- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലെ ആദ്യത്തെ ട്രോളൻ; കൈരളി ടിവിയുടെ സ്റ്റാർവാർ പരിപാടിയെ ഹിറ്റാക്കിയ അവതരണ മികവ്; സിനിമ താരങ്ങളെയും അവാർഡുകളെയും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയിൽ വിമർശിച്ചു; ഹിറ്റായ പ്രോഗ്രാം ജുറാസിക് വേൾഡ് എന്ന പേരിൽ ഏഷ്യാനെറ്റിലും എത്തിച്ചു; സിനിമയിൽ കഴിവു തെളിയിക്കും മുമ്പ് അനിൽ നെടുമങ്ങാട് മിനി സ്ക്രീനിലെയും മിന്നും താരം
തിരുവനന്തപുരം: മലയാളത്തിലെ ശ്രദ്ധേയ നടന്മാരുടെ കൂട്ടത്തിലേക്കുള്ള പാതയിലാണ് മലങ്കര പുഴയുടെ ആഴങ്ങളിലേക്ക് അനിൽ താഴ്ന്നുപോയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കു പോലും പിടികൊടുക്കാതെ അനിൽ മറഞ്ഞപ്പോൾ അതിന്റെ ഞെട്ടലിലാണ് മലയാള സിനിമ ലോകം. നാടക നടനായി തുടങ്ങി ടെലിവിഷൻ അവതാരകനിലൂടെ സിനിമയുടെ വെളിവെളിച്ചത്തിലെത്തി കഴിവുകൾ കൃത്യമായി അടയാളപ്പെടുത്തി മലയാള സിനിമയിലെത്തന്നെ ശ്രദ്ധേയരായ സ്വഭാവനടന്മാരുടെ കൂട്ടത്തിലേക്ക് നടന്നുവരികയായിരുന്നു അനിൽ നെടുമങ്ങാട്.
മലയാളത്തിലെ ആദ്യത്തെ ട്രോളൻ
ഇന്നത്തെപ്പോലെ ട്രോളുകൾ സജീവമല്ലാതിരുന്ന കാലം. മലയാള ടെലിവിഷൻ രംഗത്ത് അന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പരിപാടിയിലൂടെയാണ് അനിൽ വരവറിയിക്കുന്നത്. കൈരളിയുടെ തുടക്കത്തിൽ സ്റ്റാർവാർ എന്ന പേരിൽ ആരംഭിച്ചു പരിപാടി പ്രേക്ഷക പ്രീതിനേടി. സിനിമകളെയും സിനിമ താരങ്ങളെയും സിനിമ സംബന്ധിയായ അവാർഡുകളെ ഉൾപ്പടെ നർമ്മത്തിന്റെ ഭാഷയിൽ നിശിതമായി വിമർശിച്ച് ആക്ഷേപഹാസ്യത്തിന്റെ അഥവ ഇന്നത്തെ ട്രോളിന്റെ ആദ്യരൂപം അനിൽ മലയാളിക്ക് പരിചയപ്പെടുത്തി.
പ്രേക്ഷകരുടെ പ്രീതി നേടിയ ഈ പരിപാടി അതേ പേരിലും പിന്നിട് ജുറാസിക് വേൾഡ് എന്ന പേരിലും ഏഷ്യാനെറ്റ്, ജയ്ഹിന്ദ്' എന്നീ ചാനലുകളിലും റിപ്പോർട്ടർ ചാനലിന്റെ തുടക്കത്തിൽ സമാന രീതിയിലുള്ള മറ്റൊരു പരിപാടിയും അനിൽ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. ഒരോ ഇടവേളക്ക് ശേഷം എത്തുമ്പോഴും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായാണ് ഈ പരിപാടി അനിൽ അവതരിപ്പിച്ചത്. മുന്നിൽ രണ്ട് മുയൽപ്പല്ലുമായി എത്തി പ്രേക്ഷകരെ രസിപ്പിച്ച അനിൽ ആസ്വാദനത്തിന്റെ പുത്തൻ തലമാണ് സമ്മാനിച്ചത്. ഇതിന് അദ്ദേഹത്തെ സഹായിച്ചത് നാടക രംഗത്തെ പരിചയമാണ് എന്നതാണ് മറ്റൊരു കൗതുകം.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടിയാണ് അനിൽ ടെലിവിഷൻ രംഗത്തെക്ക് എത്തിയത്. ടെലിവിഷനിൽ സജീവമായിരുന്നപ്പോഴും അഭിനയത്തോടുള്ള അഭിനിവേശം കൊണ്ട് നാടകരംഗത്തും അനിൽ തുടർന്നിരുന്നു.മാക്ബത്ത് ഉൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ വരവറിയിച്ച ഫ്രെഡി കൊച്ചച്ചൻ
