- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 വർഷങ്ങൾക്ക് മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തി; ഫ്രാഞ്ചൈസികൾ നടത്തിയുള്ള പരിചയത്തിന്റെ ബലത്തിൽ സ്വന്തമായൊരു കൊറിയർ തുടങ്ങി; പ്രതിമാസം 20 ലക്ഷത്തിലധികം വരുമാനമുള്ള സ്ഥാപനം പിടിച്ചടക്കാൻ കെട്ടിട ഉടമയുടെ ശ്രമം; പരാതി പൊലീസിൽ
കോഴിക്കോട്; കെട്ടിട ഉടമയും മക്കളും ഗുണ്ടകളും ചേർന്ന് ബലമായി സ്ഥാപനം ഒഴിപ്പിക്കുകയും സ്ഥാപനത്തിലുണ്ടായിരുന്ന പണം കവരുകയും ഓഫീസ് സാമഗ്രികൾ കടത്തിക്കൊണ്ട് പോവുകയും ചെയ്തതായി പരാതി. കോഴിക്കോട് പാലാഴിയിൽ പ്രവർത്തിച്ചിരുന്ന കൊറിയർ കാർഗോ കേന്ദ്രമാണ് കെട്ടിട ഉടമയും മക്കളും ചേർന്ന് ബലമായി ഒഴിപ്പിച്ചത്. വാടകക്കാരനായ കാർഗോ സ്ഥാപനത്തിന്റെ ഉടമ തിരുവനന്തപുരം സ്വദേശി അനിൽജിത്തിനെയും പാർട്ണർ ജാഫർ അഭിയെയും ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് കാണിച്ച് അനിൽജിത്താണ് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണർക്കും പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുന്നത്.
ഈ വർഷം ജനുവരിയിലാണ് തിരുവനന്തപുരം സ്വദേശിയായ അനിൽജിത്തും കോഴിക്കോട് പാലാഴി സ്വദേശിയായ ജാഫർ അഭിയും ചേർന്ന് കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പാലാഴിയിൽ കാർഗോ കൊറിയർ സ്ഥാപനം ആരംഭിച്ചത്. വർഷങ്ങളായി കോഴിക്കോട് നഗരത്തിൽ വിവിധ ജോലികൾ ചെയ്ത് ജീവിച്ചുവരുന്നയാളാണ് അനിൽജിത്. വിവിധ കൊറിയർ കമ്പനികളുടെ ഫ്രാഞ്ചൈസികൾ നടത്തി പരിചയമുള്ള അനിൽജിത് ഈ ജനുവരിയിലാണ് സ്വന്തമായി സ്ഥാപനം ആരംഭിച്ചത്. എറണാകുള്ളത്തും ഓഫീസ് പ്രവർത്തിച്ചിരുന്നു. കോഴിക്കോട് പാലാഴി സ്വദേശി കെഎം വിജയൻ എന്ന വ്യക്തിയുടെ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്.
ഓഫീസ് തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ അനിൽജിത് ഇതേ കെട്ടിടത്തിലെ താമസക്കാരനായിരുന്നു. ഓഫീസ് തുടങ്ങിയപ്പോഴും ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അനിൽജിത് താമസിച്ചിരുന്നത്. ജനുവരിയിൽ സ്ഥാപനം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ 130000 രൂപയുടെ പാർസലുകൾ ഓഫീസിന് സമീപത്ത് നിന്ന് മോഷണം പോവുകയും ജിഎസ്ടി വിഭാഗം 70000 രൂപ പിഴ ഈടാക്കുകയും ചെയ്തതോടെ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. ഈ സമയത്ത് വാടക നൽകാൻ അൽപം താമസം നേരിട്ടു. എങ്കിലും ഓഫീസിനും താമസിക്കുന്ന മുറിക്കും നൽകിയ അഡ്വാൻസ് കെഎം വിജയന്റെ പക്കലുണ്ടായിരുന്നു.
വാടക നൽകാൻ അൽപം സാവകാശം ചോദിക്കുകയും ചെയ്തു. കെട്ടിട ഉടമ അത് സമ്മതിക്കുകും ചെയ്തിരുന്നു. എന്നാൽ ഓഫീസ് ബിസിനസ് ആവശ്യത്തിനായി എറണാകുളത്തെ ഓഫീസിൽ പോയി തിരികെ വന്നപ്പോൾ അനിൽജിത് കണ്ടത് തന്റെ സ്ഥാനവും താൻ താമസിച്ചിരുന്ന മുറിയും മറ്റൊരു പൂട്ടിട്ട് കെട്ടിട ഉടമ പൂട്ടിയിരിക്കുന്നതാണ്. പിന്നീട് ഓഫീസിന്റെ വാടക നൽകിയപ്പോൾ ഓഫീസ് തുറന്നു നൽകി. പിന്നീട് അടുത്ത കുറച്ച് ദിവസങ്ങൾക്ക് ശേഷം അനിൽജിത് എറണാകുളത്ത് പോയ സമയത്ത് കെട്ടിട ഉടമ വീണ്ടും ഓഫീസും മുറികളും മറ്റൊരും താക്കോലും പൂട്ടും ഉപയോഗിച്ച് പൂട്ടിയിട്ടു. ഏറെ നേരം കെഎം വിജയനോടും മക്കളോടും മുറി തുറന്നുതരാൻ പറഞ്ഞിട്ടും തുറക്കാതായതോടെ അനിൽജിത് പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകിയെങ്കിലും പരാതി സ്വീകരിക്കാനോ കേൾക്കാനോ പൊലീസ് തയ്യാറായില്ല.
