- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്തിന് നിയമനം; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തിൽ; പുതിയ ഡിജിപിക്കുള്ള നിയമന കാലാവധി ഏഴു മാസം; അനിൽകാന്തിന് തുണയായത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ രമൺ ശ്രീവാസ്തവയുമായുള്ള ആത്മബന്ധം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് നിയമനം. നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറായ അനിൽ കാന്തിന് സംസ്ഥാന പൊലീസിലെ ഏറ്റവും ഉന്നത പദവി നൽകാനാണ് ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഏഴു മാസമാണ് അനിൽ കാന്തിന് ഡിജിപിയായി തുടരാൻ സാധിക്കുക. വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, അഗ്നിരക്ഷാ വിഭാഗം മേധാവി ഡോ. ബി. സന്ധ്യ എന്നിവരാണ് പൊലീസ് മേധാവിയാകാനുള്ള അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഈ പട്ടികയിൽ നിന്നാണ് അനിൽ കാന്തിന് നിയമനം ലഭിച്ചത്. ഏഴു മാസമേ കാലാവധിയുള്ളൂ എന്നതും ഇദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമായി.
മുഖ്യമന്ത്രിയുടെ മുൻ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുമായി ആത്മബന്ധമുള്ള വ്യക്തിയാണ് അനിൽകാന്ത്. ഈ ബന്ധവും അദ്ദേഹത്തിന് തുണയായി എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്ന് വൈകുന്നേരം നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പൊലീസ് മേധാവി പൊലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്റയിൽനിന്ന് ചുമതല ഏറ്റെടുക്കും.
വയനാട്ടിൽ എഎസ് പിയായി അനിൽ കാന്ത് എത്തുമ്പോൾ മുതൽ ശ്രീവാസ്തവയുമായി അടുത്ത ബന്ധമുണ്ട്. ഏഴു മാസമാണ് അനിൽ കാന്തിന് വിരമിക്കാനുള്ളത്. ഈ സമയം അനിൽ കാന്തിനെ ചുമതല ഏൽപ്പിക്കുക..ഡൽഹി സ്വദേശിയായ അനിൽകാന്ത് 88 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പട്ടികവിഭാഗത്തിൽനിന്ന് കേരളത്തിൽ പൊലീസ് മേധാവിയാകുന്ന ആദ്യയാളാണ് അനിൽകാന്ത്.
കൽപ്പറ്റ എ എസ് പി യായാണ് അനിൽകാന്തിന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. തുടർന്ന് ദക്ഷിണമേഖല എഡിജിപിയായി. ജയിൽ മേധാവി, ഗതാഗത കമ്മീഷണർ എന്നീ സ്ഥാനങ്ങളും വഹിച്ചു. വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. സീനിയോറിറ്റിയിൽ രണ്ടാമനായ ടോമിൻ ജെ.തച്ചങ്കരിയെ ഒഴിവാക്കിയാണ് യുപിഎസ്സി സംസ്ഥാന സർക്കാരിനു 3 പേരുടെ പട്ടിക നൽകിയത്. സീനിയോറിറ്റിയിൽ ഒന്നാമനായ അരുൺ കുമാർ സിൻഹ സംസ്ഥാനത്തേക്കു വരാൻ താൽപര്യമില്ലെന്നു യുപിഎസ്സിയെ അറിയിച്ചിരുന്നു.
നിലവിൽ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ് അദ്ദേഹം. മകൾ ഡ്രൈവറെ തല്ലിയ കേസ് അടക്കം സുദേഷ് കുമാറിന് എതിരായി. മുൻപ് ചില കേസുകളിലെ ഇടപെടലുകളാണ് ബി. സന്ധ്യക്ക് തിരിച്ചടിയായത്. വിവാദങ്ങൾ ഒന്നുമില്ലാത്ത സർവീസ് ഹിസ്റ്ററിയാണ് അനിൽകാന്തുനുള്ളത്. ഇതു കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് നറുക്കു വീണത്.
മറുനാടന് മലയാളി ബ്യൂറോ