അങ്കമാലി: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്കത്തെത്തുടർന്ന് കൂട്ടക്കൊലപാതകത്തിന് ശേഷം പ്രതി ശ്രമിച്ചത് ആത്മഹത്യയ്ക്ക്. നാട്ടുകാരുടെ ഇടപെടലാണ് കൊലപാതകിയെ പൊലീസിന് പിടികൂടാൻ സഹായകമായത്. മൂക്കന്നൂർ എരപ്പ് സെന്റ് ജോർജ് കപ്പേളയ്ക്കു സമീപം അറയ്ക്കൽ പരേതനായ കൊച്ചപ്പന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരാണ് കൊല്ലപ്പെട്ടത്.

സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ (10), അപർണ(10) എന്നിവർക്കും വെട്ടേറ്റു. ശിവന്റെ അനുജൻ ബാബു (45) കൊലപാതകത്തിനുശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേർന്നു പിടികൂടി. ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെ തുടർന്ന് മനോനില തെറ്റിയ ബാബു എല്ലാ കുടുംബക്കാരേയും വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.

പെട്ടിഓട്ടോ ഡ്രൈവറായ ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ ശ്രമിച്ചതായി പറയുന്നു. പരേതനായ ജ്യേഷ്ഠൻ ഷാജിയുടെ ഭാര്യ ഉഷയെ വെട്ടാനായി ബാബു പാഞ്ഞടുത്തെങ്കിലും അവർ ഓടിരക്ഷപ്പെട്ടു. മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യയും മൂക്കന്നൂരിൽ അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയുമായ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകൾ വാക്കത്തികൊണ്ടു വെട്ടിപ്പൊളിച്ച പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി സ്‌കൂട്ടറിൽ കയറി മൂക്കന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു. ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യം. ബൈക്കുമായി നേരെ കുളത്തിലേക്കു കുതിക്കുകയായിരുന്നു.

ഇന്നലെ 5.45നായിരുന്നു സംഭവം. സ്മിതയുടെ മക്കളായ അതുൽ (12), ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ(10) എന്നിവരുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. വലതുകയ്യിൽ വെട്ടേറ്റ അശ്വിനെ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കം ഉണ്ടായിരുന്നെങ്കിലും തറവാട്ട് സ്ഥലത്തെ മരം വെട്ടുന്നതിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്, ഇത് സംബന്ധിച്ച് നടന്ന തർക്കമാണ് പെട്ടന്നുള്ള കൊലപാതകത്തിന് കാരണമായത്. ശിവന്റെ അഞ്ച് സഹോദരങ്ങൾ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും സഹോദരങ്ങൾ തമ്മിൽ വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പരേതരായ കൊച്ചാപ്പുവിന്റെയും തങ്കമ്മയുടെയും മക്കളാണ് ശിവനും ബാബുവും. ബാബു ഒഴികെയുള്ളവർ തറവാട്ടുവളപ്പിൽ വീടുകൾ വച്ചാണു താമസം. ആകെയുള്ള 20 സെന്റ് ഭൂമിയിൽ അഞ്ചു മക്കൾക്കും മൂന്നു സെന്റ് വീതം നൽകിയിരുന്നു. ശേഷിക്കുന്ന അഞ്ചു സെന്റ് തങ്കമ്മയുടെ പേരിലാണ്. കാളാർകുഴിയിൽ വാടകയ്ക്കു താമസിക്കുന്ന ബാബു ഇന്നലെ വൈകിട്ട് തറവാട്ടുവളപ്പിലെത്തി മരം വെട്ടാൻ ശ്രമിച്ചത് ശിവൻ തടഞ്ഞതാണു പ്രകോപനം. ശിവനെയും തടയാനെത്തിയ വൽസയെയും വെട്ടിവീഴ്‌ത്തി. വസ്ത്രം അലക്കുകയായിരുന്ന സ്മിതയെ പ്രതി ഓടിയെത്തി വെട്ടി. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവർക്കും വെട്ടേറ്റു. സ്മിതയുടെ മൂത്ത മകൻ അതുൽ ഓടി രക്ഷപ്പെട്ടു.

ശിവന്റെ ശരീരത്തിൽ മുപ്പതോളം വെട്ടുകളേറ്റിട്ടുണ്ട്. എടലക്കാട് സ്വദേശി സുരേഷാണു സ്മിതയുടെ ഭർത്താവ്. സുരേഷ് കുെവെത്തിലാണ്. കൂട്ടക്കൊലയ്ക്കു ശേഷം സ്ഥലംവിട്ട ബാബു ബൈക്കിലെത്തിയാണ് ചിറങ്ങരയിലെ പൊതുകുളത്തിൽ ചാടിയത്. മുങ്ങിത്താണ ഇയാളെ നാട്ടുകാർ കരയ്ക്കെത്തിച്ചു. കൊരട്ടിയിൽനിന്നെത്തിയ പൊലീസ് ചോദ്യംചെയ്തപ്പോഴാണ് സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നു പറഞ്ഞത്. ഇയാളെ അങ്കമാലി പൊലീസിനു കൈമാറി.

കൊലപാതകത്തിനു ശേഷം കൊരട്ടി ചിറങ്ങരയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാർ അറിച്ചതിനെ തുടർന്ന് കൊരട്ടി പൊലീസ് എത്തി ഇയാളോട് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതെ കുളത്തിൽ തന്നെ നിൽക്കുകയായിരുന്നു. പിന്നീട് മൂന്ന് ആളെ കൊന്നിട്ടാണ് വന്നിരിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അഡീഷണൽ എസ്.ഐ. പി.ടി. വർഗീസ്, സി.പി.ഒമാരായ ബിജു ജോസഫ്, എം.എം. മഹേഷ് എന്നിവർ ഇയാളെ മയപ്പെടുത്തി തുണികൊണ്ട് വടംകെട്ടി കരയ്ക്ക് കയറ്റുകയായിരുന്നു.

തർക്കഭൂമിയിൽ നിൽക്കുന്ന മരം മുറിക്കാനുള്ള ബാബുവിന്റെ നീക്കം ശിവനും കുടുംബവും തടഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. അങ്കമാലി സ്റ്റേഷനിലെത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിന് പേർ സ്ഥലത്തെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അറുപതുകാരനായ ശിവന് മൂന്നു പെൺമക്കളാണ് ഉള്ളത്. കൊല്ലപ്പെട്ട സ്മിതയ്ക്ക് മൂന്നു മക്കളുണ്ട്.