വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ ഹോളിവുഡ് സൂപ്പർത്താരം ആഞ്ജലിന ജോളി ബ്രിട്ടനിലേക്ക് എത്തുന്നത്? ഹോളിവുഡ് നടൻകൂടിയായ ബ്രാഡ് പിറ്റിൽനിന്ന് വിവാഹമോചനം തേടുന്ന ജോളി, തന്റെ അടുത്ത കർമമേഖലയായി നിശ്ചയിച്ചിരിക്കുന്നത് ബ്രിട്ടനെയാണ്. പ്രഭ്വി പദവി നൽകി ബ്രിട്ടനിലെ പ്രഭുസഭ അവരെ ആദരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഒരു വിമാനയാത്രയ്ക്കിടെയുണ്ടായ വഴക്കും ബലപ്രയോഗവുമാണ് ആഞ്ജലിനയെയും ബ്രാഡ് പിറ്റിനെയും വിവാഹ മോചനത്തിൽ എത്തിച്ചത്. ബ്രാൻജലീന എന്ന പേരിൽ ഇവരുടെ ജീവിത കഥയെഴുതിയ ഇയാൻ ഹാൽപെറിൻ വിവാഹ മോചന വാർത്ത സ്ഥിരീകരിക്കുന്നുമുണ്ട്.

ഒട്ടേറെ ജീവകാരുണ്യ സംഘടനകളുമായി ബന്ധപ്പെടുകയും ഐക്യരാഷ്ട്ര സഭയുടെ ഗുഡ്‌വിൽ അംബാസഡർമാരിലൊരാളായി പ്രവർത്തിക്കുകയും ചെയ്യുന്ന ആഞ്ജലിനയ്ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടനിലെ മുൻ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗുമായും വിദേശകാര്യ വിദഗ്ധ അർമിൻക ഹെലിക്കുമായുള്ള സൗഹൃദമാണ് അമേരിക്ക വിട്ട് ബ്രിട്ടനിലേക്ക് കുടിയേറാൻ ആഞ്ജലിനയെ പ്രേരിപ്പിക്കുന്നത്.

ബോസ്‌നിയയിൽനിന്ന് അഭയാർഥിയായി എത്തുകയും ഹേഗിനൊപ്പം ചേർന്ന് വിദേശകാര്യ രംഗത്ത് ഏറെ പ്രശസ്തി കൈവരിക്കുകയും ചെയ്തയാളാണ് ഹെലിക്. 2012-ൽ ഹേഗാണ് ഹെലിക്കിനെ ആഞ്ജലിനയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. അന്നുമുതൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നു.

ബോസ്‌നിയൻ ആഭ്യന്തര കലാപത്തിന്റെ കഥ പറഞ്ഞ ലാൻഡ് ഓഫ് ബ്ലഡ് ആൻഡ് ഹണി എന്ന ചിത്രത്തിലെ ആഞ്ജലിനയുടെ അഭിനയമാണ് തന്നെ സ്വാധീനിച്ചതെന്ന് ഹെലിക് പറയുന്നു. ബോസ്‌നിയയിലെ പ്രശ്‌നങ്ങളെ ആഞ്ജലിന നല്ലവണ്ണം മനസ്സിലാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

ഈ സിനിമയുടെ സ്‌ക്രീനിങ്ങിന് ആഞ്ജലിനയ്‌ക്കൊപ്പം ഹേഗും ഹെലിക്കും മറ്റൊരു സുഹൃത്ത് ചോൾ ഡാൽട്ടണും ഉണ്ടായിരുന്നു. ഇത്തരം സംഘർഷപ്രദേശങ്ങളിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഇവർ ചർച്ച ചെയ്യുകയും പി.എസ്.വി.ഐ എന്ന ജീവകാരുണ്യ സംഘടനയുടെ പിറവിക്ക് അത് വഴിതെളിക്കുകയും ചെയ്തു. പ്രിവന്റിങ് സെക്ഷ്വൽ വയലൻസ് ഇൻ കോൺഫ്‌ളിക്ട് ഇനിഷ്യേറ്റീവ് എന്ന സംഘടന ബ്രിട്ടൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.