തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് ചർച്ചയാക്കാൻ സിപിഎം. ഇതിനെ ബിജെപിക്കെതിരെ ആയുധമാക്കാൻ സിപിഎം തീരുമാനിച്ചു. ബിജെപി ഇക്കാര്യം വിശദീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വിമുരളീധരനെ കുറ്റപ്പെടുത്താനുള്ള സാധ്യതയായി സ്വപ്‌നാ സുരേഷിന്റെ മൊഴി ഉപയോഗിക്കാനാണ് നീക്കം. ബിജെപി അനുകൂല ചാനലായ ജനം ടിവിയിലെ പ്രധാന ജീവനക്കാരനായ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത് സ്വർണക്കടത്തു കേസിൽ പ്രതിരോധത്തിലായി നിൽക്കുന്ന സർക്കാരിനും സിപിഎമ്മിനും അപ്രതീക്ഷിതമായി കിട്ടിയ പിടിവള്ളിയായി. അനിലിനെ കരുവാക്കി മുരളീധരനെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നു ബിജെപി കരുതുന്നു. അതുകൊണ്ട് തന്നെ കരുതലോടെ പ്രതിരോധം തീർക്കും.

അതിനിടെ ജനം ടിവിയുടെ ചുമതലകളിൽ നിന്നു മാറി നിൽക്കുന്നതായി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്‌ബുക് പോസ്റ്റിൽ അറിയിച്ചു. സംശയങ്ങൾ ദൂരീകരിക്കും വരെ മാറിനിൽക്കുന്നുവെന്നാണ് പോസ്റ്റ്. അനിലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നപ്പോൾ ജനം ടിവിക്കും ഇയാൾക്കും ബിജെപിയുമായി ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. സ്വർണക്കടത്തു കേസിൽ സർക്കാരിനും സിപിഎമ്മിനുമെതിരെയുള്ള പാർട്ടിയുടെ സമരത്തെ സംഭവം ബാധിക്കില്ലെന്നും വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്താണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. അനിൽ പരൽമീൻ മാത്രമാണെന്നും വമ്പൻ സ്രാവ് വിദേശകാര്യ മന്ത്രാലയത്തിലാണെന്നുമുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമിന്റെ പ്രതികരണമാണ് പാർട്ടിക്കൊപ്പം മുരളീധരനെയും സിപിഎം ലക്ഷ്യമിടുന്നുവെന്ന സൂചന നൽകിയത്. ശിവശങ്കർ വിഷയം വന്നപ്പോൾ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തിരുന്നു. അനിൽ നമ്പ്യാർ വിഷയത്തിൽ ബിജെപിയും പറയുന്നത് ഇതാണ്.

അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറയുന്നു. കള്ളക്കടത്ത് സ്വർണം നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴിപകർപ്പുകൾ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി. മുരളീധരനാണ്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ.ഐ.എയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറായിരുന്നില്ല. പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന മൊഴിപകർപ്പുകളെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായി. കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടി.വി കോ- ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല. ജനം ടി.വിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും സിപിഎം വ്യക്തമാക്കി. ചോദ്യം ചെയ്യൽ കഴിഞ്ഞ ഉടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബിജെപി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ ആ പാർട്ടിയുടെ നേതൃത്വം തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇതിനെ ബിജെപി കാര്യമായെടുക്കുന്നില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ അനിൽ നമ്പ്യാരെ ചുമതലകളിൽ നിന്ന് മാറ്റി. കെടി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ബിജെപി എടുത്തില്ലെന്നും അവർ പറയുന്നു. സ്വപ്നയുടെ മൊഴിയിൽ ദൃശ്യമാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരെപ്പറ്റി പരാമർശിക്കുന്നതു 3 പേജുകളിലാണ്. ഇതിൽ, കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷം സ്വപ്നയെ വിളിച്ച് അനിൽ നമ്പ്യാർ പറഞ്ഞ കാര്യത്തിലാണു വ്യക്തത തേടുന്നത്. 4 മിനിറ്റ് 22 സെക്കൻഡാണ് അനിൽ അന്നു സ്വപ്നയുമായി സംസാരിച്ചത്. ഒരു വർഷത്തിനിടെ സ്വപ്നയെ വിളിച്ചിട്ടില്ലാത്ത അനിൽ 262 സെക്കൻഡ് സംസാരിച്ച മുഴുവൻ കാര്യങ്ങളും വിശദീകരിക്കാനാണു കസ്റ്റംസ് ആവശ്യപ്പെട്ടത്. സ്വർണക്കടത്തു പിടിച്ച വാർത്തയ്‌ക്കൊപ്പം കോൺസുലേറ്റിന്റെ വിശദീകരണം നൽകാൻ വേണ്ടിയാണു സ്വപ്നയെ വിളിച്ചതെന്നാണ് അനിലിന്റെ വാദം. സ്വപ്നയുടെ മൊഴി അതിനിർണ്ണായകമാണ്. പിടിച്ചെടുത്തതു നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്ന് അനിൽ നമ്പ്യാർ എന്നോടു പറഞ്ഞു. സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോഴാണു വിളിച്ചതെന്ന് പറയുന്നു.

