ന്യൂയോർക്ക് : ഹോളിവുഡ് ലേഡി സൂപ്പർ സ്റ്റാർ ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന. ഏതാനും ദിവസം മുൻപ് ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന താരം നൽകിയത്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താരം മത്സരിക്കാനാണ് സാധ്യതയെന്നും മാധ്യമങ്ങൾ പറയുന്നു. രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് 20 വർഷം മുൻപായിരുന്നെങ്കിൽ ഈ ചോദ്യം ഞാൻ പാടെ തള്ളിക്കളഞ്ഞേനെ എന്നായിരുന്നു ആഞ്ജലീനയുടെ മറുപടി.

എന്നാൽ ഇപ്പോൾ അതല്ല അവസ്ഥയെന്നും തന്നെ ആവശ്യമുള്ളിടത്ത് താൻ പോകുമെന്നും ആഞ്ജലീന കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക്ക് പാർട്ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നയാളാണ് ആഞ്ജലീന. ഇതിനാൽ തന്നെ സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും ആഞ്ജലീന ഭാഗ്യം പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എൻ അഭയാർത്ഥി സംഘടനയിൽ ആഞ്ജലീന സജീവമായി ഇടപെടുന്നുണ്ട്. ലൈംഗികാതിക്രമം നേരിടുന്ന അഭയാർത്ഥികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിൽ ആഞ്ജലീന നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണ്. യു.എസ് രാഷ്ട്രീയം, സോഷ്യൽ മീഡിയ, ലൈംഗിക അതിക്രമം, ആഗോള അഭയാർത്ഥി പ്രതിസന്ധികൾ എന്നിവയെ കുറിച്ചെല്ലാം ആഞ്ജലീന പരാമർശിച്ചു. രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ ഉത്തരം ഇത്തരത്തിലായിരുന്നു: ഇരുപത് വർഷം മുൻപാണ് ഈ ചോദ്യം കേട്ടിരുന്നുവെങ്കിൽ താൻ ചിരിച്ചു തള്ളുമായിരുന്നുവെന്ന് ആഞ്ജലീന പറഞ്ഞു.

യു.എൻ ഏജൻസിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കായി നിരവധി കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ കഴിയുന്നുണ്ട്. സർക്കാരുകൾക്കൊപ്പവും സൈന്യത്തോടൊപ്പവും പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ഒരു പദവിയും വഹിക്കാതെ തന്നെ നിരവധി പുതിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഇടത്താണ് ഇപ്പോഴുള്ളതെന്നും അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് ആഞ്ജലീന മറുപടി നൽകി.

മുപ്പതോ നാൽപതോ ഡമോക്രാറ്റുകൾ നാമനിർദ്ദേശം നൽകാൻ മത്സരിക്കുമ്പോൾ ആ പട്ടികയിൽ താങ്കളുമുണ്ടാകട്ടെയെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ നന്ദി എന്ന് പറഞ്ഞ് ആഞ്ജലീന ചിരിച്ചു. മനക്കരുത്തും ഇച്ഛാശക്തിയും കൊണ്ട് അർബുദത്തെ തോൽപ്പിച്ച ആഞ്ജലീന ജോളിയുടെ രാഷ്ട്രീയ പ്രവേശനമാണ് ഹോളിവുഡിലെ ഇന്നത്തെ പ്രധാന വാർത്ത.