- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഗ്രികൾച്ചറൽ ഫാമിലെ പ്രണയം തലയ്ക്ക് പിടിച്ച് മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ടു; ഗർഭിണിയായപ്പോൾ വില്ലത്തിയായി കൈനകരിക്കാരിയുടെ എൻട്രി; അനിതയെ കാമുകൻ കൊന്നത് രണ്ടാം കാമുകിയുടെ വീട്ടിലേക്ക് സ്നേഹം നടിച്ച് വിളിച്ചു വരുത്തി; പള്ളാത്തുരത്തിയിലെ കൊലയാളികളെ അതിവേഗം കണ്ടെത്തിയ കഥ
ആലപ്പുഴ: ഗർഭിണിയായതിനെ തുടർന്നാണ് പള്ളാത്തുരുത്തിയിൽ കാമുകൻ കാമുകിയായ യുവതിയെ മറ്റൊരു കാമുകിയുടെ സഹായത്താൽ കൊലപ്പെടുത്തി ആറ്റിൽ തള്ളിയതെന്ന് പൊലീസ്. പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യെയാണ് കാമുകൻ മലപ്പുറം സ്വദേശി പ്രതീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവർ ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ശനിയാഴ്ച ആറ്റിൽ തള്ളിയത്.
ഏറെ നാളായി അനിത രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം നാടു വിട്ടിരുന്നു. കായംകുളത്തെ ഒരു അഗ്രികൾച്ചർ ഫാമിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളർന്നപ്പോൾ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു വരികയായിരുന്നു.
ആലത്തൂരിലുള്ള ഒരു അഗ്രികൾച്ചർ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ പ്രതീഷിൽ നിന്നും ഗർഭിണിയാകുകയും ചെയ്തു. ഈ കാലയളവിൽ ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേർപെടുത്തി നിൽക്കുകയായിരുന്നു.
രജനിയുമായി ഒന്നിച്ചു കഴിഞ്ഞു വരികയായിരുന്ന പ്രതീഷ് ഗർഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ആലത്തൂരിൽ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോൾ അനിത ആറുമാസം ഗർഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേർന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി.
വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയൻതോടു പാലത്തിനു സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. അമ്പലപ്പുഴ ഡിവൈഎസ്‌പി എസ്‌പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നെടുമുടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്ഥിരീകരണം ലഭിച്ച് 5 മണിക്കുറിനകം പ്രതികളെ പിടികൂടാനായതായി ഡിവൈഎസ്‌പി പറഞ്ഞു. അനിതയുടെ മൃതദേഹം കഴിഞ്ഞ ദിവസം പുന്നപ്രയിലെ പൊതു ശ്മശാനത്തിൽ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മറവ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.