ബെർലിൻ: ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ രണ്ട് ദിവസം മുമ്പെ നടന്ന ഭീകരാക്രമണത്തിലുള്ള കടുത്ത പ്രതിഷേധം ജർമനിയിൽ ആകമാനം ശക്തമായി അലയടിക്കുകയാണ്. ആ രക്തത്തിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് ചാൻസലർ ഏയ്ജല മെർകലിനെതിരെ കടുത്ത പ്രതിഷേധപ്രകടനങ്ങളാണ് ഇവിടുത്തെ തെരുവുകളിൽ അരങ്ങേറുന്നത്. ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തോടെ ജർമനിയുടെ സ്വഭാവം പെട്ടെന്ന് മാറിയിരിക്കുകയാണ്. ഇതോടെ ഉരുക്കു വനിതയെന്നറിയപ്പെടുന്ന മെർകലിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കുകയാണെന്നും സൂചനകളുണ്ട്.

ഈ ദുരന്തത്തെ തുടർന്ന് ബെർലിനിൽ പ്രതിഷേധങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ട് വിവിധയിടങ്ങളിൽ വിജിലുകളും നടക്കുന്നുണ്ട്. കുടിയേറ്റ വിരുദ്ധ , തീവ്രവലതുപക്ഷ കക്ഷിയായ ആൾട്ടർനേറ്റീവ് ഫോർ ഡ്യൂറ്റ്‌സ്‌ക് ലാൻഡ്(എഎഫ്ഡി) മെർകലിന്റെ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മെർകൽ നിർബന്ധമായും രാജി വച്ചൊഴിയാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള പ്ലേക്കാർഡുകളുമേന്തിയാണ് പ്രതിഷേധക്കാർ തെരുവുകളിലിറങ്ങിയിരിക്കുന്നത്. ഇതിനൊപ്പം പ്രതിഷേധക്കാർ ജർമൻ പതാക വീശുകയും മരിച്ചവർക്കായി മെഴുകുതിരികൾ തെളിക്കുന്നുമുണ്ട്. തീവ്രവലതുപക്ഷ മുന്നേറ്റത്തിന്റെ ചിഹ്നങ്ങൾ പതിച്ച പ്ലേക്കാർഡുകളും കാണാം. ഇനിയും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കേണ്ടതുണ്ടോയെന്ന ചോദ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. അഭയാർത്ഥികളോട് മെർകൽ പ്രകടിപ്പിച്ച തുറന്ന വാതിൽ നയം കാരണമാണ് രാജ്യത്ത് ഭീകരാക്രമണങ്ങൾ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്നതെന്നണ് അവർ ആരോപിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം ജർമനിയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി ഒരു മില്യണോളം അഭയാർത്ഥികളായിരുന്നു എത്തിച്ചേർന്നിരുന്നത്.ഇക്കൂട്ടത്തിൽ ക്രിമിനലുകളും ഇസ്ലാമിക്ക് ഭീകരരും എത്തിച്ചേർന്നിട്ടുണെന്നാണ് തീവ്ര വലതുപക്ഷക്കാർ ആരോപിക്കുന്നത്. ഇത്തരക്കാരാണ് ഇവിടെ ഭീകരാക്രമണങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും നടത്തുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു.ഇതിനാൽ ഈ അവസ്ഥയ്ക്ക് അവർ മെർകലിനെ പ്രതിസ്ഥാനത്ത് നിർത്തുന്നുവെന്നാണ് റിപ്പോർട്ട്.

ബെർലിനിടെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് ലോറി ഇടിച്ച് കയറ്റിയാണ് ഭീകരർ ആക്രമണം നടത്തിയിരുന്നത്. ഇതിൽ 12 പേർ കൊല്ലപ്പെടുകയും 50ൽ അധികം പേർക്ക് പരുക്കേൽക്കുകയുംചെയ്തിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന മാർക്കറ്റ് ഇന്നലെയും അടഞ്ഞ് കിടന്നിരുന്നു. എന്നാൽ 50ഓളം പേർ ഇവിടെ പ്രതിഷേധത്തിനായി ഒത്ത് കൂടിയിരുന്നു. ഇത്തരം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റൈടുത്ത് മെർകൽ രാജിവയ്ക്കണമെന്നുറപ്പായിരിക്കുന്നുവെന്നാണ് എഫ്ഡിയുടെ നേതാവ് ഫ്രാങ്കെ പെട്രി പ്രതികരിച്ചിരിക്കുന്നത്. ജർമനി തീർത്തും സുരക്ഷിതമല്ലാതായിരിക്കുന്നുവെന്നു ഇസ്ലാമിക് ഭീകരവാദം ജർമനിയുടെ ഹൃദയത്തിൽ തുളച്ച്കയറിയിരിക്കുന്നുവെന്നും അവർ ആരോപിക്കുന്നു.

ഇത്തരത്തിൽ രാജ്യത്ത് ഭീകരാക്രമണങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രവർത്തനരീതി മാറ്റേണ്ടത് അത്യാവശ്യമാണെന്ന നിർദേശവുമായി പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് ജർമനിയിലെ പ്രമുഖ പൊളിറ്റിക്കൽ കമന്റേറ്ററായ ജോസഫ് ജോഫെ മുന്നോട്ട് വന്നിട്ടുണ്ട്. മെർകലിന്റെ തുറന്ന വാതിൽ നയം ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുരക്ഷ അവതാളത്തിലാകുമെന്നും അദ്ദേഹം പറുന്നു. ഈ അവസരത്തിൽ അതിർത്തി നിയന്ത്രണം കർക്കശമാക്കണമെന്നും ഇന്റലിജൻസ് സർവീസുകളുടെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ബെർലിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭ്യന്തര സുരക്ഷ ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ ജർമനിയുടെ ഭരണനേതൃത്വത്തിൻെ ശൈലിമാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.അതായത് അടുത്ത തെരഞ്ഞെടുപ്പോടെ മെർകലിന്റെ സ്ഥാനം തെറിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ ഉയരുന്നതെന്ന് സാരം.