രീക്ഷണങ്ങളോട് പുറം തിരഞ്ഞുനിന്ന ചരിത്രമാണ് മലയാള സിനിമക്ക് പൊതുവെ പറയാനുള്ളത്. മലയാളത്തിലെ ചലച്ചിത്രകാരന്മാരാവട്ടെ എന്നും സുരക്ഷിതമായ മേഖലകളിൽ കിടന്ന്, സത്യൻ അന്തിക്കാട് മോഡൽ നന്മ കഥകളും മറ്റുമായി കെട്ടിമറിഞ്ഞു. എന്നാൽ എന്നെ ഇത്തരം സേഫ് കളികൾക്ക് എന്നെ കിട്ടില്ല എന്ന് സധൈര്യം പ്രഖ്യാപിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകൻ' തൊട്ട് എടുത്ത അഞ്ചുസിനിമകളും ഒന്നിനൊന്ന് വ്യത്യസ്തം.

കാർട്ടുൺ സ്പൂഫിന്റെ സാധ്യതകൾ തേടി, കോടികൾ മുടക്കി നിർമ്മിച്ച 'ഡബിൾ ബാരലിന്റെ' പരാജയത്തിനുശേഷവും ലിജോ മറ്റൊരു പരീക്ഷണത്തിനാണ് മുതിർന്നത്. 86ഓളം പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു നാടിന്റെ കഥ പറയുക. അതും അവിടുത്തെ കട്ട ലോക്കലായ കുറെ പേരുടെ.പക്ഷേ മുൻ സിനിമയിൽനിന്ന് വ്യത്യസ്തമായി പ്രേക്ഷകർ ഈ പടത്തെ ഇരുകൈളും നീട്ടി ആർപ്പുവിളികളോടെ സ്വീകരിക്കയാണ്. 86ഓളം പുതുമുഖങ്ങളിൽ ഒരാൾപോലും തൂറ്റിപ്പോയിട്ടില്ല. ഈർക്കിലിപോലത്തെ വില്ലനും മുഖ്യകലിപ്പുകളുമൊക്കെ കട്ടക്ക് കട്ടക്ക്.

പ്രമേയം കൊണ്ടും ആഖ്യാന രീതികൊണ്ടും മലയാളത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കയാണ് ഈ പടം. ഇത്രയും ദൃശ്യഭംഗിയും ഒതുക്കവുമുള്ള പടം അടുത്തകാലത്ത് കണ്ടിട്ടില്ല. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരന്റെ മാന്ത്രിക കാമറയും, പ്രശാന്ത് പിള്ളയുടെ സംഗീതവും എതാനും നാടൻപാട്ടകളും ചേരുന്നതോടെ ചിത്രം ഗംഭീരമാവുകയാണ്.ഒരുമിനട്ട് ബോറടിപോലുമില്ലാതെ ചിത്രം ഒഴുകിപ്പോവുകയാണ്, ഒരു സുന്ദരമായ പെരുന്നാൾ രാവ് പോലെ. ന്യൂജൻ സിനമകളിലൂടെ കരുത്ത് തെളിയിച്ച ചെമ്പൻ വിനോദ് തനിക്ക് എഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ്.

കട്ടലോക്കൽ കഥ, നാടൻ സംഭാഷണം

പരസ്യവാചകമായി ഈ പടത്തിന്റെ അണിയറ ശിൽപ്പികൾ പറയുന്നതുപോലെ ഇത് ഒരു കട്ടലോക്കൽ പടമാണ്. അങ്കമാലിയിലെ ലോക്കൽസിന്റെ കഥ.പുതുമുഖ താരം ആന്റണി വർഗീസ് അവതരിപ്പിക്കുന്ന വിൻസെന്റ് പെപ്പെയാണ് തന്റെയും കൂട്ടുകാരുടെയും അതിലൂടെ നാടിന്റെയും കഥപറയുന്നത്.