സ്റ്റേറ്റ്‌മെന്റിന്റെ കാര്യം കോൺസുലേറ്റ് ജനറലിനെ അറിയിച്ചപ്പോൾ, അനിലിനോടു തന്നെ അതു തയാറാക്കാൻ പറയാനായിരുന്നു നിർദ്ദേശം. ഇക്കാര്യം അനിലിനെ അറിയിച്ചപ്പോൾ സമ്മതിച്ചു. പിന്നീട്, അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള തത്രപ്പാടിനിടെ എനിക്കു വിളിക്കാൻ പറ്റിയില്ല. 2 വർഷം മുൻപ് സരിത് വഴിയാണ് അനിലിനെ പരിചയപ്പെട്ടത്. കേസിൽ പെട്ട് യുഎഇയിൽ പ്രവേശിക്കാൻ അനിലിനു വിലക്കുണ്ടായിരുന്നു. വിലക്ക് നീക്കിക്കിട്ടാൻ വേണ്ടിയാണു സരിത്തിനെ സമീപിച്ചത്. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയെടുത്ത ശേഷം യാത്ര നടത്തി. 2018 ൽ തിരുവനന്തപുരത്തെ ഒരു നക്ഷത്ര ഹോട്ടലിൽ വച്ചാണ് ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘാടകനായി കോൺസുലാർ ജനറലിനെ പങ്കെടുപ്പിച്ചിട്ടുണ്ട്. പിന്നീട് വല്ലപ്പോഴും അനിൽ വിളിക്കാറുണ്ടെന്നും സ്വപ്‌ന പറഞ്ഞിട്ടുള്ളതായാണ് മൊഴി.

ജനം ടിവിയിലെ മുന്നൂറോളം ജീവനക്കാരിൽ ഒരാൾ മാത്രമാണ് അനിൽ നമ്പ്യാരെന്നും വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ജനം ടിവിയുടെ നിലവിലുള്ള ചുമതലകളിൽ നിന്ന് അദേഹം മാറി നിൽക്കുമെന്നും ജനം ടിവി എം.ഡി പി. വിശ്വരൂപൻ വ്യക്തമാക്കി. നമ്പ്യാർ ജനം ടിവിയുടെ ഓഹരി ഉടമ അല്ല , കോർഡിനേറ്റിങ് എഡിറ്റർ മാത്രമാണ്. ജനം ടിവി വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണവും വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനം ടിവിയുടെ നേരത്തെ ഉണ്ടായിരുന്ന ഒരു വെബ്‌സൈറ്റും പിൻവലിച്ചിട്ടില്ല. ജനംടിവിയിൽ ആരൊക്കെ ഓഹരിയെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങൾ എല്ലാം രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അറിയിച്ചു. നവീൻ മാർബിൾസ് ഉടമയുമായി നമ്പ്യാർക്കുള്ളത് അടുത്ത സൗഹൃദമാണ്. ഇതാണ് അനിലിനെ വിവാദത്തിലേക്ക് എത്തിക്കുന്നത്.

