തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിച്ചിട്ട് പോയിട്ടും വീട്ടുജോലിക്ക് പോയും കടംവാങ്ങിയും ഒരു വീടെന്ന സ്വപ്‌നം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലായിരുന്നു അനിത. പക്ഷേ വിധിയുടെ ക്രൂരത അനിതയുടെ മക്കളെ ഒരു പകൽ കൊണ്ട് ആരുമില്ലാത്തവരാക്കി മാറ്റി. ഇന്ന് ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ എത്തിച്ചത് അനിതയുടെ ചേതനയില്ലാത്ത ശരീരമാണ്.ചരക്കുലോറിയുടെ പിൻവശത്തുനിന്ന് അഴിഞ്ഞുവീണ കയറിൽ കുരുങ്ങി ഏറെദൂരം നിരങ്ങിനീങ്ങിയ സ്‌കൂട്ടർ മറിഞ്ഞാണ് യുവതി മരിച്ചത്. ഗൃഹപ്രവേശത്തിന്റെ തലേന്നാണ് പാറശാല കുളത്തൂർ ആറ്റുപുറം തുമ്പുകൽ ലക്ഷംവീട് കോളനിയിൽ അനിത (36)യുടെ ദാരുണാന്ത്യം.

ഇന്നലെ രാവിലെ 6.30നു കരമനകളിയിക്കാവിള ദേശീയപാതയിൽ കരമന പാലത്തിനു സമീപത്തായിരുന്നു അപകടം. വീട്ടുജോലിക്കായി ഉള്ളൂരിലെ ഡോക്ടറുടെ വീട്ടിലേക്കു സ്‌കൂട്ടറിൽ പോവുകയായിരുന്നു ഇവർ. മുന്നിൽ പോയ ലോറിയിൽ സാധനങ്ങൾ മറച്ച് ടാർപോളിനിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞ് സ്‌കൂട്ടറിന്റെ കിക്കറിൽ കുരുങ്ങി. അനിത നിലവിളിച്ചെങ്കില്ലും ലോറി ഡ്രൈവർ അറിഞ്ഞില്ല. കയറിൽ കുരുങ്ങി 70 മീറ്ററോളം നീങ്ങിയ സ്‌കൂട്ടർ ഡിവൈഡറിലേക്കു മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു

ഭർത്താവ് ഉപേക്ഷിച്ച അനിത വീട്ടുജോലി ചെയ്തും കടംവാങ്ങിയും പണിത വീടിന്റെ ഗൃഹപ്രവേശം ഇന്നു നടത്താനിരിക്കെയാണ് ദുരന്തം. തമിഴ്‌നാട്ടിൽ നിന്നു ചാലയിലേക്കു സാധനങ്ങൾ കയറ്റി വരികയായിരുന്നു ലോറി. ലോറി ഡ്രൈവർ തമിഴ്‌നാട് തിരുച്ചി സ്വദേശി ചക്രവർത്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. പ്ലസ് വൺ വിദ്യാർത്ഥിയായ അങ്കിത്, എട്ടിലും ആറിലും പഠിക്കുന്ന സൗമ്യ, അനൂഷ് എന്നിവരാണ് മക്കൾ.