കരുനാഗപ്പള്ളി: സമൂഹ മാദ്ധ്യമങ്ങളിൽ തേജോവധം ചെയ്തതാണ് അഴീക്കൽ സദാചാര പൊലീസുകാരുടെ ഇരയായ പാലക്കാട് അഗളി സ്വദേശി അനീഷ് ജീവനൊടുക്കാൻ കാരണം. സഹോദരീ സ്ഥാനത്ത് കണ്ട പെൺകുട്ടിയുമായി അരുതാത്ത ബന്ധം ആരോപിച്ചുള്ള കുപ്രചരണം അനീഷിനെ മാനസികമായി തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

പാലക്കാട് സ്വദേശിനിയായ യുവതിയുമായി അനീഷിന്റെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. മറുനാടൻ പുറത്ത് വിട്ട വാർത്തക്ക് പിന്നാലെ കൊല്ലം കമ്മീഷണർക്ക് പരാതി നൽകാൻ ഇയാൾ എത്തിയത് വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ പിതാവിനൊപ്പമായിരുന്നു. അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടേയും വാക്കുകളിലെ സത്യവസ്ഥ മനസ്സിലാക്കിയ ഭാവി വധുവിന്റെ പിതാവ് കല്ല്യാണവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സമൂഹ മാദ്ധ്യമങ്ങളിൽ ഇരകളെ വീണ്ടും ക്രൂശിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ വ്യാപകമായതിനെ തുടർന്ന് ഇവർ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ പൂർണ്ണമായും തകർന്ന അനീഷ് പലപ്പോഴും ആത്മഹത്യയെകുറിച്ച് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. കേരള മനസ്‌ക്ഷിയെ ഞെട്ടിച്ച സംഭവത്തിനെതിരെ ഇരകളായ അനീഷും കൊല്ലം ശൂരനാട് സ്വദേശിനിയായ പെൺകുട്ടിയും നിയമപോരാട്ടവുമായി രംഗത്ത് വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

തങ്ങൾക്കുണ്ടായ ഈ ദുരനുഭവം ഇനിയൊരാൾക്കും സംഭവിക്കാതിരിക്കാനാണ് നിയമ നടപടികൾക്കായി മുന്നിട്ടിറങ്ങിയതെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകാനെത്തിയപ്പോൾ ഇരുവരും മാദ്ധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിരുന്നു.

സദാചാര ഗുണ്ടായിസം കാട്ടിയ മുഴുവൻ പ്രതികളേയും പൊലീസ് പിടികൂടിയപ്പോൾ പൊലീസിനേയും മാദ്ധ്യമങ്ങളേയും അഭിനന്ദിച്ച് കൊണ്ടുള്ള ശബ്ദസന്ദേശം അനീഷ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

അനീഷിന്റെ ആത്മഹത്യാ കുറുപ്പിൽ ധനേഷ്, രമേശ് എന്നിവരുടെ പേരുകളാണ് ഉള്ളത്. ഇതിൽ രമേശ് പ്രതിപ്പട്ടികയിൽ ഇല്ലാത്ത ആളാണ്. കൊല്ലത്തെ ആക്രമണത്തിന് ശേഷം പ്രതികളുടെ സുഹൃത്തുക്കൾ ഫേസ്‌ബുക്കിലൂടെ വീണ്ടും അപമാനിച്ചതായി അനീഷ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതാണ് അനീഷിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതായി അഗളി എസ്.ഐ.എസ്.സുബിൻ മറുനാടനോട് പറഞ്ഞു. അനീഷ് സദാചാരഗുണ്ടായിസത്തിനിരയായ കൊല്ലത്തേക്ക് ഉടൻ തന്നെ അന്വേഷണ സംഘം തിരിക്കുമെന്നും കൊല്ലം ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരിക്കുന്ന രമേശ് ഉൾപ്പെട്ടിട്ടില്ല, ഇയാളെ കണ്ടെത്താനുമുള്ള ശ്രമം ആരംഭിക്കുമെന്നും എസ്.ഐ പറഞ്ഞു.

നരഹത്യക്ക് കേസെടുക്കുന്നതിനുള്ള സാധ്യതകളും പൊലീസ് ആരായുന്നുണ്ടെന്നാണ് വിവരം. അതേസമയം, അനീഷിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും കേസെടുക്കും. കൊല്ലം, പാലക്കാട് എസ്‌പിമാരോട് കമ്മിഷൻ ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടും. സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്.