- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവന്റെ കയ്യിൽപ്പെട്ടു മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം.. കണ്ടറിയണം കോശി നിനക്കെന്താണ് സംഭവിക്കുകയെന്ന്; 2020ൽ ജനഹൃദയങ്ങൾ ഏറ്റെടുത്ത മാസ് ഡയലോഗുകൾ പറഞ്ഞത് അനിൽ നെടുമങ്ങാടിന്റെ നാവിൽ നിന്നും; അയ്യപ്പനും കോശിയും തരംഗമായതോടെ തേടിയെത്തിയ തിളങ്ങുന്ന സിനിമാ മോഹങ്ങൾ ബാക്കിവെച്ച് അനിലിന്റെ വിട വാങ്ങൽ
കൊച്ചി: മലയാള സിനിമയിൽ ഇനിയും ചെയ്തു തീർക്കാൻ ഒരുപാട് സിനിമകൾ ബാക്കിവച്ചാണ് അനിൽ നെടുമങ്ങാട് അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ സിഐ സതീഷിനെ അനശ്വരമാക്കിയിരുന്നു അദ്ദേഹം. ഈ സിനിമയിൽ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാടായിരുന്നു. അനിലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോയിലൂടെയാണ് അയ്യപ്പനിലെ വില്ലനെ കോശി തിരിച്ചറിയുന്നത്. ഇതിൽ അയ്യപ്പന്റെ കൈയിൽ പെട്ടു മരിക്കാതിരിക്കാൻ കോശിക്ക് ടിപ്പു പറഞ്ഞു കൊടുക്കുന്നുണ്ട് സി ഐ സതീഷ്. എന്നാൽ, മലങ്കരയിലെ കയത്തിൽ അദ്ദേഹത്തിന്റെ ജീവൻ മുങ്ങിത്താഴ്ന്നപ്പോൾ അത് ആരാധകർക്കും സിനിമാക്കാർക്കും ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്.
മലയാള സിനിമയിൽ ഉദിച്ചുയർന്ന് തരംഗമാകുമെന്ന കരുതിയ ഒരു നടനാണ് ഈ ഡിസംബറിൽ വിടവാങ്ങു്ന്നത്. സച്ചിയെന്ന സംവിധായകനാണ് അനിലിന്റെ കരിയർ ബ്രേക്കായ കഥാപാത്രം അവതരിപ്പിക്കാൻ അവസരം നൽകിയത്. രാജീവ് രവിയായിരുന്നു സിനിമയിൽ അനിലിന്റെ ഗോഡ്ഫാദർ എന്നു വേണമെങ്കിൽ പറയാം. അദ്ദേഹത്തിലൂടെയാണ് അനിലിന് മികച്ച സിനിമകൾ ലഭിച്ചത്. കമ്മട്ടിപാടത്തിൽ ഉദിച്ചുയർന്ന് അയ്യപ്പനും കോശിയിൽ അവസാനിച്ച പ്രതിഭയാണ് അനിൽ.
ഈ വർഷം സൈബർ ഇടത്തിൽ അടക്കം തരംഗമായ ഏറ്റവും മികച്ച മാസ് ഡയലോഗും അനിലിന്റെ പേരിലാണ്. കണ്ടറിയണം കോശീ നിനക്ക് എന്താണ് സംഭവിക്കുന്നത് എന്നതായിരുന്നു ആ ഡയലോഗ്. സോഷ്യൽ മീഡിയാ ട്രോളുകളിൽ അടക്കം ഈ ഡയലോഗ് നിറഞ്ഞിരുന്നു. ആ ഡയലോഗ് ഇങ്ങനയാണ്:
നീ കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ, തൃശൂർ കുമ്മാട്ടിയല്ല, മുണ്ടൂർ കുമ്മാട്ടി, പണ്ട് ജന്മിമാർ പാണ്ടികളെ ഇറക്കും കുമ്മാട്ടി കോലത്തിൽ, എതിര് നിൽക്കുന്ന യൂണിയൻ പ്രവർത്തനമുള്ള ഹരിജൻ സഖാക്കളെ തീർക്കാൻ. രണ്ട് കുമ്മാട്ടി കഴിഞ്ഞു. കുറേ സഖാക്കള് തീർന്നു. പക്ഷേ അടുത്ത കുമ്മാട്ടിക്ക് തീർന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരെന്ന് പൊലീസിന് പിടികിട്ടിയില്ല. പക്ഷേ പാർട്ടിക്ക് കിട്ടി. 25 വയസ്സുള്ള ഒരു ചെക്കനെ കുമ്മാട്ടി കോലത്തിൽ കൊണ്ടുനിർത്തി എംഎൽഎ ചാത്തൻ മാഷിന്റെ മുന്നിൽ, നീ ചെയ്തത് തെറ്റല്ല, ചെറുത്തുനിൽപ്പാണ്. പക്ഷേ ഇനി നീ എന്ത് ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്ന് മാഷവനെ നിർബന്ധിച്ച് പൊലീസ് ചേർത്തു.