എതൊരു ശരാശരി ലോക്കലിനെയും പോലെ ചെറിയ ചെറിയ പ്രശ്‌നങ്ങളിൽ തുടങ്ങി അത് ഒരു ഗ്യാങ്ങായി വളർന്ന് ഒരു ഘട്ടത്തിൽ ജീവിതംതന്നെ കൈവിട്ട് പോവുമെന്ന അവസ്ഥയിൽ എത്തുന്നുണ്ട് പെപ്പെ.ഫുട്ബോൾ കളിച്ചും, വെള്ളമടിച്ചും, അത്യാവശ്യം പോക്രിച്ചും അവരുടെ ജീവിതം അങ്ങനെ മുന്നോട്ടുപോവുകയാണ്. ഏതൊരു ഗ്രാമത്തിലും നാം കാണുന്ന കുറെ അൽപ്പം പിശകായ ചെറുപ്പക്കാർ. അവരുടെ പ്രണയവും സങ്കടങ്ങളും തമാശകളും സംഘബലവും ആക്രമണവും പ്രത്യാക്രമണവുമൊക്കെയായി ഒരു സെക്കൻഡ്‌പോലും ബോറടിപ്പിക്കാതെ ചിത്രം പറക്കുകയാണ്.

അതിമനോഹരമായ ഫ്രെയിമുകളിൽ.അങ്കമാലിക്കാരുടെ ഇഷ്ടവിഭവമായ പോർക്കുകച്ചവടത്തിനിറങ്ങിയ ഈ സംഘം പിന്നീട് എത്തിപ്പെടുന്നത് ഒരു കൊലക്കേസിലാണ്.അതിൽനിന്ന് ഊരണമെങ്കിൽ അവർക്ക് വേണ്ടത് ലക്ഷങ്ങളും.ഇങ്ങനെ മണി-മസിൽ-ഗ്യാങ്ങ് കഥതന്നെയാണ് ഈ പടവുമെങ്കിലും അതിന്റെ അവതരണം കാണണം. അതാണ് ലിജോയുടെ മിടുക്ക്. ലിജോ പെല്ലിശ്ശേരിയുടെ ആമേൻ തീർത്തും ഫാന്റസി ട്രാക്കിലായിരുന്നുവെങ്കിൽ ഇവിടെ റിയലിസ്റ്റിക് അവതരണത്തിലാണ്. എന്നാൽ ഹാസ്യത്തിനുള്ള അവസരങ്ങൾ ചിത്രം പാഴാക്കിയിട്ടുമില്ല. വളരെ സീരിയസ്സായി ഒരു ബാർബർ നരസിംഹത്തിലെ ഇന്ദുചൂഡന്റെ കഥപറയുന്ന രംഗമൊക്കെ പ്രേക്ഷകർക്ക് കലർപ്പില്ലാത്ത കോമഡിയാണ് സമ്മാനിക്കുന്നത്.

പെപ്പെയുടെ സുഹൃത്തുക്കൾ ഒരു മൃതദേഹത്തെ സൈസ് കുറച്ച് പെട്ടിയിലാക്കുന്നതും ഓർത്ത് ചിരിക്കാനുള്ള വക നൽകുന്നു. അങ്കമാലിക്കാരൻ കൂടിയായ ചെമ്പന്റെ തൂലിക ഇങ്ങനെ നിരവധി നർമ്മ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുപോലെ തന്നെ നാടൻ സംഭാഷണങ്ങളാണ് ചിത്രത്തിൽ ഉടനീളം.അങ്കമാലിയെ അതുപോലെ വാമൊഴിയിലും മറുച്ചുവച്ചിരിക്കുന്നു. പക്ഷേ ഇത് ചിലപ്പോൾ വടക്കൻ -തെക്കൻ ജില്ലകളിലൊക്കെ പ്രശ്‌നമാവാനും സാധ്യതയുണ്ട്. ചിലയിടത്തൊക്കെ ആളുകൾക്ക് ഡയലോഗ് മനസ്സിലാവുന്നുമില്ല.( ഇതുകൊണ്ടായിരക്കണം ജയരാജിന്റെ 'വീരത്തിന്' കണ്ണുർ വാമൊഴിക്ക് പച്ച മലയാളത്തിൽ സബ് ടൈറ്റിൽ നൽകിയത്)

