ചെന്നൈ: മെഡിക്കൽ പഠനം നടക്കില്ലെന്ന് അറിഞ്ഞ് ദലിത് വിദ്യാർത്ഥിനി അനിത ആത്മഹത്യ ചെയ്തതിനെ തുടർന്നു തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം ആളിക്കത്തി.

ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും 'നീറ്റ്' കടമ്പയിൽ തട്ടി മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന അനിതയ്ക്ക് രക്തസാക്ഷി പിവേഷമാണ് എങ്ങും. കേന്ദ്രസർക്കാരിനെതിരെ ജെല്ലിക്കെട്ട് മോഡൽ സമരമാണ് അരങ്ങേറുന്നത്.

തലസ്ഥാനമായ ചെന്നൈയിലുൾപ്പെടെ വിദ്യാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി. ആയിരക്കണക്കിനു പേർ അറസ്റ്റിലായി. ചിലയിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയിലുള്ള പ്രതിഷേധം തടയാൻ മറീന ബീച്ചിൽ വൻ പൊലീസ് കാവൽ ഏർപ്പെടുത്തി.

കേന്ദ്രമന്ത്രി ഡോ.ഹർഷ്വർധന്റെ തമിഴ്‌നാട് സന്ദർശനം റദ്ദാക്കി. നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിവിധ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും അനിതയുടെ വീടിനു സമീപം അനിശ്ചിതകാല സമരം ആരംഭിച്ചു.