- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം; ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്; ആൻണിയുടെ മകനെ കടന്നാക്രമിച്ച് പോരാളി വാസുവിന്റെ അവകാശികൾ; കോൺഗ്രസിനുള്ളിൽ സൈബർ പോര്
കൊച്ചി: എകെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. കെപിസിസി മീഡിയ സെൽ കൺവീനറും എഐസിസി സോഷ്യൽ മീഡിയ സെൽ കോഡിനേറ്ററുമാണ് അനിൽ കെ ആന്റണി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആന്റണിയുടെ മകനെതിരെയും സൈബർ ലോകത്ത് പ്രതിഷേധമാണ്. കോൺഗ്രസുകാർ തന്നെയാണ് ഇതിന് പിന്നിൽ.
കോൺഗ്രസ് അനുകൂലികളുടെ പ്രമുഖ പേജായ 'കോൺഗ്രസ് സൈബർ ടീം' പ്രത്യക്ഷത്തിൽ തന്നെ എകെ ആന്റണിയുടെ മകനെ വിമർശിക്കുന്നു. അനിൽ കെ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് സൈബർ ടീം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി നിർണായക പ്രചരണങ്ങൾ നടത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള സൈബർ ഗ്രൂപ്പാണ് ഇത്. ആ ഗ്രൂപ്പിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും അനിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നത്.
'കോൺഗ്രസിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ അനിൽ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോൺഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പിൽ വല്ല ഗുണവും ഉണ്ടായോ. ഈ നിർണായക തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോൺഗ്രസിന്റെ സൈബർ പോരാളികൾ ശക്തർ ആയതുകൊണ്ട് മാത്രം പ്രതിരോധം തീർത്തു. എസി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെൽ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാർട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും', കോൺഗ്രസ് സൈബർ ടീം ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചു.
കോൺഗ്രസ് ഔദ്യോഗിക സൈബർ വിഭാഗം വേണ്ടത്ര മികവ് കാട്ടുന്നില്ലെന്ന ആശങ്കക്കിടെ പ്രവർത്തകരുടെ കൂട്ടായ്മയായ കോൺഗ്രസ് സൈബർ ടീമിന് സോഷ്യൽ മിഡിയയിൽ വൻ മുന്നേറ്റം ഉണ്ടായിരുന്നു. ഫേസ് ബുക്കിൽ കെപിസിസിയുടെ ഔദ്യോഗിക പേജിനെക്കാൾ ലൈക്കും ഫോളോവേഴ്സുമാണ് കോൺഗ്രസ് സൈബർ ടീം നേടിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സൈബർ കോൺഗ്രസ് , മിഷൻ 140 , ഐ ആം കോൺഗ്രസ് എന്നാ നാല് പ്രമുഖ പേജുകളെയാണ് ഇവർ പിന്നിലാക്കിയത്. എന്നാൽ സൈബർ കോൺഗ്രസ് കെപിസിസിയുടെ ഗ്രൂപ്പല്ലെന്നും പേജുമായി ഒരു ബന്ധമില്ലെന്നുമാണ് കോൺഗ്രസ് ഐടി വിഭാഗം പറയുന്നത്. ഇതടക്കം കോൺഗ്രസിനെ അനുകൂലിക്കുന്ന നിരവധി പേജുകളുണ്ടെന്നും അവയക്കൊന്നും കെപിസിസിയുമായി ബന്ധമില്ലെന്നുമാണ് അനിൽ ആന്റണിയുടെ നിലപാട്. ഇതാണ് ഇവരെ ചൊടിപ്പിച്ചതും പരസ്യ പ്രസ്താവനയ്ക്ക് കാരണമായതും.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഇടപെടലും മുഖ്യ എതിരാളിയായ സിപിഎമ്മിന് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി നൽകുന്നതുമാണ് കോൺഗ്രസ് സൈബർ ടീം എന്ന പേജിനെ പ്രവർത്തകർക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഇതിനെ പുറമെ പോരാളി ഷാജി എന്ന സിപിഎം താരത്തിനെതിരെ പോരാളി വാസുവനെ കൊണ്ടുവന്നതും കോൺഗ്രസ് സൈബർ ടീമാണ്. പോരാളി വാസുവിനും സോഷ്യൽ മിഡിയയിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പതിനെട്ട് പേരടഞ്ഞുന്ന ടീമാണ് പേജിനെ നയിക്കുന്നത് . ഇതിൽ പതിനെട്ട് കാരിയായ കെ എസ് യു പ്രവർത്തക മുതൽ 70 കാരൻ വരെയുണ്ട്.
അഞ്ച് രാജ്യങ്ങളിലുള്ള പ്രവാസികളായ കോൺഗ്രസുകാരാണ് പേജിന് ചുക്കാൻ പിടിക്കുന്നത്. പ്രധാന രണ്ട് പേജിനൊപ്പം ഫേസ് ബുക്കിൽ തന്നെ പതിനേഴ് മറ്റ് പേജുകളും നൂറിലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാം , ടിക് ടോക്ക് അകൗണ്ടുകളും സൈബർ കോൺഗ്രസ് ടിം കൈകാര്യം ചെയ്യുന്നു. പ്രൊഫഷണൽ രംഗത്തുള്ള ഇവർ ജോലിയുടെ ഇടവേളകളിലാണ് സൈബർ പോരാട്ടം നടത്തുന്നത്. തെരഞ്ഞടുപ്പിൽ വൻ പ്രചരണമാണ് പേജിലൂടെ ഇവർ നടത്തിയത്. പ്രകടന പത്രിക, സിപിഎം ബിജെപി ഡീൽ,, ആഴക്കടൽ കരാർ, പി എസ് സി സമരം അടക്കം എല്ലാ പ്രചരണ വിഷയങ്ങൾക്കും ഇവർക്ക് ലക്ഷങ്ങളാണ് ലൈക്കായും ഷെയറായും ലഭിച്ചത്.
പേജിന്റെ സ്വീകാര്യത മനസിലാക്കിയ നേതാക്കൾ അണിയറ പ്രവർത്തകരെ ബന്ധപ്പെട്ടതും വിജയമായി ഇവർ കരുതുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ അനിൽ ആന്റണി തയ്യാറായില്ല. ഇതോടെയാണ് കലഹം തുടങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