തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ക്വാറികളിൽ നിന്ന് പാറ കൊണ്ടുപോകുന്ന ലോറിക്കാരിൽ നിന്ന് കമ്മിഷൻ വാങ്ങുന്നുണ്ടെന്ന പരാതിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ അനിൽ മടവൂരിനെതിരെ പാർട്ടിയുടെ അന്വേഷണം. കല്ലറ പങ്ങോട് നിന്നുള്ള നേതാവാണ് അനിൽ മടവൂർ. ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരീ പുത്രൻ രഞ്ജിത്ത് ഭാസി നൽകിയ പരാതിയിലാണ് അന്വേഷണം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ബി.പി മുരളി അധ്യക്ഷനായ കമ്മിഷനിൽ സംസ്ഥാന സമിതിയംഗം വി. ജോയ്, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു എന്നിവരാണ് അംഗങ്ങൾ. സിപിഎമ്മിന്റെ തിരുവനന്തപുരത്തെ തലമുതിർന്ന നേതാവാണ് ആനത്തലവട്ടം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുള്ള പരാതിയെ ഗൗരവത്തോടെ പാർട്ടി എടുക്കും.

കേരള മൈനിങ് കോർപ്പറേഷൻ ചെയർമാനാണ് അനിൽ മടവൂർ. സാധാരണക്കാരായ ലോറിക്കാരിൽ നിന്ന് കൂടുതൽ പണം ഈടാക്കി അത് മടവൂർ അനിൽ ഉൾപ്പടെയുള്ളവർ പങ്കിടുന്നു എന്നാണ് പരാതി. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നതിനിടെയാണ് ഇങ്ങനെയൊരു പരാതി ഉയർന്നുവന്നതും ജില്ലാ നേതൃത്വം കമ്മിഷനെ നിയോഗിച്ചതും.

കമ്മിഷൻ പരാതിക്കാരായ ചിലരിൽ നിന്ന് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ചില നിർണ്ണായക തെളിവുകൾ കിട്ടിയെന്നാണ് സൂചന. സിപിഎമ്മിന്റെ കിളിമാനൂർ മേഖലയിലെ പ്രധാന നേതാവാണ് അനിൽ. ആനത്തലവട്ടം ആനന്ദന്റെ പിന്തുണയിൽ സിപിഎമ്മിൽ സജീവമായ അനിൽ മടവൂർ പിന്നീട് നേതാവുമായി അകലുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും അന്വേഷണവും.