- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാമിന്റെ അരികിൽ ഇരുന്നു; കുറേ നേരം പാട്ടുകൾ പാടി; പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി; ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്ന താരം രണ്ട് തവണ മുങ്ങിപ്പൊങ്ങി; മൂന്നാമത്തെ തവണ മുങ്ങിയ താരം പിന്നീടു പൊങ്ങി വന്നില്ല; മലങ്കരയിൽ ആ ദുരന്തം സംഭവിച്ചത് ഇങ്ങനെ; മച്ചമ്പിയെന്ന് കൂട്ടൂകാരെ വിളിക്കുന്ന നെടുമങ്ങാട്ടുകാരൻ അനിൽ ഇനി ഓർമ്മകളിൽ

തിരുവനന്തപുരം: നാളെ ക്രിസ്മസ് അല്ലേടാ, ഷൂട്ട് ഒഴിവാണ്, നമുക്ക് എവിടേക്കെങ്കിലും പോകാം, രാവിലെ ഇങ്ങു വന്നേക്കണം-ഇതായിരുന്ന തലേ ദിവസം വന്നു കണ്ട സുഹൃത്തുക്കളോട് അനിൽ നെടുമങ്ങാട് പറഞ്ഞത്. 24നു രാത്രി അനിലേട്ടൻ പറഞ്ഞത് അവർ കേട്ടു. രാത്രി വൈകി പാലായിലേക്കു മടങ്ങിയ കൂട്ടുകാർ പിറ്റേന്ന് ഉച്ചയോടെ വീണ്ടും തൊടുപുഴയിലെത്തി. ക്രിസ്മസ് കേക്ക് മുറിച്ചു. പിന്നെ മലങ്കരയിലേക്ക്.സുഹൃത്തുക്കളായ ക്യാമറാമാൻ വിനോദും പൊതുപ്രവർത്തകനായ അരുണും പാലായിലെത്തിയതറിഞ്ഞ് ഇവരെ തൊടുപുഴയ്ക്കു വിളിച്ചുവരുത്തി ക്രിസ്മസ് ആഘോഷിക്കാൻ മലങ്കര ടൂറിസം ഹബിലെത്തുകയായിരുന്നു.
2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'പരോൾ' ഷൂട്ട് ചെയ്തത് മലങ്കര ഡാമിന്റെ അരികിലാണ്. ലൊക്കേഷനിൽ പോയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അനിലേട്ടൻ പറഞ്ഞു, അവിടേക്കു പോകാം. അനിലേട്ടന്റെ കാറിലാണു ഞങ്ങൾ പോയത്. ഡാമിന്റെ അരികിൽ ഇരുന്നു. കുറേ നേരം പാട്ടുകൾ പാടി. ഇതിനിടെ പലവട്ടം ഡാമിൽ ഇറങ്ങി മുങ്ങിക്കയറി. ഞാനും വിനോദും കരയ്ക്കു കയറി തല തോർത്തിയതിനു ശേഷം തോർത്ത് അനിലേട്ടനു നൽകി. ഡാമിലെ ആഴം കുറഞ്ഞ ഭാഗത്തു നിന്നിരുന്ന അനിലേട്ടൻ 2 തവണ മുങ്ങിപ്പൊങ്ങി. നീന്തുകയാണെന്നാണു കരുതിയത്. പക്ഷേ, മൂന്നാമത്തെ തവണ മുങ്ങിയ അനിലേട്ടൻ പിന്നീടു പൊങ്ങിവന്നില്ല-അങ്ങനെ അനിൽ യാത്രയായെന്ന് കൂട്ടുകാരൻ അരുൺ പറയുന്നു.
ഞങ്ങൾ അലറിവിളിച്ചതോടെ ആളുകൾ കൂടി. ഡ്യൂട്ടിയിലുണ്ടായിരുന്നു ഒരു പൊലീസുകാരൻ ഡാമിൽ ചാടി തിരഞ്ഞെങ്കിലും കിട്ടിയില്ല. പിന്നീട് ഫയർഫോഴ്‌സിനെ സഹായിക്കുന്ന യുവാവെത്തി 6 മിനിറ്റിനകം അനിലേട്ടനെ പുറത്തെടുത്തു. പക്ഷേ ജീവൻ രക്ഷിക്കാനയാല്ല. 'പീസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അനിൽ മടങ്ങിയത് 2 ദിവസത്തെ ചിത്രീകരണം മാത്രം ബാക്കിവച്ചാണ്. നവാഗതനായ കെ. സൻഫീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജോജു ജോർജിനൊപ്പം സിദ്ദിഖ്, ആശാ ശരത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പൂർത്തിയായ സീനുകളിൽ ബാക്കി വന്ന ചെറിയ ഷോട്ടുകൾ തീർക്കാനായിരുന്നു അനിൽ തൊടുപുഴയിൽ തങ്ങിയത്. അതുകൊണ്ട് തന്നെ അനിലിന്റെ മരണത്തിലും പ്രതിസന്ധികളില്ലാതെ സിനിമ പൂർത്തിയാക്കാം. അപ്പോഴും അവർക്ക് കരച്ചിൽ അടക്കാനാകുന്നില്ല. നഷ്ടപ്പെട്ട സുഹൃത്തിന്റെ നല്ല മനസ്സ് ഓർത്ത് കരയുകയാണ് അവർ. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'അനുരാധ' എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
അനിൽ നെടുമങ്ങാടിന്റെ മരണം നാടിനും വേദനയാണ്. അനിലിന്റെ അച്ഛൻ പി.പീതാംബരൻനായർ രണ്ടുവട്ടം വാർഡ് കൗൺസിലർ ആയിരുന്നു. അമ്മ സർക്കാർ ജീവനക്കാരിയും. സ്വന്തം പേരിനൊപ്പം നെടുമങ്ങാട് എന്ന നാടിന്റെ പേരുകൂടിച്ചേർത്ത് അറിയപ്പെടുന്നതിൽ ഏറ്റവുമധികം സന്തോഷിച്ചിരുന്നു അനിൽ. അനിൽ പി.നായർ എന്നാണ് ശരിയായ പേരെങ്കിലും എവിടെ പരിചയപ്പെടുത്തുമ്പോഴും അനിൽ നെടുമങ്ങാടെന്നു പറയാനായിരുന്നു ഇഷ്ടം.
സ്‌കൂൾ പഠനകാലത്തു തന്നെ നാടകത്തോടും അഭിനയത്തോടുമുള്ള കമ്പമാണ് പിന്നീട് അനിലിനെ സ്‌കൂൾ ഓഫ് ഡ്രാമയിലെത്തിച്ചത്. അതിനു നിമിത്തമായത് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും. മരണത്തിന് തൊട്ടുമുൻപും മഞ്ച സ്‌കൂളിലെ വാട്ട്‌സ്അപ്പ് ഗ്രൂപ്പിൽ പഴയ സഹപാഠികൾക്ക് ക്രിസ്മസ് പുതുവത്സര ആശംസകൾ നേരാൻ അനിൽ മറന്നില്ല. മച്ചമ്പി.... എന്ന തനി നാട്ടിൻപുറത്തുകാരന്റെ വിളിയോടെ തുടങ്ങുന്ന ക്രിസ്മസ് ആശംസ അവസാനിച്ചത് അറംപറ്റുന്നതുപോലെയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ മൃതദേഹം സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാട് തോട്ടുമുക്കിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയതിന്റെ ഫലം ലഭിച്ചശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്. അവിടെനിന്നു തിരുവനന്തപുരത്തെത്തിച്ച് ഭാരത് ഭവനിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് സംസ്‌കാരവും. ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു മലയാളസിനിമയിൽ സവിശേഷസാന്നിധ്യമുറപ്പിച്ച അനിൽ ടെലിവിഷൻ അവതാരകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.