കാട്ടാക്കട സ്വദേശികളായ മൂന്ന് ബ്രേക്ക് ഡാൻസ് കലാകാരന്മാരുമായുള്ള ബന്ധമാണ് നവീൻ മാർബിൾ ഉടമയുമായി അനിൽ നമ്പ്യാരെ അടുപ്പിച്ചത്. തിരുവനന്തപുരത്ത് ചെട്ടികളങ്ങരയ്ക്ക് അടുത്ത് ലൗ ബേർഡ്സ് എന്ന പേരിൽ ബ്രേക്ക് ഡാൻസ് സ്‌കൂൾ നടത്തുന്ന കൂട്ടുകാരുമായുള്ള അടുപ്പം തുടങ്ങുന്നതും ജനം ടിവിയിൽ വച്ചാണ്. ബ്രേക്ക് ഡാൻസ് സ്‌കൂളിനൊപ്പം ജനം ടിവിക്ക് ഒരു താൽകാലിക സ്റ്റുഡിയോ ഉണ്ടായിരുന്നു. ആർഎസ്എസ് അടുപ്പമുള്ള ജനം ടിവിയിലേക്ക് എത്താൻ മടിച്ചിരുന്ന രാഷ്ട്രീയക്കാരുടെ എക്സ്‌ക്ലൂസീവ് അഭിമുഖം ഷൂട്ട് ചെയ്തത് ഈ സ്ഥലത്തായിരുന്നു. അങ്ങനെ തുടങ്ങിയ പരിചയമാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് എത്തുന്നത്.

ബ്രേക്ക് ഡാൻസ് സ്‌കൂൾ നടത്തുന്നവർക്ക് ഗൾഫിൽ ഈവന്റ് മാനേജ്മെന്റ് നടത്തുന്ന സ്ഥാപനമുണ്ടായിരുന്നു. കേരളത്തിലെ രാഷ്ട്രീയക്കാരെ അടക്കം ഗൾഫിലെത്തിച്ച് ഇവന്റ് മാനേജ്മെന്റ് പരിപാടികൾ സംഘടിപ്പിച്ചു. രമേശ് ചെന്നിത്തലയും എത്തി. ഇതിനിടെ ഈ കമ്പനിക്ക് നഷ്ടമുണ്ടായി. ഇതോടെയാണ് കമ്പനിയെ സഹായിക്കാൻ നസീം നവീൻ എന്ന ബിസിനസ്സുകാരൻ എത്തിയത്. കാട്ടാക്കടക്കാരായ ബ്രേക്ക് ഡാൻസുകാരാണ് ഇദ്ദേഹത്തെ കൊണ്ടു വന്നത്. നസീമിന് ഗൾഫിലും ബന്ധമുണ്ടായിരുന്നു. ഈ കമ്പനിയിലെ നഷ്ടമാണ് ദുബായിലെ കേസിൽ അനിൽ നമ്പ്യാരെ കുടുക്കിയത്. ഇതോടെയാണ് യാത്ര വിലക്ക് വന്നത്. ഇത് മാറ്റാനാണ് യുഎഇ കോൺസുലേറ്റിലെ സഹായം തേടിയത്.

അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം എടുക്കാനായിരുന്നു യുഎഇയിലേക്ക് പോകാൻ അനിൽ നമ്പ്യാർ ആഗ്രഹിച്ചത്. എന്നാൽ കേസ് വിനയായി. ഉടൻ തന്നെ സുഹൃത്തായ നസീം നവീൻ ഇടപെട്ടു. എന്നാൽ നടന്നില്ല. ഇതോടെയാണ് യുഎഇയിലെ കോൺസുലേറ്റ് പി ആർ ഒ ആയ സരിത്തുമായി അനിൽ നമ്പ്യാർ ബന്ധപ്പെടുന്നതും സ്വപ്നാ സുരേഷിലേക്ക് അടുപ്പമെത്തുന്നതും. നവീന്റെ സഹോദരി കൈരളി ടിവിയിലെ മാധ്യമ പ്രവർത്തകയായിരുന്നു. സരിത്തിന്റെ നിർദ്ദേശത്തെ തുടർന്ന് യുഎഇയിലെ കേസ് സ്വപ്നാ സുരേഷ് ഒതുക്കു തീർക്കുകയും ചെയ്തു. അങ്ങനെ വീണ്ടും അനിൽ നമ്പ്യാർ ഗൾഫിലെത്തി. അന്നു മുതൽ അടുത്ത ബന്ധമുണ്ടെന്നാണ് സ്വപ്നാ സുരേഷ് അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴി.