വിവാഹ ബന്ധം വേർപിരിയാനൊരുങ്ങുന്ന പ്രശസ്ത ഹോളിവുഡ് ദമ്പതികളായ ആഞ്ജലീന ജോളിയെയും ഭർത്താവ് ബ്രാഡ് പിറ്റിനെയും കുറിച്ചുള്ള കൂടുതൽ നിറം പിടിപ്പിച്ച കഥകൾ പുറത്ത് വന്നു. സ്തനമാറ്റ ശസ്ത്രക്രിയക്ക് ശേഷം ബ്രാഡ് പിറ്റിന് ജോളിയോട് ഇഷ്ടം കുറഞ്ഞോയെന്ന ചോദ്യവും ഇപ്പോൾ ഉയർന്ന് വരുന്നുണ്ട്. ബ്രാഡിന് മാറിയോനുമായുള്ള ബന്ധവും ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ കാരണമായിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സൂചന. എന്തായാലും ചുരുക്കിപ്പറഞ്ഞാൽ 12 കൊല്ലം ഒരുമിച്ച് കഴിഞ്ഞ ശേഷം രണ്ട് കൊല്ലം മുമ്പ് മാത്രം വിവാഹം ചെയ്ത ബ്രാഞ്ചലീന ഇനി കൊടിയ ശത്രുക്കളായി മാറാൻ പോവുകയാണെന്നുറപ്പായിരിക്കുകയാണ്.

പുതിയ ചിത്രമായ അലൈഡിലെ നായികയായ ഫ്രഞ്ച് താരം മറിയോനുമായി പിറ്റിന് പ്രണയമുണ്ടെന്ന ജോളിയുടെ സംശയമാണ് ഇവരുടെ ബന്ധം തകർത്തിരിക്കുന്നതെന്ന അഭ്യൂഹം വ്യാപകമാകുന്നുണ്ട്. ജോളിക്ക് മറിയോനിനോട് കടുത്ത അസൂയയുണ്ടെന്നും അക്കാരണത്താലാണ് അലൈഡിന്റെ സെറ്റിൽ വച്ച് മറിയോനെ കണ്ടതിന് ശേഷം അവരുമായി യാതൊന്നും സംസാരിക്കാൻ ജോളി തയ്യാറാവാതിരുന്നതെന്നും ദമ്പതികളുമായി അടുപ്പമുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ മറിയോന് നടനും എഴുത്തുകാരനുമായ ഗ്യുയിലൗമെ കാനെറ്റ് എന്ന 43കാരനുമായി 2007 മുതൽ ബന്ധമുണ്ട്. ഇവർക്ക് അഞ്ച് വയസുകാരനമായ മാർസെൽ എന്ന മകനുമുണ്ട്. റിലീസാകാനിരിക്കുന്ന സ്പൈ ത്രില്ലറായ അലൈഡിലെ ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി അത്ഭുതകരമായിരുന്നുവെന്നാണ് ഇതിന്റെ പ്രൊഡ്യൂസർ ഗ്രഹാം കിങ് വെളിപ്പെടുത്തിയിരിക്കുന്നത്. അത്രയ്ക്ക് ഇഴുകിച്ചേർന്ന് അഭിനയിക്കുന്ന രംഗങ്ങൾ ഈ ചിത്രത്തിലുണ്ടായിരുന്നു.

ഒരു ഇൻഫർമേഷൻ ഓഫീസറുടെയും ഫ്രഞ്ച് റെസിസ്റ്റൻ ഫൈറ്ററുടെയും റോളുകളിലാണ് ഈ ജോഡികൾ ഈ ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് കാസാബ്ലാൻകയിലും കാനറി ദ്വീപുകളിലും മറ്റും നടന്നിരുന്നു. ഓസ്‌കാർ അവാർഡ് നേടിയ മാറിയോൻ ഫ്രഞ്ച് സിനിമാ ചരിത്രത്തിലെ ഏറ്റവും വിജയികളായ അഭിനേത്രിമാരിലൊരാളാണ്.എന്നാൽ ജോളിയും പിറ്റും തമ്മിലുള്ള ബന്ധം വേർപെടുന്നതിന് താൻ കാരണമായി വർത്തിച്ചുവെന്നറിഞ്ഞത് മുതൽ മറിയോൻ ആകെ അസ്വസ്ഥയാണെന്നാണ് റിപ്പോർട്ട്. മാറിയോനും ഗ്യുയിലൗമെ കാനെറ്റും തികച്ചും സന്തോഷപ്രദമായ ഒരു ജീവിതമാണ് നയിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദങ്ങളിൽ ഉൾപ്പെടാനോ അതിനെക്കുറിച്ച് കേൾക്കാനോ അവർ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ഇവരുടെ കുടുംബവുമായി അടുത്ത ഉറവിടങ്ങൾ പ്രതികരിച്ചിരിക്കുന്നത്.

ആഞ്ജലീന ജോളി ഡിവോഴ്സ് ഫയൽ ചെയ്തതിൽ പിറ്റ് ആകെ അസ്വസ്ഥനാണ്. ഇത് തങ്ങളുടെ ആറ് മക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നാണ് അദ്ദേഹം ആശങ്കപ്പെട്ടിരിക്കുന്നത്. അതിന് വേണ്ടി വിവാഹ ബന്ധം വേർപിരിയുന്നത് രഹസ്യമാക്കി വയ്ക്കാൻ വരെ അദ്ദേഹം ജോളിയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും അവരത് തള്ളി വേർപിരിയൽ വാർത്ത പരമാവധി പരസ്യമാക്കി മുന്നോട്ട് പോവുകയായിരുന്നു. ദത്തെടുത്തതും തങ്ങൾക്ക് ജനിച്ചതുമായ ആറ് കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. മഡോക്സ്(15), പാക്സ്(12), സഹാറ(11), ഷിലോഹ്(10), എട്ട് വയസുള്ള ഇരട്ടകളായ വിവിയൻസ് , നോക്സ് എന്നിവരാണിവർ. ഇവരെ തന്റെ കസ്റ്റഡിയിൽ വയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയും വിവാഹമോചന ഹരജിക്കൊപ്പം ജോളി സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പിറ്റ് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും ഇതിൽ ജോളി ആകെ അസ്വസ്ഥയാണെന്നും അവരുമായി അടുപ്പമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. 2005ൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ജോളിയും പിറ്റും ഡേറ്റിങ് ആരംഭിച്ചിരുന്നത്. ഏതാണ്ട് ഇതേ രീതിയിലുള്ള അടുപ്പമാണ് മറിയോനും പിറ്റും തമ്മിൽ അലൈഡിന്റെ സെറ്റിൽ വച്ച് ആരംഭിച്ചിരിക്കുന്നതെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ചലച്ചിത്ര നടിമാരായ ഗ്വിനെത്ത് പാൽട്രോവ്, ജെന്നിഫർ ആനിസ്റ്റണുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടാണ് പിറ്റ് ജോളിയുമായുള്ള ബന്ധം തുടങ്ങിയത്. തന്റെ കുട്ടികളുടെ പിതാവ് പിറ്റാണെന്ന് നടിയും ഇരുവരുടെയും സുഹൃത്തുമായ മെലീസ എത്രിഡ്ജ് വിവാദ പ്രസ്താവന പുറപ്പെടുവിച്ചതും ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തിയിരുന്നു.