ലിജോയുടെ ഇന്ദ്രജാലം

ശരിക്കും ഒരു മജീഷ്യൻ തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയെന്ന് ഈ പടം കണ്ടപ്പോൾ തോന്നി. ജോഷിക്കും പ്രിയദർശനും മുകളിൽ കടന്ന് ചിലപ്പോൾ മണിരത്‌നത്തോട് കിടപിടിക്കുന്ന ദൃശ്യ ഭംഗിയോടെയാണ് ലിജോ സീനുകൾ ഒരുക്കുന്നത്. തുടക്കത്തിലെ അങ്കമാലിക്കാഴ്ചയിലെ വ്യത്യസ്തതയിൽ തുടങ്ങുന്ന ദൃശ്യസദ്യ, ഒറ്റഷോട്ടിൽ എടുത്ത പതിനൊന്ന് മിനുട്ടോളം നീളുന്ന ചിത്രത്തിന്റെ കൈ്‌ളമാക്‌സിലത്തെുമ്പോൾ പ്രേക്ഷകനെ അമ്പരപ്പിന്റെ പെരുങ്കളിയാട്ടത്തിലത്തെിക്കുന്നു.

പള്ളിപ്പെരുന്നാളിന്റെ പടക്കവും പൂത്തിരിയും ബാൻഡ് മേളവും ആൾക്കൂട്ടവും ആഘോഷവും മദ്യപാനസദസ്സുകളുമെക്കെയായി കറങ്ങിത്തിരിഞ്ഞുവന്ന്, ഒടുവിൽ ആൺകൂട്ടങ്ങളുടെ കൊലവിളയിലും ചോരക്കളിയിലും നമുക്കും തലപെരുത്തുപോവുന്നു.ശരിക്കും അങ്കമാലി പള്ളിപ്പെരുന്നാളിന്റെ നടുക്ക് പെട്ട പ്രതീതി! ഈ മാജിക്കിന് പ്രതിഭ എവറസ്റ്റിൽ എത്തുകതന്നെവേണം.വിദേശ മാസ്റ്റേഴ്‌സിന്റെ ഫെസ്റ്റിവൽ സിനിമകളൊക്കെയാണ് ഇത്തരം അനുഭൂതികൾ സമ്മാനിക്കാറ്.

ഒരു ബാർബർഷോപ്പിലെ കണ്ണാടിച്ചില്ലിലെ പ്രതിബിംബം നോക്കിയുള്ള ഷോട്ട് തൊട്ട് പോർക്ക്വിൽക്കുന്ന കടക്കാരന്റെ ദൃശ്യത്തിൽവരെ ഒരുപ്രത്യേക ടച്ച് കൊണ്ടുവരാൻ ലിജോക്കായിട്ടുണ്ട്.അമൽ നീരദിന്റെ ഫ്രെയിമുകളെപ്പോലെ സ്ലോമോഷന്റെ ശക്തിയും ചിലയിടത്ത് പ്രകടം. തെറിച്ച ചെക്കന്മാർ പന്നിപ്പടക്കമെറിയുന്ന സീനുകളിലൊക്കെയുള്ള വിഷ്വൽ സെൻസ് എടുത്തു പറയേണ്ടതാണ്.സിനിമ സംവിധായകന്റെ കഥയാണെന്നും ,ഡയലോഗല്ല ദൃശ്യങ്ങളാണ് എനിക്കുവേണ്ടതെന്നും എല്ലുറപ്പോടെ പറയുന്ന ലിജോയെപ്പോലുള്ള സംവിധായകരുടെ കൈയിലായിരിക്കും ഇനി മലയാള സിനിമയുടെ ഭാവി.

