കൊച്ചി: ഹെദരാബാദ് ആസ്ഥാനമായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ.) അങ്കമാലി-മണ്ണുത്തി ദേശീയപാത നിർമ്മാണത്തിലും പരിപാലനത്തിലും ക്രമക്കേട് നടത്തിയെന്ന കേസ് അട്ടമറിക്കാൻ നീക്കമെന്ന് ആരോപണം. ദേശീയപാത നിർമ്മാണത്തിലെ 102 കോടി അഴിമതി സംബന്ധിച്ച കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് ബിജെപി- കോൺഗ്രസ് അവിശുദ്ധ കൂട്ട്‌കെട്ടിനുള്ള തെളിവാണെന്ന് ആംആദ്മി പാർട്ടി പറയുന്നു.

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ വെട്ടിലാക്കുന്ന റിപ്പോർട്ടുമായാണ് സിബിഐയുടെ കുറ്റപത്രം. മണ്ണുത്തി-അങ്കമാലി ദേശീയപാത നിർമ്മാണത്തിൽ കോടികളുടെ അഴിമതിയെന്നും, സർവ്വീസ് റോഡുകൾക്ക് നിലവാരമില്ലെന്നും കരാറുകൾ ലംഘിച്ചെന്നും സിബിഐ ആരോപിക്കുന്നു. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ തെളിവുണ്ടെന്ന് സിബിഐ. പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടുവർഷമെടുത്ത അന്വേഷണം പൂർത്തിയാക്കി എട്ടുപേരെ പ്രതിചേർത്ത് എറണാകുളം സിബിഐ. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുയും ചെയ്തു.

എന്നാൽ മണ്ണൂത്തി-അങ്കമാലി ദേശീയ പാതയുടെ നിർമ്മാണത്തിൽ സിബിഐ 102 കോടിയുടെ അഴിമതി കണ്ടെത്തിയിട്ടും കുറ്റക്കാരുടെ പ്രോസിക്യൂഷൻ അനുമതി നല്കാതെ സർക്കാർ ഒത്തുകളിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. 2002 ആണ് ടെൻഡർ. 2006 മുതൽ നടത്തിയ വീഴ്ചകൾ ആണ് സിബിഐ അന്വേഷിച്ച് 102 കോടിയുടെ അഴിമതി കണ്ടെത്തിയത്. കരാർ പ്രകാരം മേൽടാറിങിന് 22.50 സെന്റീമീറ്റർ കനംവേണ്ടസ്ഥാനത്ത് 17-18 സെന്റീമീറ്റർ കനത്തിൽ ആണ് ടാറിങ് നടത്തിയിട്ടുള്ളത്.

കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതി സംബന്ധിച്ച പ്രോസിക്യൂഷൻ അനുമതി തടയേണ്ട എന്ത് കടപ്പാട് ആണ് രാജ്യം ഇപ്പോൾ ഭരിക്കുന്ന ബിജെപിക്ക് എന്നാണ് ഉയരുന്ന ചോദ്യമെന്ന് ആംആദ്മി പറയുന്നു. സംസ്ഥാന സർക്കാരും സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയും മൗനം പാലിക്കുന്നതും ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ആണ്. അഴിമതിപ്പണം പങ്കിട്ടെടുക്കുന്ന പങ്ക് കച്ചവടക്കാരാണ് മുന്നണി രാഷ്ട്രീയക്കാർ എന്ന് സാധരക്കാർ തിരിച്ചറിയണം. ആ തിരിച്ചറിവ് രാഷ്ട്രീയ അടിമത്തത്തിൽ നിന്നുള്ള മോചനത്തിന് പ്രചോദനമാകട്ടെയെന്നും ആംആദ്മി പറയുന്നു.

സിബിഐ കണ്ടെത്തിയ 102 കോടിയുടെ അഴിമതിക്കേസിൽ നിലവിൽ വ്യാജ റിപ്പോർട്ട് നല്കിയതിന്റെ പേരിൽ പ്രതിചേർത്തിട്ടുള്ള സ്വകാര്യ എൻജിനീയറിങ് കൺസെൽട്ടൻസി ഉദ്യോഗസ്ഥരോടൊപ്പം അഴിമതി നടത്തിയ കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരേയും നാഷണൽ ഹൈവെ വികസന അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരേയും നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും പ്രസ്തു അഴിമതിയിലൂടെ സർക്കാരിനുണ്ടായ നഷ്ടം കുറ്റക്കാരിൽ നിന്നും ഈടാക്കണമെന്ന് ആംആദ്മി പാർട്ടി എറണാകുളം ജില്ല കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

റോഡ് നിർമ്മാണത്തിനും പരിപാലനത്തിനുമായി 2002-ലാണ് ടെൻഡർ ക്ഷണിച്ചത്. കെ.എം.സി. കൺസ്ട്രക്ഷൻ ലിമിറ്റഡും എസ്.ആർ.ഇ.ഐ. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് ലിമിറ്റഡും ചേർന്നുള്ള കൺസോർഷ്യത്തിനാണ് കരാർ ലഭിച്ചത്. ദേശീയപാത പരിപാലനത്തിനായി പ്രത്യേക ഉദ്ദേശ്യകമ്പനിയായി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) 2005-ൽ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. നിർമ്മാണത്തിലും പരിപാലനത്തിലും 2006 മുതൽ 2016 വരെയുള്ള കാലയളവിൽ പലതവണ കരാർവ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് സിബിഐ. പ്രഥമവിവര റിപ്പോർട്ടിലുള്ളത്.സർവീസ് റോഡുകളിൽ സെമി ഡെൻസ് ബിറ്റുമിനസ് കോൺക്രീറ്റും മെക്കാഡവും 10 സെ.മീ. കനത്തിലാണ് വേണ്ടിയിരുന്നത്.

സാംപിൾ ശേഖരണത്തിന് പരിശോധനനടത്തിയ 27 കിലോമീറ്ററിലും ഇത് 7.5 സെ.മീ. കനത്തിൽ മാത്രമാണുണ്ടായിരുന്നത്. അങ്കമാലി മുതൽ മണ്ണുത്തിവരെ 12 ബസ്‌ബേകൾ നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ, മൂന്നെണ്ണം മാത്രം നിർമ്മിക്കുകയും 12 എണ്ണം നിർമ്മിച്ചതായി അവകാശപ്പെടുകയും ചെയ്തു. ബസ് ഷെൽട്ടറുകൾ നിർമ്മിച്ചതിലും കരാറുകൾ ലംഘിക്കപ്പെട്ടെന്നും സർവീസ് റോഡുകൾ നിലവാരമില്ലാതെയാണ് കരാർ കമ്പനി നിർമ്മിച്ചിരിക്കുന്നതെന്നും കുറ്റപത്രത്തിൽ സിബിഐ പറയുന്നു.