- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എയ് അത്ര ഗതികേടൊന്നും പാർട്ടിക്കില്ല അനിലേ; മത്സരിച്ചാൽ, തൊട്ടടുത്തുള്ള സീറ്റുകളും പോകും; അച്ഛൻ ആനപ്പുറത്തുകേറി എന്ന് വിചാരിച്ചു മകന് തഴമ്പു കിട്ടില്ല, എന്ന് പറഞ്ഞത് എകെആന്റണി ആണ്; താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന വാർത്ത നിഷേധിച്ച് പോസ്റ്റിട്ട അനിൽ.കെ.ആന്റണിയുടെ പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ കാറ്റ് വീശിയതോടെ, രാഷ്്ട്രീയ കക്ഷികളെല്ലാം സ്ഥാനാർത്ഥികളെ നോട്ടമിട്ടുതുടങ്ങിയല്ലോ. ചിലർക്കൊക്കെ നറുക്ക് വീഴും. മറ്റുചിലർക്ക് സങ്കടപ്പെടേണ്ടിയും വരും. മാധ്യമങ്ങളിൽ പല തരം സ്ഥാനാർത്ഥി പ്രവചനങ്ങളും വരുന്ന കാലമാണ്. അതുകൊണ്ട് തന്നെ സംഗതി സീരിയസാണ്. സോഷ്യൽ മീഡിയ വിദഗ്ധൻ കൂടിയായ അനിൽ.കെ.ആന്റണിക്ക് ഇതൊന്നും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എ.കെ.ആന്റണിയുടെ മകനും സ്ഥാനാർത്ഥിയാകുമെന്ന് നിരവധി ഓൺലൈൻ പോർട്ടലുകളിൽ വാർത്ത വന്നതോടെ അത് നിഷേധിച്ചില്ലെങ്കിൽ, ആളുകൾ എന്തുകരുതും? ഒന്നുംവയ്യാത്ത കാലമാണ്. അതുകൊണ്ട് തന്നെ അനിൽ ഫേസ്ബുക്കിൽ സംഗതി അങ്ങ് നിഷേധിച്ചു. വളരെ മാന്യമായ പോസ്റ്റ്. എന്നാൽ, അങ്ങനെയൊരു ന്യൂസേ തങ്ങളാരും കണ്ടില്ലെന്നും,എഴുതിയവന്മാരെ ഇങ്ങോട്ട് വിളിച്ചോണ്ടു വാ...ചോദിക്കട്ടെ..ആരു ഏല്പിച്ചതാണെന്നും , എയ് അത്ര ഗതികേടൊന്നും പാർട്ടിക്കില്ല എന്നും ഒക്കെയായി സോഷ്യൽ മീഡിയയിൽ ഒരുവിഭാഗത്തിന്റെ പരിഹാസം. ഇതൊക്കെ കോൺഗ്രസുകാർ തന്നെയല്ലേ എന്ന് ആരെങ്കിലും സംശയിച്ചാലും അവരെ കുറ്റം പറയാനാവില്ല. പതിവുപോലെ മക്കൾ രാഷ്ട്രീയവും വിഷയമായി. അതേസമയം, അനിലിന്റെ പോസ്റ്റിനെ സ്വാഗതം ചെയ്ത് അഭിവാദ്യങ്ങൾ നേരുന്ന കോൺഗ്രസുകാരും കുറവല്ല.
നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണ് പ്രചരിക്കുന്നതെന്നാണ് അനിലിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അനിൽ.കെ.ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതല ഏൽപ്പിച്ചിരുന്നു. ഇപ്പോൾ എ.ഐ.സി.സിയുടെ കൂടുതൽ ഉത്തവാദിത്വങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കും. സ്ത്രീകളും യുവാക്കളും പുതുമുഖങ്ങളും സ്ഥാനാർത്ഥികളായി വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനിൽ പറയുന്നു.
അനിൽ.കെ.ആന്റണിയുടെ പോസ്റ്റും കമന്റുകളും വായിക്കാം
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള വാർത്താ റിപ്പോർട്ടുകൾ നിരവധി ഓൺലൈൻ പോർട്ടലുകൾ പ്രചരിപ്പിക്കുണ്ടെന്ന വിവരം വിവിധ സ്ഥലങ്ങളിൽ നിന്ന് എന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരിൽ ആരോ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണ് അവയെന്നും എനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും കെ പി സി സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം എന്ന ഉത്തരവാദിത്വം എന്നെ ഏൽപ്പിച്ചിരുന്നു. കൂടാതെ , ഈ വർഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വങ്ങളും എ ഐ സി സി എന്നെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി അവ നിർവ്വഹിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിലും പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരൻ എന്ന നിലയിലും നമ്മുടെ സ്ഥാനാർത്ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ വിജയത്തിനും എന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.അതോടൊപ്പം, പുരോഗമനപരവും പുതുമയുള്ളതുമായ ഒരു ആഖ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ സ്ത്രീകളുൾപ്പെടെയുള്ള നിരവധി പുതുമുഖങ്ങളും യുവമുഖങ്ങളും ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
മറുനാടന് ഡെസ്ക്