അവന്റെ പേരാണ് അയ്യപ്പൻ നായർ. പിന്നീട് മുണ്ടൂർ മാടൻ എന്നൊരു പേരും കിട്ടി. യൂണിഫോമിൽ കയറിയതുകൊണ്ട് അയാളൊന്ന് മയപ്പെട്ടു, ഒതുങ്ങി. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. ഇനി അയാൾക്ക് നിയമമില്ല. കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്. ഇതായിരുന്നു അനിൽ അവതരിപ്പിക്കുന്ന സിഐ എന്ന സിഐ സതീഷ് കുമാറിന്റെ ഡയലോഗ്. അയ്യപ്പൻ കോശിയിലെ ഈ മാസ് ഡയലോഗ് ഈ വർഷത്തെ തന്നെ ഏറ്റവും മികച്ച മാസ് ഡയലോഗായി മാറുകയായിരുന്നു. ചിത്രത്തിലെ ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായരുടെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നത് തന്നെ ഈ ഡയലോഗാണ്.
അനിലിന്റെ സിനിമാ അഭിനയ ജീവിതം അത്ര വലിയ കഥാപാത്രങ്ങളിലൂടെയല്ല വളർന്നത്. ഒരുപാട് കഷ്ടപ്പെട്ടായിരുന്നു ആ വളർച്ച. മമ്മൂട്ടിയുടെ തസ്‌കരവീരൻ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്ന് അനിൽ മുമ്പ് പറഞ്ഞിരുന്നു. മമ്മൂട്ടിയാണ് അതിനും അവസരമൊരുക്കിയതെന്ന് അനിൽ പറഞ്ഞിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ബ്രേക്ക് കിട്ടാൻ വർഷങ്ങളെടുത്തു. രാജീവ് രവിയാണ് അതിന് വഴിയൊരുക്കിയത്. ഞാൻ സ്റ്റീവ് ലോപ്പസിൽ നല്ലൊരു വേഷം ലഭിച്ചു. കമ്മട്ടിപാടത്തിലെ വില്ലൻ വേഷമാണ് അനിലിന് വലിയ റീച്ച് നൽകിയത്.
ഈ വർഷം മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് അടക്കമുള്ള ചിത്രത്തിൽ അഭിനയിക്കേണ്ടതായിരുന്നു. ആ സ്വപ്നമെല്ലാം ബാക്കി വച്ചാണ് അനിൽ യാത്രയാവുന്നത്. അന്തരിച്ച സംവിധായകൻ സച്ചിയുമായും നല്ല ബന്ധം അനിലിനുണ്ടായിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിക്കാൻ ധൈര്യം തന്നത് സച്ചിയാണ്. നീയൊരു നല്ല നടനാണ്, നിനക്ക് പറ്റും എന്നൊക്കെ സച്ചി പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അതിൽ മുഴുനീളം റോൾ ചെയ്തത്. അതുകൊണ്ടായിരുന്നു ആശങ്കയെന്നും, സച്ചിയുടെ ധൈര്യം പകരലിൽ എല്ലാം പരിഹരിച്ചെന്നും അനിൽ പറഞ്ഞിരുന്നു.
അയ്യപ്പനും കോശിയും ഇറങ്ങി തരംഗമായി നിൽക്കുന്ന സമയത്താാണ് അനിലിന്റെ വിയോഗം. ടെലിവിഷൻ രംഗത്തുനിന്ന് തുടങ്ങി പതിയെ എണ്ണം പറഞ്ഞ സ്വഭാവ നടനിലേക്കുള്ള വളർച്ചയായിരുന്നു അനിലിന്റേത്. തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു മരണം. ഷൂട്ടിംഗിനിടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നാടകത്തിലൂടെ മിനിസ്‌ക്രീനിലേക്കും, പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു അനിൽ.
മറുനാടന് മലയാളി ബ്യൂറോ