കൊച്ചി : ജോസ് തെറ്റയിലിന് അങ്കമാലിയിൽ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകുന്നതു കാണട്ടെയെന്നു നോബി. മുന്മന്ത്രിയും അങ്കമാലി എം എൽ എ യുമായ ജോസി തെറ്റയിലിനെതിരേയുള്ള ലൈംഗികാരോപണ കേസിലെ നായിക നോബിയാണു തെറ്റയിൽ സ്ഥാനാർത്ഥിയാകുന്നതു കാത്തിരിക്കുന്നത്.

അങ്കമാലി നിയമസഭാ സീറ്റിൽ ജോസ് തെറ്റയിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയെ തുടർന്നാണ് നോബിയുടെ പ്രതികരണം. രാഷ്ട്രീയക്കാരിൽ സ്ത്രീ വിഷയം ഇപ്പോൾ ഒരു ഫാഷനാണെന്നു നോബി പറയുന്നു. നിരവധി രാഷ്ട്രീയക്കാരുടെ പേര് നോബി എടുത്തു പറഞ്ഞു. ജോസ് തെറ്റയിലിനെ അങ്കമാലിയിൽ മത്സരിപ്പിക്കാൻ മാത്രം വിഡ്ഢികളാണോ പാർട്ടിക്കാർ എന്ന് നോബി ചോദിക്കുന്നു. ചിലപ്പോൾ ലൈംഗികാരോപണക്കേസ് തെറ്റയിലിന് സർട്ടിഫിക്കറ്റായി നൽകിയിട്ടുണ്ടാകും. എങ്കിൽ തെറ്റയിൽ തന്നെ മത്സരിക്കട്ടെ, നമുക്കു കാണാമല്ലോയെന്ന് നോബി പറഞ്ഞു.

അതേസമയം, തെറ്റയിലിനെതിരായ കേസ്്് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണവിഷയമാക്കി ഉന്നയിക്കാൻ യു ഡി എഫ് ക്യാമ്പിനു താൽപര്യമുണ്ടെങ്കിലും കോൺഗ്രസ്സിലെ ചില ഉന്നത നേതാക്കൾക്ക് നോബിയുമായുള്ള ബന്ധം പുറത്തു വന്നതോടെ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വവും ഇപ്പോൾ മൗനം പാലിച്ചിരിക്കുകയാണ്. ബെന്നി ബെഹനാൻ എം എൽ എ അടക്കം താനുമായി സംസാരിച്ചിരുന്നുവെന്ന നോബിയുടെ വെളിപ്പെടുത്തലുകളാണ് കോൺഗ്രസുകാർ വെട്ടിലാകാൻ കാരണം. ഘടകകക്ഷിയായ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിനാണ് നിയമസഭാ സീറ്റ് നൽകാൻ സാദ്ധ്യതയുള്ളതെന്നതിനാലും തെറ്റയിൽ വിഷയത്തിൽ കോൺഗ്രസ്സ് നേതാക്കൾക്ക് വലിയ താൽപര്യമില്ല.

കഴിഞ്ഞ തവണ കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരാണ് ജോസ് തെറ്റയിലിനെതിരെ മത്സരിച്ചത്. ഇത്തവണ ജേക്കബ് ഗ്രൂപ്പിൽ നിന്നും സീറ്റ് കോൺഗ്രസ്സിന് കിട്ടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിൽ മാറ്റം വരുമോയെന്നു സംശയമുണ്ട്. കോൺഗ്രസ്സിൽ മത്സരിക്കാൻ നിരവധി പേരാണ് സ്ഥാനാർത്ഥിക്കുപ്പായം തുന്നിയിട്ടുള്ളത്. ഇതിൽ പ്രധാനി കെ എസ് യു അഖിലേന്ത്യാ പ്രസിഡന്റായി നിയമിക്കപ്പെട്ട റോജി എം ജോണാണ്. ഇതിൽ റോജി ജോണിന് സീറ്റ് നൽകുന്നതിനോട് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയിൽ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രമുഖ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും വി എം സുധീരനും താൽപര്യമില്ലങ്കിലും രമേശ് ചെന്നിത്തലയും കോൺഗ്രസ്സ് ഹൈക്കമാൻഡുമായുള്ള ബന്ധത്തിലൂടെ റോജി ജോൺ സീറ്റ് ഉറപ്പിക്കുമോ എന്ന സംശയം പല നേതാക്കൾക്കുമുണ്ട്. എന്നാൽ അങ്കമാലി സീറ്റിൽ വീണ്ടും മത്സരക്കാൻ തയ്യാറെടുപ്പിലാണ് കേരള കോൺഗ്രസ്സ് ജേക്കബ് ഗ്രൂപ്പിലെ ചെയർമാൻ ജോണി നെല്ലൂർ. ഇത്തവണ അങ്കമാലിയിൽ നിന്നും വിജയിച്ചുകയറാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് ജോണി നെല്ലൂർ പ്രതീക്ഷിക്കുന്നത്. തെരെഞ്ഞെടുപ്പ് വേളയിൽ തെറ്റയിൽ കേസ് വീണ്ടും പ്രചരണായുധമായേക്കുമെന്നാണ് സൂചന.