പൊലീസ് അനിൽജിതിനെ ഭീഷണിപ്പെടുത്തുകയും ജീവൻ വേണമെങ്കിൽ ഈ സ്റ്റേഷൻ പരിധിവിട്ട് പൊയ്ക്കോളണം എന്ന് പറയുകയും ചെയ്തു. എന്നാൽ തിരിച്ച് ഓഫീസിലെത്തിയപ്പോൾ ഓഫീസ് തുറന്നിരുന്നു. ഓഫീസിനകത്ത് കയറി അനിൽജിത് ഇരിപ്പുറപ്പിക്കുന്നതിന് മുമ്പ് തന്നെ കെട്ടിട ഉടമയുടെ മകനും മറ്റൊരാളും ഓഫീസിലെത്തി ഇപ്പോൾ തന്നെ ഓഫീസ് ഒഴിയണമെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. അനിൽജിത് ഉടൻ തന്നെ ഓഫീസ് അകത്ത് നിന്നും പൂട്ടി ഓഫീസിലുണ്ടായിരുന്ന ഒരു ലക്ഷത്തിലധികം വരുന്ന പണം എണ്ണിത്തിട്ടപ്പെടുത്തി ബാഗിലിടാൻ ശ്രമിക്കുന്നതിനിടയിൽ നേരത്തെ വന്നവർ ഓഫീസിന്റെ വാതിൽ ചവിട്ടിതുറന്ന് അനിൽജിതിനെ അക്രമിച്ച് പണം കൈക്കലാക്കുകയും ചെയ്തു. ഓഫീസിനെ പേപ്പറുകളിൽ ആണിയടിക്കാനായി ഉപയോഗിക്കുന്ന കട്ടിയുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അനിൽജിതിനെ മുഖത്തും കൈകളിലും പരിക്കേൽപിച്ച് പണവുമായി പുറത്തിറങ്ങി അനിൽജിതിനെ ഓഫീസിനകത്തിട്ട് വാതിൽ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.
ഉടൻ തന്നെ സമീപത്തുള്ള പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും പൊലീസുകാർ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണറുടെ ഓഫീസിൽ അനിൽജിത് ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കമ്മീഷണർ ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് അനിൽജിതിനെ ഓഫീസിൽ നിന്നും മോചിപ്പിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിൽജിത് ആശുപത്രിയിൽ പോയ സമയത്ത് തന്നെ അനിൽജിതിന്റെ പാർടണറായ കോഴിക്കോട് പാലാഴി സ്വദേശി ജാഫറിനെ പന്തീരങ്കാവ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ കെട്ടിട ഉടമയുടെ മക്കളും ഗുണ്ടകളും ചേർന്ന് മർദിക്കുയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഓഫീസിലുണ്ടായിരുന്ന കംബ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങൾ കെട്ടിട ഉടമയുടെ ഗുണ്ടകൾ നശിപ്പിക്കുകയും ചെയ്തു.
പ്രതിമാസം 20 ലക്ഷം രൂപയിലധികം വരുമാനമുണ്ടായിരുന്ന സ്ഥാപനം തുടക്കത്തിലെ സ്വന്തമാക്കാൻ വേണ്ടി കെട്ടിട ഉടമ ശ്രമിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ അനിൽജിത് ഓഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ഇതാണ് കെട്ടിട ഉടമയെ പ്രകോപിപ്പിച്ചത്. ഭീഷണിയിലൂടെ സ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമം പരാചയപ്പെട്ടതോടെ അനിൽജിതിനെ മർദ്ദിച്ച് സ്ഥാപനം പൂട്ടിക്കുകയായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കെട്ടിട ഉടമ കെഎം വിജയന് പന്തീരങ്കാവ് പൊലീസിലുള്ള സ്വാധിനം ഉപയോഗിച്ച് അനിൽജിത്തിനെ വ്യാജ കേസെടുത്തിരിക്കുകയാണ്. ഈ കേസിൽ പൊലീസ് അനിൽജിതിനെ അന്വേഷിക്കുന്നുണ്ടെങ്കിലും അനിൽജിത് ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഫോണും മറ്റുമെല്ലാം ഇപ്പോഴും പാലാഴിയിലുള്ള കെട്ടിടത്തിലാണ്.
വരുമാനമൊന്നുമില്ലാതെ ഇപ്പോൾ ഭക്ഷണത്തിന് പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് അനിൽജിത് ഇപ്പോഴുള്ളത്. 20 വർഷം മുമ്പ് സെക്യൂരിറ്റി ഓഫീസറായിട്ടാണ് അനിൽജിത് കോഴിക്കോടെത്തിയത്. പിന്നീട് വിവിധ കൊറിയർ കമ്പനികളുടെ ഫ്രാഞ്ചൈസികൾ നടത്തിയതിന് ശേഷമാണ് കഴിഞ്ഞ വർഷം സ്വന്തമായി കൊറിയർ കമ്പനി ആരംഭിച്ചത്. അത് നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നതിനിടയിലാണ് ഈ സംഭവങ്ങളെല്ലാമുണ്ടായത്.