ദൃശ്യങ്ങൾ കൊണ്ടുള്ള ഇന്ദ്രജാലമൊരുക്കുന്നതിൽ ഗിരീഷ് ഗംഗാധരന് എന്ന കാമറാന്റെ സംഭാവനയും നിസ്തൂലം. പ്രശാന്ത് പിള്ളയുടെ ഗാനങ്ങളും തീം മ്യൂസിക്കും ഗംഭീരം. ഗാനങ്ങളുടെ പശ്ലാത്തല സംഗീതത്തിന്റെയും സമൃദ്ധിയാണ് ഈ പടത്തെ ഇത്രമേൽ ജനകീയമാക്കുന്നത്. അങ്കമാലിയുടെ നാട്ടുപാട്ടുകളായ തീയാമേ, തന ധിന തുടങ്ങിയ ഗാനങ്ങൾ പുതുതലമുറ ഏറ്റെടുത്തുകഴിഞ്ഞു.

ഇതാ ഒരു പുതുമുഖ ഫാക്ടറി!

പക്ഷേ ഈ പടത്തിനൊരു ഓസ്‌ക്കാർ കൊടുക്കേണ്ടതുണ്ടെങ്കിൽ അത് കാസ്റ്റിങ്ങിലാണ്. എന്റമ്മോ, 86 പുതുമുഖങ്ങളാണ് ഈ പടത്തിലുള്ളതെന്ന് ആരും പറയില്ല. ഇരുത്തംവന്ന നടന്മാരെപ്പോലെയാണ് ഇവരുടെ പ്രകടനം. ഒരു സീനിൽ വന്നുപോവുന്നവരിൽപോലും ഈ മിഴിവ് കാണം. വിൻസെന്റ് പെപ്പെ എന്ന നായകനായ ആന്റണി വർഗീസ് മലയാളത്തിന് വരുംകാലത്തേക്ക് മുതൽക്കൂട്ടാകുന്ന നടനാണ്. അപ്പാനി രവി എന്ന മെലിഞ്ഞുണങ്ങിയ പ്രതിനായകനാണ് അങ്കമാലി ഡയറീസിൽ പ്രകടനം കൊണ്ട് അമ്പരപ്പിച്ച മറ്റൊരാൾ.

പെപ്പെയുടെ ഗ്യാങ്ങിലെ അംഗങ്ങളും സഹായികളും തൊട്ട് ,അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ മൂന്ന് കാമുകിമാരും സഹോദരീ കഥാപാത്രം വരെ എത്ര നാച്വറലായാണ് അഭിനിയക്കുന്നത്. ( എടുത്തുപറയാൻ പലരുടെയും പേര് അറിയില്ല) അല്ല അവർ ഈ ചിത്രത്തിൽ ജീവിക്കയാണെന്ന് പറയാം. അതായത് വരും കാല മലയാള സിനിമയിൽ പലതുമാവേണ്ട ഒരു പുതുമുഖ ഫാക്ടറിയെ തന്നെയാണ് ലിജോ തുറന്നുവിട്ടത്. ഇനി മലയാളത്തിൽ പുതിയ നടന്മാരും നടിമാരുമില്‌ളെന്ന് പറഞ്ഞ് ആരും ബഹളം കൂട്ടരുത്്.ഇതിൽ ഏറ്റവും രസം ഒരാളുടെ മുഖത്തുപോലും മേക്കപ്പിന്റെ തരിപോലും ഇല്‌ളെന്നാണ്.ഇതുതന്നെയാണ് ന്യൂജൻ സിനിമ മലയാളത്തിൽ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം.

പക്ഷേ ഇങ്ങനെയാക്കെയാണെങ്കിലും ചെമ്പനും, ലിജോയോടും കടുത്ത ചില വിയോജിപ്പുകളും ബാക്കിയുണ്ട്. ഈ സിനിമയെ നെഞ്ചിലേറ്റിക്കൊണ്ടുതന്നെ അത് തുറന്നു പറയട്ടെ.

എന്തുകൊണ്ട് ഇത് അങ്കമാലിയിലെ കമ്മട്ടിപ്പാടമാവുന്നില്ല ?

