ബ്രസീലിലെ പിടിമ്പുവിലുള്ള ബ്ലൂ ബീച്ചിൽ നടന്ന സംഭവമാണ്. ബീച്ചിലൂടെ തിരയിലേക്ക് അടിച്ചുകയറുന്ന വമ്പൻ തിരമാലകളുടെ ഇടയിലൂടെ കാറോടിച്ച് രസിക്കുകയായിരുന്ന കമിതാക്കളുടെ കാറിലേക്ക് തീരത്ത് കുടുംബത്തോടൊപ്പം വിശ്രമിച്ചിരുന്ന ഒരു പിതാവ് രോഷാകുലനായി ഒരു വലിയ കല്ല് വലിച്ചെറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി.

താനും കുടുംബവും തീരത്ത് വിശ്രമിക്കുന്നതിനിടെ അതിവേഗത്തിൽ കാർ പാഞ്ഞുവന്നതിനെ തുടർന്ന് രോഷാകുലനായ കുടുംബസ്ഥൻ കല്ല് വലിച്ചെറിയുകയായിരുന്നു. കല്ല് വിൻഡ്‌സ്‌ക്രീൻ തകർത്തതോടെ കാറിലുണ്ടായിരുന്ന കമിതാക്കൾ പുറത്തിറങ്ങി. ഇതിനിടെ ആൾക്കാരും ചുറ്റുംകൂടിയപ്പോൾ സംഗതി പന്തിയല്ലെന്ന് കണ്ട് കമിതാക്കൾ പതുക്കെ വലിഞ്ഞു.

അനുമതിയില്ലാതെയാണ് ബീച്ചിലൂടെ കാറോടിച്ച് രസിച്ചതെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. കാർ കുറച്ചുനേരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നതോടെ ചക്രങ്ങൾക്കുചുറ്റും തിരയടിച്ച് മണൽമൂടിയതോടെ അത് അനക്കാൻ പറ്റാത്ത അവസ്ഥയിലായി മാറുകയും ചെയ്തു.

അതിവേഗം ഓടിച്ചുവരുന്ന കാറിലേക്ക് ഒരാൾ വലിയ കല്ലുവലിച്ചെറിയുന്നതിന്റെയും വിൻഡ്‌സ്‌ക്രീനിൽ വലിയ ദ്വാരമുണ്ടാകുന്നതിന്റെയും ഇതേത്തുടർന്ന് തർക്കം നടക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരാണിതിൽ കുറ്റക്കാരെന്ന ചർച്ചയും സജീവമായി. ബ്രസീലിലെ പ്രസിദ്ധ ബീച്ചായ ബ്ലൂ ബീച്ചിൽ ആണ് സംഭവം ഉണ്ടായതെന്നതിനാൽ വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചത്. 

സംഭവം നടന്നതിന് പിന്നാലെ കല്ല് വലിച്ചെറിഞ്ഞ പിതാവും കുടുംബവും അവിടെനിന്ന് കടന്നുകളയുകയും ചെയ്തു. ഇതോടെ ഇത്തരത്തിൽ ജനങ്ങൾ വന്നിരിക്കുന്ന ബീച്ചിൽ കാറോടിക്കുന്നതിന്റെ ഔചിത്യത്തെ ചൊല്ലിയും അത്തരത്തിൽ ഓടിച്ചാൽതന്നെ കാറിലേക്ക് കല്ലുവലിച്ചെറിയുന്നതിനെ ചൊല്ലിയുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയുംചെയ്തു.