കൊച്ചി: സാത്താൻ സേവ നടത്തുന്ന കാമുകന് ആഭിചാരക്രിയകൾക്ക് തിരുവോസ്തി സംഘടിപ്പിക്കാനായാണ് സൺഡേ സ്‌ക്കൂൾ അദ്ധ്യാപിക 14 കാരിയെ വശത്താക്കി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. പലവട്ടം പള്ളിയിൽ നിന്നും പെൺകുട്ടിയെ ഉപയോഗിച്ച് തിവോസ്തി സംഘടിപ്പിച്ച് സാത്താൻ സേവയും നടത്തി. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ തടിയിട്ട പറമ്പ് പൊലീസ് പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുക്കുകയുമായിരുന്നു.

2015ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസം കേസിലെ നാലു പ്രതികൾക്ക് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ കനത്ത് ശിക്ഷ വിധിച്ചിരുന്നു. ഒന്നാ പ്രതിയായ സൺഡേ സ്‌ക്കൂൾ അദ്ധ്യാപിക കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ ദേവസിയുടെ മകൾ അനീഷ(28)യ്ക്ക് 32 വർഷം കഠിന തടവും പിഴയും, രണ്ടാം പ്രതി പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ലത്തീഫിന്റെ മകൻ ബേസിൽ എന്ന ഹർഷാദി(24)ന് 38 വർഷം കഠിന തടവും പിഴയും,, മൂന്നാം പ്രതി കിഴക്കമ്പലം ആലിൻ ചുവട് തടിയൻ വീട്ടിൽ ജോയിയുടെ മകൻ ജിബിൻ(24) 48 വർഷം കഠിന തടവും പിഴയും, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജോൺസ് മാത്യൂ(24)വിന് 12 വർഷം കഠിന തടവും പിഴയുമാണ് ചുമത്തിയത്.

കണ്ണൂരിൽ നിന്നും പിതാവിന്റെ ജോലി സ്ഥലത്ത് താമസിക്കുകയായിരുന്ന പെൺകുട്ടി അനീഷയുമായി സൗഹൃദത്തിലായി. കത്തോലിക്കാ വിഭാഗത്തിലുള്ള പെൺകുട്ടികളെ നോട്ടമിട്ടിരുന്ന സാത്താൻ സേവ സംഘത്തിന് ഈ പെൺകുട്ടിയെ അനീഷ പരിചയപ്പെടുത്തി. ഇവരിൽ ഒരാളുമായി പെൺകുട്ടിയെ പ്രണയത്തിലാക്കുകയും ലൈഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു. തുടർന്ന് മറ്റുള്ളവരും പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളെല്ലാം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. അനീഷ പെൺകുട്ടിയെ ആശ്വസിപ്പിക്കുകയും ഇതെല്ലാം ഇവിടെ നടക്കുന്ന സംഭവങ്ങളാണ് എന്നും പേടിക്കേണ്ട എന്നും പറഞ്ഞു.

പെൺകുട്ടി എതിർത്തപ്പോൾ പീഡന ദൃശ്യങ്ങൾ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പീന്നീടുള്ള പീഡനങ്ങൾ ഭീഷണിയുടെ പുറത്തായിരുന്നു. ഇതിനിടയിൽ പെൺകുട്ടിയോട് പള്ളിയിൽ നിന്നും കുർബാനയ്ക്ക് ശേഷം നൽകുന്ന തിരുവോസ്തി കൈവശപ്പെടുത്തി തരണമെന്ന് പറഞ്ഞു. ഇതും ഭീഷണിയുടെ പുറത്തായിരുന്നു. അന്ന് കത്തോലിക്കാ സഭയിൽ തിരുവോസ്തി വിശ്വാസികളുടെ കയ്യിൽ കൊടുക്കുകയായിരുന്നു പതിവ്.

അതിനാൽ തന്നെ പെൺകുട്ടിക്ക് അത് കൈവശം വച്ച് പ്രതികൾക്ക് കൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത്തരത്തിൽ പലതവണ പെൺകുട്ടിയെ ഉപയോഗിച്ച് തിരുവോസ്തി കൈവശപ്പെടുത്തി സാത്താൻ സേവ ചെയ്തിരുന്നു. സാത്താൻ സേവയ്ക്കായി പെൺകുട്ടിയെ ഫോർട്ട് കൊച്ചിയിലെ ഒരു ആഭിചാര കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു.

ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയായതോടെയാണ് ക്രൂര പീഡനത്തിന്റെയും സാത്താൻ സേവയുടെയും കഥകൾ പുറത്ത് വന്നത്. ഇതോടെ പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. തടിയിട്ട പറമ്പ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കുന്നത്തുനാട് സർക്കിൽ ഇൻസ്പെക്ടർ ജെ.കുര്യാക്കോസ് ഏറ്റെടുത്തു.

അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും നാലുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കേസിൽ പ്രതികൾക്ക് കനത്ത ശിക്ഷ വിധിക്കുകയാണുണ്ടായത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസീക്യൂട്ടർ പി.എ ബിന്ദുവാണ് ഹാജരായത്.