തത്. അതേസമയം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഡിവൈഎസ്പി വി എസ്.സുന്ദരന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ രംഗങ്ങൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. വാവിട്ടു കരയുന്ന ഭാര്യ ഹരിതയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കൾ കുഴങ്ങി. കരച്ചിൽ അടക്കിനിർത്താൻ ഏവരും പ്രയാസപ്പെട്ടു. അനീഷിനെ വധിച്ചവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത പറഞ്ഞു. വിവാഹം മുതൽ വീട്ടുകാർ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി പൊലീസ് കാര്യമായെടുത്തിരുന്നെങ്കിൽ അനീഷ് കൊല്ലപ്പെടില്ലായിരുന്നു. തിരഞ്ഞെടുപ്പ് സമയമായതിനാൽ തുടർനടപടി ഉണ്ടായില്ലെന്നും ഹരിത പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണു മരണകാരണം.
മൂന്നു മാസം മുൻപാണ് 27കാരനായ അനീഷും 21കാരിയായ ഹരിതയും പ്രണയിച്ച് വിവാഹം ചെയ്തത്. ജാതിയുടെയും സാമ്പത്തിക നിലയുടെയും പേരു പറഞ്ഞ് ആദ്യം മുതൽതന്നെ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തെ എതിർത്തിരുന്നു. ഒടുവിൽ, വിവാഹം കഴിഞ്ഞു മൂന്നു മാസം തികയുന്നതിന്റെ തലേന്നു പ്രതികൾ കൃത്യം നടപ്പാക്കുകയായിരുന്നു. മകളുടെ വിവാഹത്തെച്ചൊല്ലി ഇനി വഴക്കുണ്ടാക്കില്ലെന്നു പൊലീസിനു നൽകിയ ഉറപ്പു പ്രഭുകുമാർ പാലിച്ചില്ല. തേങ്കുറുശ്ശിയിൽ ഒരു കിലോമീറ്റർ അകലെയാണ് ഹരിതയുടെയും ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെയും വീടുകൾ.
മകളെ തട്ടിക്കൊണ്ടുപോയെന്നു പ്രഭുകുമാർ പൊലീസിൽ നൽകിയ പരാതിയിൽ ഇരുകുടുംബങ്ങളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. അനീഷിനൊപ്പം ജീവിക്കാനാണു തീരുമാനമെന്ന് ഹരിത അറിയിച്ചതോടെ പ്രശ്നങ്ങളില്ലാതെ പിരിഞ്ഞുപോയെന്നു പൊലീസ് പറയുന്നു. എന്നാൽ, പിന്നീടും പ്രഭുകുമാറും ഹരിതയുടെ അമ്മാവൻ സുരേഷ്കുമാറും അനീഷിനെ ഭീഷണിപ്പെടുത്തി. തരം കിട്ടുമ്പോഴെല്ലാം സുരേഷ്കുമാർ അനീഷിനുമായി തർക്കമുണ്ടാക്കി. അനീഷിന്റെ അനുജൻ പഠിക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ സുരേഷ്കുമാർ എടുത്തുകൊണ്ടുപോയതു സംബന്ധിച്ച് ഈ മാസം 8നു ഹരിത പൊലീസിനു പരാതി നൽകിയിരുന്നു.
നടപടിയുണ്ടായില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം സ്റ്റേഷനിൽ വീണ്ടും അന്വേഷിച്ചപ്പോൾ 2 പൊലീസുകാരെത്തി മൊബൈൽ നമ്പറും മറ്റും ചോദിച്ചുപോയെന്നും അനീഷിന്റെ അച്ഛൻ അറുമുഖൻ പറഞ്ഞു. ഇതിനിടെ തങ്ങൾ സ്വത്തു ചോദിച്ചെന്നാരോപിച്ച് കേസു കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. തർക്കത്തിൽ വീണ്ടും ഇടപെട്ടിരുന്നതായും തിരഞ്ഞെടുപ്പു തിരക്കു മൂലമാണു നടപടി നീണ്ടതെന്നും കുഴൽമന്ദം ഇൻസ്പെക്ടർ ഇ.പി. രാമദാസും എസ്ഐ എ. അനൂപും പറയുന്നു. ഹരിതയെയും അനീഷിന്റെ വീട്ടുകാരെയും സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി സുജിത്ദാസും കുടുംബത്തിന്റെ പരാതികളിൽ നടപടി സ്വീകരിച്ചിരുന്നതായി പറഞ്ഞു. തുടർനടപടികളിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും അറിയിച്ചു.
ജാതിയും സമ്പത്തുമാണു അനീഷിന്റെ കൊലപാതകത്തിനു കാരണമെന്നു ഹരിത പറയുന്നു. ദുരഭിമാനക്കൊലയാണ്. താഴ്ന്ന ജാതിക്കാരന്റെ ഭാര്യയായി മകൾ ഇരിക്കേണ്ടെന്ന് അച്ഛനും ബന്ധുക്കളും തീരുമാനിച്ചു. 3 മാസത്തിൽ താഴെയേ താലി കഴുത്തിലുണ്ടാകൂ എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹത്തിനു മുൻപ് അനീഷുമായുള്ള സ്നേഹബന്ധം അറിഞ്ഞപ്പോൾ മുതൽ ഭീഷണിയുണ്ട്.
മറ്റൊരു വിവാഹത്തിനു വീട്ടുകാർ ശ്രമം നടത്തിയപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ പോയി താലികെട്ടി. അന്നു വൈകിട്ടാണു സ്റ്റേഷനിൽ ചെന്നത്. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ താൻ പരീക്ഷയ്ക്കു വേണ്ടി പുസ്തകങ്ങൾ ചോദിച്ചു വീട്ടിലേക്കു വിളിച്ചെങ്കിലും തനിച്ചു വരാനാണു പറഞ്ഞതെന്നു ഹരിത പറഞ്ഞു. എന്നാൽ അപ്പു(അനീഷ്)വിനെയും കൂട്ടിയേ വരൂ എന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു-ഹരിത പറയുന്നു.
വ്യത്യസ്ത ജാതികളിൽപ്പെട്ട അനീഷും ഹരിതയും സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്നു. സാമ്പത്തിക അന്തരവും പ്രതികളുടെ വൈരാഗ്യത്തിനു കാരണമായെന്നു പൊലീസ് പറയുന്നു. അനീഷ് പെയിന്റിങ് തൊഴിലാളിയായിരുന്നു. വീട്ടുകാർ മറ്റൊരാളുമായി ഹരിതയുടെ വിവാഹം നിശ്ചയിച്ചതിനു പിറ്റേന്നാണ് ഇരുവരും വിവാഹിതരായത്. ഇതാണ് പ്രകോപനമായത്.
25നു വൈകിട്ട് അഞ്ചരയോടെ, അനീഷ് സഹോദരൻ അരുണിനൊപ്പം കടയിൽപ്പോയി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രഭുകുമാറും സുരേഷ്കുമാറും ഇരുമ്പുദണ്ഡുകൊണ്ടു തലയിലടിക്കുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
മറുനാടന് മലയാളി ബ്യൂറോ