അഭിനയമോഹവുമായി ടെലിവിഷൻ രംഗത്തും നാടക രംഗത്തും തുടർന്ന അനിലിനെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റുന്നത് രാജീവ് രവിയാണ്. രാജീവ് രവിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ഞാൻ സ്റ്റീവ് ലോപ്പസിലുടെയാണ് അനിൽ വരവറിയിക്കുന്നത്. സിനിമയിലെത്തന്നെ നിർണ്ണായക കഥാപാത്രങ്ങളിലൊന്നായിട്ടു പോലും സിനിമയിൽ തുടക്കക്കാരന്റെ പതർച്ചയൊന്നുമില്ലാതെ അനിൽ അ കഥാപാത്രത്തെ ഗംഭീരമാക്കി.തനിക്ക് അന്നും ഇന്നും പ്രിയപ്പെട്ടതുകൊച്ചച്ചൻ ആണെന്ന് അനിൽ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. ആദ്യ ചിത്രം തന്നെ ഗംഭീരമാക്കിയെങ്കിലും അദ്ദേഹത്തിന് സിനിമയിൽ പക്ഷെ ഒരു തുടർച്ച ഉണ്ടായില്ല.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2016ൽ ആണ് അനിൽ വീണ്ടും സിനിമയിൽ എത്തുന്നത്. പ്രിഥ്വിരാജ് ചിത്രം പാവാടയിൽ മദ്യപാനിയായ കഥപറച്ചിലുകാരനായാണ് അനിൽ എത്തിയത്. അതേ വർഷം തന്നെയാണ് അനിലിന്റെ കരിയർ ബ്രേക്കായ കമ്മട്ടിപ്പാടവും അദ്ദേഹത്തിന് ലഭിച്ചത്. രാജീവ് രവി തന്നെയായിരുന്നു ഈ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചത്. കമ്മട്ടിപ്പാടത്തിലെ വില്ലൻ കഥാപാത്രമായ സുരേന്ദ്രന് ശേഷം അനിലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതേ വർഷം തന്നെ കിസ്മത്ത്, മൺട്രോ തുരുത്ത് എന്നീ ചിത്രങ്ങളിലും അനിലെത്തി.
വില്ലൻ വേഷണങ്ങളിൽ തുടങ്ങി ഇരുത്തം വന്ന സ്വഭാവ നടനിലേക്ക് എത്തുമ്പോഴും തന്റെ കയ്യിലെ ഹാസ്യം കൈമോശം വന്നിട്ടില്ല എന്നു തെളിയിക്കുന്നതായിരുന്നു പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിലെ രാജൻ. നിരാശ കാമുകന്റെ വേഷം ചിത്രത്തിൽ കൈയടി നേടി. അനിലിന്റേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രവും ഇതായിരുന്നു.
പ്രേക്ഷകരെ കൊതിപ്പിച്ച സി ഐ സതീഷ്
20 ഓളം ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും അയ്യപ്പനും കോശിയിലെയും സി ഐ സതീഷ് ആയിരുന്നു അനിലിന്റെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രം. പ്രിഥ്വിരാജ് അവതരിപ്പിച്ച കോശിക്കും ബിജു മേനോന്റെ അയ്യപ്പൻ നായർക്കുമൊപ്പം തന്നെ അനിലിന്റെ സി ഐ സതീഷും പ്രേക്ഷക മനസിൽ ഇടം നേടി. അന്തരിച്ച നടൻ മുരളിയുടെയൊക്കെ കുറവ് നികത്താൻ ഉതകും വിധം മലയാള സിനിമയിൽ അനിൽ തന്റെ സ്ഥാനം ഉറപ്പിക്കും എന്ന് തോന്നിപ്പിച്ച കഥാപാത്രമായിരുന്നു സി ഐ സതീഷ്. ഈ കഥാപാത്രത്തോടെ സംവിധായകരുടെ പ്രിയതാരങ്ങളുടെ ലിസ്റ്റിലേക്ക് അനിലും എത്തിയിരുന്നു. ബി ഉണ്ണികൃഷ്ണൻ അനുസ്മരിച്ചത് പോലെ അനിലിനായി കഥാപാത്രങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോഴാണ് ആകസ്മികമായ വേർപാട്.
നീർമാതളം പൂത്ത കാലം, ആമി, ഒറ്റ നക്ഷത്രമുള്ള ആകാശം, പൊറിഞ്ചു മറിയം ജോസ്,സമർപ്പണം, ആഭാസം, പരോൾ, ഇളയരാജ, ബിരിയാണി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, അയാൾ ശശി എന്നിവയാണ് അനിലിനെ ശ്രദ്ധേയനാക്കിയ സിനിമകൾ. 1972 മെയ് 30ന് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പീതാംബരൻ നായർ-ഓമനക്കുട്ടിയമ്മ ദമ്പതികളുടെ മകനായാണ് അനിലിന്റെ ജനനം.