കുറേയെറെ ജീവിതങ്ങളെ ഉപരിവിപ്‌ളവമായി ചിത്രീകരിച്ചുപേവുകയെന്നല്ലാതെ, ആ കട്ട ലോക്കൽ ജീവിതങ്ങുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സന്ദിഗ്ധവസ്ഥകൾ സൂചിപ്പിക്കാൻ, സംവിധായകനോ പേനയെടുത്ത ചെമ്പൻ വിനോദിനോ കഴിയുന്നില്ല.'അങ്കമാലിയിലെ കമ്മട്ടിപ്പാടം' എന്നൊക്കെ ചിലർ നവമാദ്ധ്യമങ്ങളിൽ ഈ പടത്തെ വിശേഷിപ്പിക്കുമ്പോൾ കഷ്ടം എന്നല്ലായെ ഒന്നും പറയാൻ വയ്യ.ആഗോളീകരണം എല്ലാം പറിച്ചെടുത്ത് ചതുപ്പിനരികിലേക്ക് ഒതുക്കിയ കുറെ മനുഷ്യജീവിതങ്ങളെ രാജീവ് രവിയുടെ 'കമട്ടിപ്പാടം' വരച്ചുകാട്ടുന്നുണ്ട്.അവിടെ ദലിതന്റെ നിലവിളിയുണ്ട്.അധ്വാനത്തിന്റെ വിയർപ്പുഗന്ധമുണ്ട്.

എന്നാൽ ലിജോയും ചെമ്പനും ഈ ചെറുപ്പക്കാരിലുടെ ഒരിക്കലും ഇങ്ങനെ കഥ വികസിപ്പിക്കുന്നില്ല.കള്ള്ളിലും പോർക്കിലും പോർവിളിയിലും ജീവിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ കഥമാത്രമായി അങ്കമാലി ഡയറീസ് ചുരുങ്ങിപ്പോവുന്നു.വയലൻസ് എങ്ങനെയാണ് ഒരു ഗ്രാമത്തിലേക്ക് കടുന്നുവരുന്നതെന്നും, എങ്ങനെയാണ് പഠിക്കേണ്ട പ്രായത്തിൽ കുട്ടികളുടെ കൈയിൽ പിച്ചാത്തിയും വടിവാളുമത്തെുന്നതെന്നും നമുക്ക് 'കമ്മട്ടിപ്പാടത്തിലൂടെ' കാണാം.എന്നാൽ അങ്കമാലിയിലെ വയലന്റായ പിള്ളേർ, പെണ്ണിനും കള്ളിനും വേണ്ടിമാത്രമാണ് തല്ലുന്നത്. പ്രിയപ്പെട്ട ചെമ്പൻ വിനോദ്, ജീവിതം ഇങ്ങനെ സ്റ്റീരിയോ ടൈപ്പല്ല. രചനാപരമായ ഈ പിഗ്മിത്തം അടുത്തപടത്തിലെങ്കിലും നികത്താൻ താങ്കൾക്ക് കഴിയട്ടെ.

പക്ഷേ ചിലയിടത്തൊക്കെ ഈ പടം അങ്കമാലിക്കാരെ അപമാനിക്കുന്നതായും ഈ ലേഖകന് തോന്നിയിട്ടുണ്ട്.ഒന്നുപറഞ്ഞ് രണ്ടാമത്തെതിന് തെറിപറയുകളും വാളെടുക്കയും ചെയ്യുന്നവരും സദാ മദ്യപാനികളുമാണ് ഇവിടുത്തെ ലോക്കൽ യൂത്തന്മാരെന്നത് ശരിയാണോ?ചിത്രം കണ്ടാൽ തോന്നുക തീറ്റയിലും കുടിയിലും അടിപിടിയിലും മാത്രം താൽപ്പര്യമുള്ളവരാണ് ഈ നാട്ടുകാരെന്ന്.പിന്നെ ചിത്രത്തിലെ എലുമ്പൻ വില്ലൻ ഒരാളുടെ പന്നിഫാം പേടിപ്പിച്ച് അടിച്ചുമാറ്റുന്നതും , പട്ടാപ്പകൽ നഗരത്തിലെ കടയിലേക്ക് തോട്ടയെറിഞ്ഞിട്ടും കേസില്ലാതെ കൂളായി നടക്കുന്നതുമൊക്കെ പാത്ര സൃഷ്ടിയിലെ പിശകുകൾ തന്നെയാണ്.അങ്കമാലിയെന്താ വെള്ളരിക്കാപ്പട്ടണമാണോ! (ചിലപ്പോൾ 'കിലുക്കത്തിലെ' രേവതി പറഞ്ഞപോലെ സ്വന്തമായി പ്രധാനമന്ത്രിയുള്ള നാടായതുകൊണ്ടാവാം)

പക്ഷേ ചിലയിടത്തൊക്കെ ചെമ്പനും ലിജോയും ശരിക്കും ഉയരുന്നുമുണ്ട്. പുളക്കുന്ന പന്നിക്കൂട്ടത്തെയും, പരസ്പരം കുത്തിയും വെട്ടിയും ഒടുങ്ങുന്ന ആണകൂട്ടത്തെയും ഒരുപോലെ കാണിക്കുന്ന ഒരു സൂപ്പർ ഷോട്ടുണ്ട് ചിത്രത്തിൽ.അവിടെകാണുന്ന സാമൂഹിക സൂചകങ്ങൾ ചിത്രത്തിൽ ഉടനീളം കാണുന്നില്ല.

മറനീക്കുന്ന സ്ത്രീവിരുദ്ധതയും ഒളിച്ചുവരുന്നു സാമുദായികതയും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ സ്ത്രീവിരുദ്ധതയും സജീവമായി ചർച്ചയായ കാലമാണെല്ലോ ഇത്.നടൻ പ്രഥ്വീരാജിനെപ്പോലുള്ളവർ ഇനി സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കില്‌ളെന്നും പറഞ്ഞു.ഈ പടവും സ്ത്രീപക്ഷ വായനയിൽനിന്ന് നോക്കുമ്പോൾ ലിംഗ നീതിക്ക് വിരുദ്ധമാണ്. ആൺകാഴ്ചകളുടെ സവിശേഷമായ ആഹ്‌ളാദപ്പരപ്പുകൾക്കിടയിലുടെ മാത്രമാണ് ലിജോയുടെ കാമറ നീങ്ങുന്നത്.പുരഷന് പോർക്കും ബീഫും വെക്കാനുള്ള യന്ത്രമാണ് സ്ത്രീ? പെൺകുട്ടികൾ ആൺകുട്ടികളുടെയത്ര ആഹാരം കഴിക്കേണ്ടകാര്യമില്‌ളെന്നുപോലും നായകന്റെ അമ്മ പറയുന്നുണ്ട്.നായകനാവട്ടെ ഒരിക്കൽ കാമുകിയുടെ വസ്ത്രധാരണംപോലും തന്റെ ഇംഗിതത്തിന് അനുസരിച്ച് ആയിരക്കണമെന്ന് തീർത്തുപറയുന്നുണ്ട്.അയൽവാസികൾ വരുമ്പോൾ കുളിസീൻ കാണാൻ തക്ക സുന്ദരികൾ ഉണ്ടായിരിക്കണേയെന്ന് പ്രാർത്ഥിക്കുന്ന ചെറുപ്പക്കാരും ഈ പടത്തിലുണ്ട്.

അടിസ്ഥാന വർഗത്തിൽവരെ കടുത്ത സ്ത്രീവിരുദ്ധത നിലനിൽക്കുന്ന സമൂഹമാണെല്ലോ നമ്മുടേത്.അതുകൊണ്ടുതന്നെ ഒരു പ്രദേശത്തെ കട്ട ലോക്കലുകളുടെ കഥ പറയുമ്പോൾ അതിലും കടുത്ത സ്ത്രീവിരുദ്ധത വരാതെ തരമില്ല. അത് ഒരു പരിധിവരെ സമൂഹത്തിന്റെ പരിഛേദമാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യാം.പക്ഷേ ഈ പുരുഷകേന്ദ്രീകൃത അജണ്ടയിൽനിന്ന് കുതറിച്ചാടാനുള്ള ഒരു ശ്രമവും ചിത്രം നടത്തുന്നില്ല. ദൃശ്യങ്ങളിൽ വിപ്‌ളവം കൊണ്ടുവന്ന പ്രതിഭാധനനായ ലിജോ ഇത് കാണാതെ പോകരുത്. ഈ ബ്രാൻഡിങ്ങ് തകർക്കാനും നിങ്ങൾക്ക് കഴിയണം. നായകന്റെ ബന്ധുവായ ചേച്ചിയായ ആദ്യം കടന്നുവരികയും പിന്നീട് അയാളുടെ ഭാര്യയാവുകയും ചെയ്ത നടിയിൽ മാത്രമേ, വ്യക്തിത്വത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ലക്ഷണങ്ങൾ കാണുന്നുള്ളൂ.

