ജിമിക്കി കമ്മൽ കേട്ട് കേട്ട് മടുത്തുവെന്നും, ഇപ്പോൾ അത് കേട്ടാലേ സ്‌കിപ് ചെയ്യുമെന്നുമൊക്കെ പറയുന്നവരുണ്ട്.എന്നാൽ ലോകമെമ്പാടും പ്രചരിച്ച ഈ ലളിതമായ മലയാളി ഗാനവും ട്യൂണും ഇത്രമേൽ ഹൃദയം കവരാൻ കാരണമായതെന്തെന്നും ആലോചിക്കണ്ടേ? പാട്ട് അടിപൊളിയായതിന് ഗാനരചയിതാവ് അനിൽ പനച്ചൂരാനും, സംഗീത സംവിധായകൻ ഷാനിനും അഭിനന്ദന പ്രവാഹം തുടരുകയാണ്.കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാം ബാർബർ എന്ന അടിച്ചുപൊളി പാട്ടിന് ശേഷം മറ്റൊന്നുകൂടി ഹിറ്റായതിന്റെ സന്തോഷത്തിലാണ് അനിൽ പനച്ചൂരാൻ.


കോളേജ് കുട്ടികളെ തുള്ളിക്കുന്ന ഒരു പാട്ട് ഒരുക്കണമെന്ന് കുറെ നാളായി ആശിക്കുകയായിരുന്നു പനച്ചൂരാൻ. ദക്ഷിണ കൊറിയൻ പോപ് ഗായകൻ സൈയുടെ ഗന്നം സ്റ്റൈലാണ് പനച്ചൂരാനെ അസൂയാലുവാക്കിയത്. അതുപോലെ ലോകമാകെ ഏറ്റെടുക്കുന്ന ഒരു ഗാനം തയ്യാറാക്കണമെന്ന ആഗ്രഹം ഇപ്പോഴാണ് സഫലമായത്.

ആവേശവും വാശിയുമൊക്കെ ചേർത്ത് ഒരൊറ്റ പൂശായിരുന്നു' വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പനച്ചൂരാൻ പറയുന്നു.
എന്റെ അമ്മയുടെ വീട് മൺറോംതുരുത്തിനടുത്താണ്. ഞങ്ങളുടെ നാട്ടിലെ ജിമിക്കി പാട്ട് ഇങ്ങനെയായിരുന്നു
'എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കണ്ടോട്ട് പോയി
എന്റപ്പന്റെ കള്ളും കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ'
അങ്ങനെ പഴയ ജിമിക്കി പൊടിതട്ടിയെടുത്തപ്പോൾ കള്ളും കുപ്പി ബ്രാൻഡിക്കുപ്പിയാക്കി മാറ്റി. എന്റപ്പൻ വേണോ നിന്റപ്പൻ വേണോ എന്നൊരു കൺഫ്യൂഷനും ഉണ്ടായിരുന്നു. കോളേജിലെ കുട്ടികൾ ചേർന്ന് പാടുന്ന പാട്ടല്ലേ അപ്പോ 'നിന്റമ്മേടെ' പറഞ്ഞാൽ മോശമാകും. എന്റമ്മേടെ ആണെങ്കിൽ ആർക്കും ഉപദ്രവമില്ല. എന്റെ ആവേശം കണ്ടതിന് പിന്നാലെയാണ് ബാക്കി വരികൾകൂടി എഴുതാൻ ലാൽ ജോസ് പറഞ്ഞത്. എന്റെ മനസിലെ പ്രാർത്ഥന സഫലമാക്കിയ പാട്ടെന്ന നിലയിൽ ജിമിക്കിയോട് ഒരുപാട് ഇഷ്ടമുണ്ടെന്നും അനിൽ പനച്ചൂരാൻ പറയുന്നു.