- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു; ഷൂട്ടിംഗിനായി തൊടുപുഴയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങി മരണം; വിട പറഞ്ഞത് അയ്യപ്പനും കോശിയിലൂടെയും കമ്മട്ടിപ്പാടത്തിലൂടെയും ശ്രദ്ധ നേടിയ അഭിനേതാവ്; മലയാളക്കരയെ ഞെട്ടിച്ച് ഡിസംബറിന്റെ മറ്റൊരു നഷ്ടം കൂടി
തൊടുപുഴ: പ്രശസ്ത മലയാള സിനിമാ നടൻ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ക്രിസ്തുമസ് ദിവസമായ ഇന്ന് തൊടുപുഴയിലെ മലങ്കര ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കയത്തിൽ മുങ്ങിത്താഴുകയായിരുന്നു അദ്ദേഹം. ഷൂട്ടിംഗിനായാണ് അദ്ദേഹം തൊടുപുഴയിൽ എത്തിയത്. അപകടം നടക്കുമ്പോൾ സിനിമാ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
ഷൂട്ടിംഗിന്റെ ഇടവേളയിലാണ് അനിൽ കുളിക്കാൻ ഇറങ്ങിയത്. ഡാമിൽ മുങ്ങിത്താഴ്ന്ന അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഉടൻ രക്ഷിക്കാൻ സാധിച്ചില്ല. സുഹൃത്തുക്കൾ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകൾക്കകം എത്തി അനിലിനെ കരയ്ക്കെത്തിച്ചു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.
ജോജു ജോർജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത കാലത്ത് സൂപ്പർഹിറ്റായ അയ്യപ്പനും കോശിയിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു അദ്ദേഹം. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു.
പാവാട, സമർപ്പണം, ആഭാസം, കല്ല്യാണം, പരോൾ, ഇളയരാജ, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയിലും അയ്യപ്പന്റെ മേലുദ്യോഗസ്ഥനായ സിഐ യുടേത്. മനുഷ്യപ്പറ്റുള്ള എന്നാൽ ശക്തനായ പൊലീസ് കഥാപാത്രമായിരുന്നു ഇത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് അനിലിന്റെ സ്വദേശം. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം നാടക രംഗത്താണ് ചുവടുവെച്ചത്. പിന്നീട് മിനിസ്ക്രീനിൽ അവതാരകനായി.
അതിന് ശേഷം ചെറു വേഷങ്ങളിലൂടെ സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിലെ അഭിനയമാണ് ശ്രദ്ധ നേടിയത്. ഇതോടെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന് അവസരങ്ങൾ എത്തി. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. ഇത് ശ്രദ്ധ നേടിയപ്പോൾ അയ്യപ്പനും കോശിയിലെ പൊലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷവാനായിരിക്കേയാണ് ഇപ്പോൾ അപ്രതീക്ഷിതമായി മരണം എത്തുന്നത്.
അപ്രതീക്ഷിതമായി അനിലിന്റെ മരണത്തിൽ ഞെട്ടലിലാണ് സിനിമാ പ്രവർത്തകർ.
മറുനാടന് മലയാളി ബ്യൂറോ