ലിജോയുടെ ഹിറ്റ് സിനിമായ 'അമേനിൽ' എന്ന പോലെ ഈ പടവും ഒരേ സമുദായക്കാരായ ആളുകളുടെ കഥയാണ് പറയുന്നത്.ആമേനിലെ കുമരംകരിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽപോലും മതേതരത്വമില്ല. എതാണ്ട് അതേ അവസ്ഥയാണ് അങ്കമാലിയിലും.ഒന്നിച്ച് പള്ളിയിൽപോയി,ഒന്നിച്ച് കള്ളടിച്ച് ഒന്നിച്ച് പെരുന്നാൾ കൂടുന്ന ഒരേ മതക്കാർ! ഇതൊരു പക്ഷേ കേവല യാദൃശ്ചികയാവാം. അല്‌ളെങ്കിൽ ആധുനിക കേരളത്തിന്റെ സംഘം ചേരലുകൾ ഇങ്ങനെ കൃത്യമായി വിഭജിക്കപ്പെട്ടുവരുന്നുവെന്നതിന്റെ സൂചനകളുമാവാം. പക്ഷേ പിന്തിരപ്പൻ സാമുദായികതയുടെ ഒരു അളിഞ്ഞ ഗന്ധം ചില സീനുകളിലെങ്കിലും തോനുന്നത് ലിജോയെപ്പോലുള്ള ഒരു സംവിധായകന് ഭൂഷണമല്ല.

വാൽക്കഷ്ണം: ആഷിക്ക് അബുവിന്റെ 'ഇടുക്കിഗോൾഡിന്' സമാനമായ വിമർശനങ്ങൾ ഈ പടവും നേരിടാൻ നല്ല സാധ്യതയുണ്ട്.മദ്യപാനത്തെ ഇത്ര മനോഹരമായി ചിത്രീകരിച്ച സിനിമ വേറെയുണ്ടാവില്ല. കള്ളുഷാപ്പിലും ബാറിലും മാത്രമല്ല , റേഷൻ കടയിലും വർക്ക്‌ഷോപ്പിലും വീട്ടിലും പെരുന്നാളിനും ശവമടക്കിനുമെല്ലാം 'അടിയോടടിയാണ് '.എല്ലാവിധ പുരുഷ അർമാദങ്ങളുടെയും വയാഗ്രയായി വർത്തിക്കുന്ന മദ്യമാണെന്ന് ഈ പടം ചേതസുറ്റ ദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നു. ചിത്രം തുടങ്ങി തീരുന്നതുവരെ മുട്ടിനുമുട്ടിന് മദ്യപാനമാണ്. നിയമപരമായ മുന്നറിയിപ്പ് സ്‌ക്രീനിൽ ഒട്ടിച്ചിട്ടപോലെയാണ് തോന്നുന്നത്.ഇടുക്കി ഗോൾഡ് മയക്കുമരുന്നിന് മാന്യത നൽകുന്നുവെന്ന് ആക്ഷേപം വന്നപോലെ, മദ്യം സന്തോഷത്തിന്റെ രാസത്വരകമാണെന്ന മിഥ്യാബോധം നമ്മുടെ ചെറുപ്പക്കാരിൽ ഉണ്ടാക്കാൻ ഈ പടവും പ്രേരയായെന്ന് വിമർശനം ഉയരുമെന്ന് ഉറപ്പാണ്.